തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർദ്ധനയിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തും. കെപിസിസി നിർദേശപ്രകാരം കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ആദ്യ പ്രതിഷേധം.
ഇന്ന് വൈകിട്ട് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു. നിരക്ക് കൂട്ടിയ നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ ആവശ്യപ്പെട്ടിരുന്നു. ധിക്കാരപരമായ തീരുമാനമെന്നായിരുന്നു സുധാകരൻ വിശേഷിപ്പിച്ചത്. വർദ്ധനയിൽ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും വ്യക്തമാക്കിയിരുന്നു.
യൂണിറ്റിന് 16 പൈസയുടെ വർദ്ധനവാണ് ഇപ്പോൾ വരുത്തിയിരുക്കുന്നത്. വ്യാഴാഴ്‌ച മുതൽ പ്രാബല്യത്തിൽ വന്ന രീതിയിലാണ് ഉത്തരവിറക്കിയിട്ടുള്ളത്. അടുത്തവർഷം യൂണിറ്റിന് 12 പൈസ വർദ്ധിപ്പിക്കുമെന്നും ഉത്തരവിലുണ്ട്. വ്യാവസായിക മേഖലയിൽ ശരാശരി രണ്ട് ശതമാനത്തിന്റെ നിരക്ക് വർദ്ധനവും വരുത്തിയിട്ടുണ്ട്.
വൈദ്യുതി ബോർഡ് 30 പൈസയുടെ വർദ്ധനവാണ് ആവശ്യപ്പെട്ടത്. എന്നാൽ റെഗുലേറ്ററി കമ്മിഷൻ ഇത് തള്ളുകയായിരുന്നു. സമ്മർ താരിഫ്, ഫിക്‌സഡ് ചാർജ് എന്നിവ വേണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ആദ്യത്തെ 40 യൂണിറ്റ് വരെ നിരക്ക് വർദ്ധനവ് ബാധകമല്ല. തുടർന്ന് അതിന് മുകളിൽ വരുന്ന യൂണിറ്റുകൾക്കാണ് വിവിധ തലത്തിലുള്ള നിരക്ക് വർദ്ധന ബാധകമാവുക.
Source link