ശബരിമല: ശബരിമല , മാളികപ്പുറം ക്ഷേത്രത്തിൽ തേങ്ങ ഉരുട്ടുന്നതും മഞ്ഞൾപ്പൊടി വിതറുന്നതും അനുവദിക്കേണ്ടെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ശബരിമല തന്ത്രിയും മാളികപ്പുറം മേൽശാന്തിയും. തേങ്ങയുരുട്ടൽ, മഞ്ഞൾപ്പൊടി വിതറൽ, വസ്ത്രം എറിയൽ തുടങ്ങിയവ ആചാരങ്ങളുടെ ഭാഗമല്ലെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. മഞ്ഞളും ഭസ്മവും നിക്ഷേപിക്കാൻ മാളികപ്പുറത്ത് പ്രത്യേകം സംവിധാനം ഏർപ്പെടുത്തണം. ഇത്തരം അനാചാരങ്ങൾ ഒഴിവാക്കുന്നതിനെക്കുറിച്ച് മുമ്പും പ്രതികരിച്ചിട്ടുണ്ട്. ഹൈക്കോടതി നിർദേശം നടപ്പിലാക്കാൻ ദേവസ്വം ബോർഡ് മുൻകൈയെടുക്കണമെന്നും തന്ത്രി പറഞ്ഞു. അനാചാരങ്ങൾ നടത്തുന്നതിൽ നിന്ന് ഭക്തരെ പിന്തിരിപ്പിക്കാൻ പ്രത്യേകം ജീവനക്കാരെ ക്ഷേത്ര പരിസരത്ത് നിയോഗിക്കണമെന്ന് മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി ആവശ്യപ്പെട്ടു.
ശബരിമല ഫോട്ടോ ഷൂട്ടിൽ നടപടി
ശബരിമല പതിനെട്ടാംപടിയിൽ ഫോട്ടോ ഷൂട്ട് നടത്തിയ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ചീഫ് പൊലീസ് കോ-ഓർഡിനേറ്റർ എ.ഡി.ജി.പി എസ്. ശ്രീജിത്ത് കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ നിയമപരമായ നടപടി സ്വീകരിക്കാമെന്ന് വ്യക്തമാക്കിയ കോടതി തുടർനടപടികൾ അവസാനിപ്പിച്ചു. പരിചയസമ്പന്നരായ പൊലീസുകാരെയാണ് ശബരിമലയിൽ നിയോഗിച്ചതെന്നും മികച്ച സേവനമാണ് അവർ നടത്തുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.
പതിനെട്ടാംപടിയിലും ശ്രീകോവിലിനു സമീപവും വ്ലോഗർമാരടക്കമുള്ളവർ ഫോട്ടോ എടുക്കുന്നത് തടയണം. അല്ലാത്തപക്ഷം ദേവസ്വം ബോർഡിന്റെ പ്രത്യേക അനുമതി വേണം.ഡിസംബർ ഒന്നുമുതൽ ആറുവരെയുള്ള സുരക്ഷാ നിയന്ത്രണത്തെക്കുറിച്ചും പൊലീസ് വിശദീകരണം നൽകി. നിയന്ത്രണത്തെക്കുറിച്ച് തീർത്ഥാടകരെ മുൻകൂർ അറിയിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. നിലയ്ക്കൽ മുതൽ ഇക്കാര്യങ്ങൾ അനൗൺസ് ചെയ്യണം.
Source link