KERALAM

ദിലീപിന്റെ ശബരിമല ദർശനം: വിജിലൻസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു,​ വിശദ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും

പത്തനംതിട്ട : ശബരിമലയിൽ നടൻ ദിലീപ് വി.ഐ.പി പരിഗണനയിൽ ദർശനം നടത്തിയ സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വിജിലൻസ് ദേവസ്വം ബോർഡിന് കൈമാറി. ദേവസ്വം വിജിലൻസ് എസ്.പിയാണ് അന്വേഷണ റിപ്പോർട്ട് ദേവസ്വം ബോർഡിന് കൈമാറിയത്. പ്രാഥമിക റിപ്പോർട്ടാണ് കൈമാറിയതെന്നും തിങ്കളാഴ്ച വിശദമായ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറുമെന്നും ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ മുരാരി ബാബു വ്യക്തമാക്കി. സിസി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കോടതിക്ക് കൈമാറുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കും. നിലവിൽ സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകരുതെന്നാണ് ബോർഡ‌ിന്റെയും പൊലീസിന്റെ നിർദ്ദേശമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.

സംഭവത്തിൽ ഹൈക്കോടതി ദേവസ്വം ബോർഡിനോട് വിശദീകരണം തേടിയിരുന്നു. വിഷയം ചെറുതായി കാണാനാകില്ലെന്ന് പറഞ്ഞ കോടതി സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാനും നിർദേശിച്ചിരുന്നു. ഇന്നലെയാണ് നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തിയത്. രാത്രി നട അടയ്‌ക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ദർശനം നടത്തിയത്. ഹരിവരാസനം പൂർത്തിയായി നടയടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. കഴിഞ്ഞ വർഷങ്ങളിലും ദിലീപ് ശബരിമല ദർശനം നടത്തിയിരുന്നു. ദിലീപിന് വിഐപി പരിഗണന ലഭിച്ചോ എന്നാണ് ഹൈക്കോടതി ഇപ്പോൾ പരിശോധിക്കുന്നത്.


Source link

Related Articles

Back to top button