തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമ്മാണത്തിൽ ഓരോ മാസവും അഞ്ച് ശതമാനം പുരോഗതി ഉണ്ടായില്ലെങ്കിൽ കരാറുകാരനെ മാറ്റുമെന്ന് നാഷണൽ ഹൈവേ അതോററ്റി ഓഫ് ഇന്ത്യ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന ഉന്നതല യോഗത്തിലാണ് എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥർ ഇക്കാര്യമറിയിച്ചത്.
കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഒരോ സ്ട്രച്ചുകളുടെയും നിർമ്മാണ പുരോഗതി യോഗം അവലോകനം ചെയ്തു. 80 ശതമാനത്തിൽ കൂടുതൽ നിർമ്മാണ പുരോഗതി കൈവരിച്ച തലപ്പാടി- ചെങ്കള, കോഴിക്കോട് ബൈപ്പാസ്, രാമനാട്ടുകര- വളാഞ്ചേരി, വളാഞ്ചേരി- കാപ്പിരിക്കാട് സ്ട്രച്ചുകൾ മാർച്ച് 31ന് മുമ്പ് പൂർത്തീകരിക്കുമെന്ന് എൻ.എച്ച്.എ.ഐ അറിയിച്ചു.
ഭൂമിയേറ്റടുക്കലുമായി ബന്ധപ്പെട്ട 17,293 കേസുകളിൽ വേഗത്തിൽ തീർപ്പാക്കാൻ ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഭൂമി ഏറ്റെടുക്കലിന്റെ പുരോഗതി 90-95%വരെ പൂർത്തീകരിച്ചതായി യോഗം വിലയിരുത്തി. എൻ.എച്ച് 66ന്റെ നിർമ്മാണത്തിനായി 5,580 കോടി ഇതിനകം സംസ്ഥാനം മുടക്കിയിട്ടുണ്ട്. എൻ.എച്ച് 966ന്റെ നിർമ്മാണത്തിനായി 1,065 കോടിയും എൻ.എച്ച് 66നായി 237 കോടിയും നാഷണൽ ഹൈവേ അതോറിറ്റി കേരളത്തിനോട് ആവശ്യപ്പെടുന്നുണ്ട്.
മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, ജലവിഭവ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ.ബിജു, ദേശിയപാത റീജിയണൽ ഓഫീസർ ബി.എൽ.വീണ, കെ.എസ്.ഇ.ബി ചെയർമാൻ ബിജുപ്രഭാകർ, ജില്ലാ കളക്ടർമാർ, പ്രോജക്ട് ഡയറക്ടർമാർ, കരാറുകാർ തുടങ്ങിയവർ പങ്കെടുത്തു.
മണ്ണ് അപേക്ഷകളിൽ
തീരുമാനമെടുക്കണം
വിവിധ ജലാശയങ്ങളിൽ നിന്നും മണ്ണ് എടുക്കാനുള്ള അപേക്ഷകളിൽ വേഗത്തിൽ തീരുമാനം എടുക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഏഴോളം ജലസ്രോതസുകളിൽ നിന്ന് മണ്ണ് എടുക്കാനുള്ള അനുമതി എൻ.എച്ച്.എ.ഐ ചോദിച്ചിട്ടുണ്ട്. അഷ്ടമുടി, വേമ്പനാട്ട് കായൽ എന്നിവിടങ്ങളിൽ നിന്നുള്ളതിന് അനുമതി നൽകിയെന്നും ബാക്കിയുള്ളവ പരിശോധിച്ച് വരികയാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മണ്ണ് ലഭിക്കാത്തിനാലാണ് നിർമ്മാണ പ്രവൃത്തികൾക്ക് പ്രതീക്ഷിച്ച പുരോഗതിയുണ്ടാകാത്തതെന്ന് കരാറുകാർ പറഞ്ഞു.
നിർമ്മാണ പുരോഗതി
50ശതമാനത്തിൽ താഴെ
50 ശതമാനത്തിൽ താഴെ നിർമ്മാണ പുരോഗതിയുള്ള സ്‌ട്രെച്ചുകളെ സംബന്ധിച്ച് യോഗം വിലയിരുത്തി. അരൂർ- തുറവൂർ 41%, തുറവൂർ- പറവൂർ 27%, പറവൂർ- കൊറ്റംക്കുളങ്ങര 47%, കടമ്പാട്ടുകോണം- കഴക്കൂട്ടം 36%മാണ് നിർമ്മാണ പുരോഗതി. അരൂർ- തുറവൂർ റൂട്ടിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ആലപ്പുഴ, എറണാകുളം കളക്ടർമാർ പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
Source link