കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ടോയ്ലറ്റുകൾ നിർമ്മിക്കും, മുൻകൈയെടുത്തത് തദ്ദേശ വകുപ്പ്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡിപ്പോകൾ നിർദ്ദേശിക്കുന്ന സ്ഥലത്ത് തദ്ദേശസ്ഥാപനങ്ങൾ ടോയ്‌ലറ്റ് നിർമ്മിക്കും. വിദേശികളുൾപ്പെടെ നിരവധി യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകും. മാലിന്യമുക്തനവകേരളം പദ്ധതി കെ.എസ്.ആർ.ടി.സിയിൽ കാര്യക്ഷമമാക്കുന്നതിനായി മന്ത്രിമാരായ എം.ബി. രാജേഷിന്റെയും കെ.ബി.ഗണേഷ് കുമാറിന്റെയും നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്തെ 93 ഡിപ്പോകളിൽ 69 ഇടത്ത് കെ.എസ്.ആർ.ടി.സിയും ശുചിത്വമിഷനും ചേർന്ന് നടത്തിയ ഗ്യാപ്പ് അനാലിസിസിന്റെ അടിസ്ഥാനത്തിലായിരുന്നു യോഗം. ബാക്കി ഡിപ്പോകളിലും പഠനം ഉടൻ പൂർത്തിയാക്കും. 20നകം ഓരോ ഡിപ്പോയിലും നടപ്പിലാക്കാനാവുന്ന പദ്ധതികളുടെ വിശദമായ രൂപരേഖ തയ്യാറാക്കാൻ കെ.എസ്.ആർ.ടി.സിയെയും ശുചിത്വമിഷനെയും ചുമതലപ്പെടുത്തി. കൂടാതെ ബസുകളിൽ വേസ്റ്റ് ബിന്നുകളും സ്ഥാപിക്കും.

 കെ.എസ്.ആർ.ടി.സി മാലിന്യം നീക്കാൻ ക്ലീൻ കേരള

പ്രധാന ഡിപ്പോകളിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ഇ.ടി.പി (എഫ്ളുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ്) സ്ഥാപിക്കും. മലിനജലം ശുദ്ധീകരിക്കാൻ അണ്ടർഗ്രൗണ്ട് എസ്.ടി.പികളും മൊബൈൽ എസ്.ടി.പികളും ലഭ്യമാക്കും. മാലിന്യം കൈകാര്യം ചെയ്യാനാവശ്യമായ എം.സി.എഫുകൾ, ആർ.ആർ.എഫുകൾ, ആർ.ഡി.എഫ് പ്ലാന്റുകളും സാദ്ധ്യമായ സ്ഥലങ്ങളിൽ സ്ഥാപിക്കും. കെ.എസ്.ആർ.ടി.സിയുടെ മാലിന്യം നീക്കാൻ ക്ലീൻ കേരളാ കമ്പനിയുൾപ്പെടെയുള്ള സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി. മാലിന്യ സംസ്‌കരണ സൗകര്യം വിലയിരുത്തി ഡിപ്പോകൾക്ക് ശുചിത്വമിഷൻ ഗ്രീൻ ലീഫ് റേറ്റിംഗ് നൽകും. നവകേരള കർമ്മ പദ്ധതി കോ-ഓർഡിനേറ്റർ ഡോ. ടി.എൻ. സീമ, തദ്ദേശവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ, കെ.എസ്.ഡബ്ലിയു.എം.പി പ്രോജക്ട് ഡയറക്ടർ ദിവ്യ എസ്. അയ്യർ, കെ.എസ്.ആർ.ടി.സി സി.എം.ഡി പി.എസ്. പ്രമോജ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.


Source link
Exit mobile version