കൊച്ചി: വയനാട് പുനരധിവാസത്തിന് എസ്‌ഡിആർഎഫിൽ (സ്റ്റേറ്റ് ഡിസാസ്റ്റർ റിലീഫ് ഫണ്ട്) നിന്ന് എത്ര രൂപ ചെലവഴിക്കാനാകുമെന്നതിനെ കുറിച്ചുള്ള കണക്കുകൾ വ്യക്തമാക്കാത്തതിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കണക്കുകൾ കൃത്യമായി നൽകിയില്ലെങ്കിൽ കേന്ദ്രം എങ്ങനെ സംസ്ഥാനത്തിന് പണം നൽകുമെന്നും ഡിവിഷൻ ബെഞ്ച് ചോദിച്ചു.
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ എസ്‌ഡിആർ ഫണ്ടിലെ കാര്യങ്ങൾ വിശദീകരിക്കാൻ ഫിനാൻഷ്യൽ ഓഫീസർ നേരിട്ട് ഹാജരായിട്ടുപോലും കോടതിയുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകാൻ കഴിഞ്ഞില്ല. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ആരോപണ – പ്രത്യാരോപണങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു.
എസ്‌ഡിആർഎഫിൽ എത്ര പണമുണ്ടെന്ന ചോദ്യത്തിന് 677 കോടി എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ മറുപടി. കേന്ദ്ര സർക്കാർ എത്ര രൂപ തന്നു എന്ന ചോദ്യത്തിന്, രണ്ട് തവണയായി 291 കോടി രൂപ കേന്ദ്രം എസ്‌ഡിആർഎഫിലേക്ക് നൽകിയെന്ന് സംസ്ഥാനം അറിയിച്ചു. ഇതിൽ 97 കോടി രൂപ സംസ്ഥാനത്തിന്റെ വിഹിതവും കൂടി ചേർത്താണുള്ളത്. ഇതിൽ 95 കോടി രൂപ സംസ്ഥാന സർക്കാർ, വയനാട്ടിലേത് ഉൾപ്പെടെയുള്ള മറ്റ് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുകയും ചെയ്‌തു. ഇനി അവശേഷിക്കുന്നത് 677 കോടി രൂപയാണ്.
ഇതിൽ എത്ര പണം വയനാടിന്റെ പുനരധിവാസത്തിനായി ചെലവഴിക്കുമെന്ന ചോദ്യത്തിനാണ് സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ ഉത്തരമില്ലാതെ പോയത്. കണക്കുകൾ വ്യാഴാഴ്‌ച സമർപ്പിക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതോടെ വാദം പന്ത്രണ്ടാം തീയതിയിലേക്ക് മാറ്റി.
Source link