അടൂരിനെ പുകഴ്ത്തിയത് രഞ്ജിത്തിന് ഇഷ്ടപ്പെട്ടില്ല; ഒടുവിലിനെ തല്ലിയതിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ട് അഷ്റഫ്
ഒടുവിൽ ഉണ്ണികൃഷ്ണനെ രഞ്ജിത്ത് അടിച്ചുവെന്ന് ആദ്യം വെളിപ്പെടുത്തിയത് താൻ അല്ലെന്നും അത് ഇന്നസെന്റ് ആയിരുന്നെന്നും ആലപ്പി അഷ്റഫ്. എന്നാൽ ഇന്നസെന്റ് ആരുടേയും പേര് പറഞ്ഞിരുന്നില്ല. ആരോഗ്യമില്ലാത്ത വൃദ്ധനായ മനുഷ്യനെ ഒരു സംവിധായകൻ അടിച്ചു നിലത്തിട്ടു എന്നായിരുന്നു ഇന്നസെന്റിന്റെ തുറന്നുപറച്ചിൽ. അന്ന് അത് തിലകനാണെന്ന് പലരും തെറ്റിദ്ധരിച്ചു. താൻ ഇത് തുറന്നുപറഞ്ഞതിന് ശേഷം സിനിമാക്കാരിൽ പലരും വിളിച്ചു. സംഭവം തങ്ങൾക്കും അറിയാമായിരുന്നെന്നാണ് അവരെല്ലാം പറഞ്ഞത്.
”രഞ്ജിത്തുമായിട്ട് വളരെ സൗഹൃദമുള്ളയാളായിരുന്നു ഞാൻ. പക്ഷേ ഒടുവിലിനെ തല്ലിയതിന് ശേഷം വലിയ അടുപ്പം കാണിച്ചിട്ടില്ല. അദ്ദേഹത്തെ കാണുമ്പോൾ തന്നെ ഞാൻ മാറിക്കളയുമായിരുന്നു. അന്ന് ആരും എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന് ചോദിച്ചു കഴിഞ്ഞാൽ, ഒരു സിനിമാ യൂണിറ്റിൽ ഒരു പ്രശ്നമുണ്ടായാൽ അത് തീർക്കാനാണ് എല്ലാവരും നോക്കുന്നത്. ഒടുവിലോ രഞ്ജിത്തോ പിണങ്ങി പോയിക്കഴിഞ്ഞാൽ ഷൂട്ടിംഗ് നിൽക്കും. നഷ്ടം പ്രൊഡ്യൂസർക്കാണ്. അതിനിടയിൽ ആർക്കും രഞ്ജിത്തിനെ കയറി അടിക്കാൻ കഴിയില്ല. തെറ്റായി പോയി എന്ന് പറഞ്ഞിട്ടുണ്ട്.
അവാർഡ് സിനിമകളെ കുറിച്ചുള്ള ചർച്ചയാണ് രഞ്ജിത്തും ഒടുവിലും തമ്മിൽ സംഭവദിവസം നടന്നത്. ഒടുവിൽ ഭയങ്കര അടൂർ ഗോപാലകൃഷ്ണൻ ഭക്തനാണ്. അടൂരിനെ പുകഴ്ത്തിയത് രഞ്ജിത്തിന് ഇഷ്ടപ്പെട്ടില്ല. ഇതാണ് അടിയിലേക്ക് നയിച്ചത്. സംഭവം നടന്ന ഉടൻ തന്നെ ഒടുവിൽ സ്ഥലം വിട്ടു. കരഞ്ഞുകൊണ്ടാണ് അദ്ദേഹം ലൊക്കേഷനിൽ നിന്ന് പോയത്. രണ്ടുദിവസത്തേക്ക് അദ്ദേഹത്തിന് വർക്ക് വച്ചില്ല. വലിയ മ്ളാനത അതിനുശേഷം ഒടുവിലിന് ഉണ്ടായിരുന്നു”.
Source link