കൊച്ചി സ്മാർട്ട് സിറ്റി : ടീകോമിനെ ഒഴിവാക്കും
തിരുവനന്തപുരം: ആഗോളനിക്ഷേപം കേരളത്തിലേക്കു കൊണ്ടുവരുമെന്ന പ്രഖ്യാപനത്തോടെ തുടങ്ങിയ സ്മാർട്ട്സിറ്റി കൊച്ചി പദ്ധതി നടത്തിപ്പിൽ നിന്ന് ദുബായ് ആസ്ഥാനമായുള്ള ടീ കോം കമ്പനിയെ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനം.
2011ൽ കരാറൊപ്പിട്ട പദ്ധതിയുടെ ആദ്യ ഘട്ടം യാഥാർഥ്യമായത് 2016ൽ. 13 വർഷത്തിനിപ്പുറവും പ്രഖ്യാപിതലക്ഷ്യങ്ങൾ ഒന്നും പാലിക്കാൻ കഴിയാതെ പദ്ധതി തന്നെ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് പ്രധാനപങ്കാളികളായ ടികോമിനെ ഒഴിവാക്കാനുള്ള
തീരുമാനം. സ്മാർട്ട് സിറ്റി പദ്ധതിയുടെ പ്രതിസന്ധി പരിശോധിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി നൽകിയ ശുപാർശ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു.
ടീകോമുമായി ചർച്ചകൾ നടത്തി പരസ്പര ധാരണയോടെ പിന്മാറ്റനയം രൂപകൽപ്പന ചെയ്യും. ടീകോമിനു നൽകേണ്ട നഷ്ടപരിഹാര തുക കണക്കാക്കുന്നതിന് ഇന്റിപെൻഡന്റ് ഇവാല്യുവേറ്ററെ നിയോഗിക്കാനും മന്ത്രിസഭ നിർദ്ദേശിച്ചു. ഇതിനായി ഐ.ടി.മിഷൻ ഡയറക്ടർ, ഇൻഫോപാർക്ക് സി.ഇ.ഒ, ഒ.കെ.ഐ.എച്ച് (ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിംഗ് ലിമിറ്റഡ്) എം.ഡി ഡോ. ബാജൂ ജോർജ്ജ് എന്നിവരടങ്ങുന്ന കമ്മിറ്റിയെ സർക്കാർ ചുമതലപ്പെടുത്തി.
കാക്കനാട് ഇൻഫോപാർക്കിനോട് ചേർന്നാണ് സ്മാർട്ട്സിറ്റി ഐ.ടി.ടൗൺഷിപ്പ്. 90,000 തൊഴിലവസരം, 88 ലക്ഷം ചതുരശ്രയടി വിസ്തൃതിയിൽ കെട്ടിടങ്ങൾ എന്നെല്ലാമുള്ള പ്രഖ്യാപനത്തോടെയാണ് പദ്ധതി പ്രവർത്തനം തുടങ്ങിയത്. എന്നാൽ ഇതൊന്നും വ്യവസ്ഥയനുസരിച്ച് പാലിക്കാൻ ടികോമിനായില്ല.ഇതോടെയാണ് പദ്ധതി പ്രതിസന്ധിയിലായത്. കേരള സർക്കാരിന് 16 ശതമാനവും ദുബായ് ഹോൾഡിങ്ങിന് 84 ശതമാനവുമാണ് ഓഹരിപങ്കാളിത്തമുള്ളത്. മുഖ്യമന്ത്രിയാണ് ഡയറക്ടർ ബോർഡ് ചെയർമാൻ.ഇതുവരെ ഒരു കെട്ടിടം മാത്രമാണ് സ്മാർട്ട് സിറ്റിയിലുള്ളത്.
ഐ.ടി. ഇതരം ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായി 37 കമ്പനികളാണ് ഇവിടെ എത്തിയത്. നിർമ്മാണപങ്കാളികളായി ആറു കമ്പനികൾ വേറെ. 2609 കോടി രൂപയുടെ നിക്ഷേപത്തിന് ഇതിനകം വഴിയൊരുക്കി. ഇതിൽ 1935 കോടി രൂപയുടെ നിർമ്മാണം സർക്കാർ നേരിട്ട് കണ്ടെത്തിയ കോഡെവലപ്പർമാരുടേതായി വന്നതാണ്. അത് പൂർത്തിയായിട്ടുമില്ല.
Source link