ആ നിലപാടിൽ സുരേഷ് ഗോപി ഉറച്ചുനിന്നു, അഭിനയത്തിന് പച്ചക്കൊടി വീശി ബിജെപി നേതൃത്വം; താടി വളർത്തിത്തുടങ്ങി
തൃശൂർ: സിനിമയിൽ അഭിനയിക്കണമെന്ന കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ ആവശ്യം ബിജെപി കേന്ദ്ര നേതൃത്വം അംഗീകരിച്ചെന്ന് സൂചന. ഉന്നത നേതൃത്വം തത്വത്തിൽ അനുമതി നൽകിയെന്നാണ് വിവരം. ഔദ്യോഗിക അനുമതി ഉടനുണ്ടാവും. ഇതോടെ സുരേഷ് ഗോപി ഉടൻ ക്യാമറയ്ക്ക് മുന്നിലെത്തും. ആദ്യ ഷെഡ്യൂളിൽ എട്ട് ദിവസമാണ് അനുവദിച്ചിരിക്കുന്നത്. ഇതോടെ സിനിമയിലെ കഥാപാത്രമാകാൻ സുരേഷ് ഗോപി താടിവളർത്തിത്തുടങ്ങി.
ഏറ്റെടുത്തിട്ടുള്ള പല പ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടു പോകാൻ വരുമാനം ആവശ്യമാണ്. അതുകൊണ്ട് അഭിനയം ഒഴിവാക്കാൻ കഴിയില്ലെന്നായിരുന്നു സുരേഷ് ഗോപി സ്വീകരിച്ച നിലപാട്. ഇതിനായി അനുമതി തേടിയിട്ടും ബിജെപി ഉന്നത നേതൃത്വം ഇതിൽ തീരുമാനമെടുത്തില്ല. അഭിനയിക്കാൻ അനുമതി നൽകുമെന്ന് കരുതി ‘ഒറ്റക്കൊമ്പൻ’ കഥാപാത്രത്തിന് വേണ്ടി അദ്ദേഹം മാസങ്ങളോളം താടി വളർത്തിയിരുന്നു. എന്നാൽ അനുമതി ലഭിക്കാൻ നീണ്ടതോടെ അദ്ദേഹം കഴിഞ്ഞ മാസം താടി ഉപേക്ഷിച്ചു.
ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്താണ്. ഷൂട്ടിംഗ് ഈ മാസം 29ന് ആരംഭിച്ചേക്കും. ജനുവരി അഞ്ച് വരെയാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ സെൻട്രൽ ജയിലുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പരമാവധി ഭാഗം ചിത്രീകരിക്കും. നവാഗതനായ മാത്യു തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയുടെ 250ാമത്തെ ചിത്രമായാണ് ഒറ്റക്കൊമ്പൻ ഒരുങ്ങുന്നത്. നേരത്തെ പ്രഖ്യാപിച്ചതും എന്നാൽ പല കാരണങ്ങളാൽ നീണ്ടുപോകുകയും ചെയ്ത ചിത്രമാണ് ഒറ്റക്കൊമ്പൻ.
ഷിബിൻ ഫ്രാൻസിസ് ആണ് രചന നിർവഹിക്കുന്നത്. ഷാജികുമാർ ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം ഹർഷവർദ്ധൻ രാമേശ്വർ. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മാണം. തൊണ്ണൂറ് ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്.
Source link