‘എനിക്ക് ജീവന്‍ പകുത്തു തന്നവള്‍ പോയി’; ‘പുഷ്പ’ പ്രദര്‍ശനത്തിനിടെ മരിച്ച ഭാര്യയുടെ ഓര്‍മകളില്‍ ഭര്‍ത്താവ്

‘എനിക്ക് ജീവന്‍ പകുത്തു തന്നവള്‍ പോയി’; ‘പുഷ്പ’ പ്രദര്‍ശനത്തിനിടെ മരിച്ച ഭാര്യയുടെ ഓര്‍മകളില്‍ ഭര്‍ത്താവ് | Pushpa 2
‘എനിക്ക് ജീവന്‍ പകുത്തു തന്നവള്‍ പോയി’; ‘പുഷ്പ’ പ്രദര്‍ശനത്തിനിടെ മരിച്ച ഭാര്യയുടെ ഓര്‍മകളില്‍ ഭര്‍ത്താവ്
മനോരമ ലേഖിക
Published: December 06 , 2024 12:49 PM IST
1 minute Read
പുഷ്പ ടു റിലീസ് പ്രദര്‍ശനത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ച ഭാര്യയുടെ നൊമ്പരപ്പെടുത്തുന്ന ഓര്‍മകളുമായി ഭര്‍ത്താവ്. ‘തനിക്ക് ജീവന്‍ പകുത്തു നല്‍കിയവളാണ് വിട്ടുപോയത്’, അവസാന ദിവസങ്ങളിലും കുട്ടികളുടെ സന്തോഷത്തിനായി ഓടി നടക്കുന്ന രേവതിയെ ഭര്‍ത്താവ് കണ്ണീരോടെ ഓര്‍ക്കുന്നു. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലെ ദുരന്തമാണ് ഒരു കുടുംബത്തെ കണ്ണീരിലാഴ്ത്തിയത്. വ്യാഴാഴ്ച ഹൈദരാബാദ് ആശുപത്രിയിൽ ശ്രീതേജ് ജീവനുവേണ്ടി മല്ലിടുമ്പോള്‍ അമ്മ രേവതിയുടെ മൃതദേഹം മോര്‍ച്ചറിയുടെ തണുപ്പിലായിരുന്നു. പുറത്ത് തീരാവേദനയുമായി രേവതിയുടെ ഭര്‍ത്താവ് ഭാസ്കറും. ഇടനെഞ്ച് പിടയുന്ന വേദനയിലും ആ നാല്‍പ്പതുകാരന്‍ പറഞ്ഞത് ഒന്നുമാത്രമാണ് ‘അവൾ എനിക്ക് ജീവൻ നൽകി, ഇപ്പോൾ അവൾ പോയി’. 2023ൽ കരള്‍ രോഗത്താല്‍ ഭാസ്കര്‍ വലഞ്ഞപ്പോള്‍ ഭാസ്കറിന്‍റെ ജീവന്‍ രക്ഷിക്കാനായി തന്‍റെ കരളിന്‍റെ ഒരുഭാഗം രേവതി ദാനം ചെയ്തിരുന്നു. മക്കള്‍ക്ക് വേണ്ടിയാണ് അവള്‍ ജീവിച്ചതു തന്നെ. മകന്‍റെ സന്തോഷത്തിനായാണ് പുഷ്പ കാണാനായെത്തിയതെന്നും ഭാസ്കര്‍ പറഞ്ഞു.
മൂന്ന് വർഷം മുമ്പ് ‘പുഷ്പ: ദി റൈസ്’ കണ്ടതിന് ശേഷമാണ് രേവതിയുടെയും ഭാസ്‌കറിന്‍റെയും മകനായ ഒന്‍പതുവയസുകാരന്‍ ശ്രീതേജ് അല്ലു അർജുൻ്റെ ആരാധകനായി മാറിയത്. താരത്തെ അനുകരിച്ചു നടന്ന കുട്ടിയെ അയല്‍ക്കാര്‍പോലും സ്നേഹത്തോടെ ‘പുഷ്പ’ എന്നാണ് വിളിച്ചിരുന്നത്. ശ്രീതേജും അനുജത്തി സാൻവിയും ‘പുഷ്പ 2: ദ റൂൾ’ കാണാനായി വാശിപിടിക്കുകയായിരുന്നു. ആ കൊച്ചു കുടുംബത്തിന്‍റെ സന്തോഷമാണ് തിയറ്ററിലെ തിക്കിലും തിരക്കിലും ഇല്ലാതായത്. നടന്‍ അല്ലു അര്‍ജുനും സംഗീത സംവിധായകന്‍ ദേവിശ്രി പ്രസാദും ആരാധകര്‍ക്കൊപ്പം സിനിമ കണ്ടിറങ്ങവേ ഉണ്ടായ തിക്കിലും തിരക്കിലുമാണ് ദുരന്തം. താരത്തെ ഒരു നോക്ക് കാണാൻ ആരാധകര്‍ തിരക്കുകൂട്ടി. ഈ സമയം ശ്രീതേജ് രേവതിക്കൊപ്പവും സാന്‍വി ഭാസ്കറിനൊപ്പവുമായിരുന്നു. ഇതിനിടെ സാന്‍വി കരായന്‍ തുടങ്ങി. തിരക്കിനടയില്‍ ഭാസ്കറും രേവതിയും രണ്ടിടത്തായി. സാൻവിയെ തിയേറ്ററിനോട് ചേർന്നുള്ള ബന്ധുവിന്‍റെ വീട്ടിലാക്കാന്‍ ഭാസ്കര്‍ തീരുമാനിച്ചു. തിരിച്ചു വരുമ്പോള്‍ ഭാര്യയും മകനും അവിടെയുണ്ടായിരുന്നില്ല. രേവതിയെ വിളിച്ചപ്പോള്‍ അവര്‍ തിയറ്ററിനകത്തുതന്നെയാണെന്നാണ് പറഞ്ഞത്. അപ്പോളായിരുന്നു താൻ അവളുടെ ശബ്ദം അവസാനമായി കേട്ടതെന്ന് ഭാസ്കർ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.
തിക്കിലും തിരക്കിലും മകനെ രക്ഷിക്കുന്നതിനിടയില്‍ രേവതിക്ക് മാരകമായി പരുക്കേറ്റിരുന്നു. മകനെ തേടി നടന്ന എന്‍റെ അടുത്ത് ആരോ ഒരു വിഡിയോ കാണിച്ചു. ഒരു അപരിചിതന്‍റെ കൈകളില്‍ എന്‍റെ മകന്‍. പൊലീസിന്‍റെ പട്രോളിംഗ് കാറിലാണ് അവനെ ആശുപത്രിയിലേക്ക് എത്തിക്കുന്നത്. അവനില്‍ ഒരു ചലനവും ഉണ്ടായിരുന്നില്ല. വ്യാഴം പുലർച്ചെ 2.30 വരെ എനിക്ക് രേവതിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. പിന്നീടാണ് പൊലീസുകാര്‍ വന്നു പറയുന്നത്. ഈ ലോകം തന്നെ ഇല്ലാതാകുന്നതായി എനിക്കുതോന്നി. ഭാസ്കര്‍ പറയുന്നു. തീരാനോവലും തന്‍റെ മകള്‍ സാന്‍വിക്കുവേണ്ടി പതറാതെ നില്‍ക്കാന്‍ ശ്രമിക്കുകയാണ് ആ അച്ഛന്‍. അതേസമയം, സംഭവത്തില്‍ നടൻ അല്ലു അർജുനെതിരെ പൊലീസ് കേസെടുക്കും. നടന്‍റെ ബൗൺസർമാർ ഉണ്ടാക്കിയ തിക്കും തിരക്കുമാണ് മുപ്പത്തൊമ്പതുകാരിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. താരത്തിന്‍റെ സന്ദർശനം അറിയിക്കാതിരുന്ന തിയേറ്റർ മാനജ്മെന്റും കേസിൽ പ്രതികളാണ്.
English Summary:
Pushpa 2 release stampede death
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-alluarjun 23bp209jdo5s6112hjf07u98hs mo-entertainment-movie f3uk329jlig71d4nk9o6qq7b4-list
Source link