ബാലികയെ കോമയിലാക്കിയ അപകടത്തിലെ കാർ കണ്ടെത്തി, കുടുങ്ങിയത് ഒൻപതര മാസത്തിനു ശേഷം, വിദേശത്തേക്ക് കടന്ന പ്രതിയെ തിരിച്ചെത്തിക്കാൻ നടപടി

വടകര: ഒമ്പതു വയസുകാരിയെ ഇടിച്ചിട്ട കാർ ഒമ്പതര മാസത്തിനുശേഷം പൊലീസ് കണ്ടെത്തി. പുറമേരി മീത്തലേ പുനത്തിൽ ഷജീൽ ഓടിച്ച കെ.എൽ. 18 ആർ 1846 വെള്ള സ്വിഫ്റ്റ് കാറാണ് അപകടം വരുത്തിയത്. കാർ കസ്റ്റഡിയിലെടുത്തു. യു.എ.ഇയിലേക്ക് കടന്ന ഷജീലിനെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിച്ചതായി വടകര റൂറൽ എസ്.പി നിധിൻ രാജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഷജീൽ കുടുംബവുമായി സഞ്ചരിക്കവേയാണ് കണ്ണൂർ മേലെ ചൊവ്വ വടക്കൻ കോവിൽ സുധീറിന്റെയും സ്മിതയുടെയും മകൾ ദൃഷാനയെയും അമ്മൂമ്മ തലശ്ശേരി പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിനുസമീപം പുത്തലത്ത് ബേബിയെയും ഇടിച്ചിട്ടത്. വടകരയ്ക്ക് സമീപം ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിൽ രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടം.

ബന്ധുവീട്ടിലേക്ക് പോകാനായി ബസിറങ്ങി റോഡ് മുറിച്ചുകടക്കവേയാണ് ഇടിച്ചുതെറിപ്പിച്ചത്. ബേബി (62) മരിച്ചു. കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോമയിലാണ്.ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബെന്നിയുടെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘമാണ് അ​ന്വേഷിച്ചത്.

ഇൻഷ്വറൻസ്

ക്ളെയിം കുടുക്കി

1. വെള്ള മാരുതി സ്വിഫ്ട് കാറാണെന്നും വടകരയിലെ രജിസ്ട്രേഷനായ കെ.എൽ.18 ആണെന്നും ദൃക്സാക്ഷിയായ ഓട്ടോ ഡ്രൈവർ നൽകിയ സൂചന മാത്രമായിരുന്നു പിടിവള്ളി.

അപകടം നടന്നശേഷം കാർ ഭാര്യവീട്ടിൽ കൊണ്ടിട്ടിരിക്കുകയായിരുന്നു.

2. കാർ നന്നാക്കാൻ ഇൻഷ്വറൻസ് ക്ളെയിം ചെയ്തിരുന്നു.അതിലാണ് പ്രതിയും വാഹനവും കുടുങ്ങിയത്.ഫെബ്രുവരി 17നായിരുന്നു അപകടം. മാർച്ചിൽ മതിലിലിടിച്ചു കേടുപാടുണ്ടായെന്ന നിലയിലാണ് ക്ളെയിം കൊടുത്തിരുന്നത്.

3.ഫെബ്രുവരി 17ന് ശേഷമുള്ള ഇൻഷ്വറൻസ് ക്ളെയിമുകൾ പരിശോധിക്കുകയും ഈ വാഹനം അപകട സമയത്തോട് അടുപ്പിച്ച് വടകര-തലശേരി റോഡിലൂടെ സഞ്ചരിച്ചെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തുകയും ചെയ്തതോടെയാണ് പിടിവീണത്.


Source link
Exit mobile version