ശബരിമലയിൽ തോരാമഴ; ജാഗ്രതാനിർദ്ദേശം

ശബരിമല : ശബരിമലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ തീർത്ഥാടകർക്ക് ജാഗ്രതാനിർദ്ദേശം. ശനിയാഴ്ച വൈകിട്ട് തുടങ്ങിയ മഴ ഇന്നലെ വൈകിട്ടും തുടർന്നു. സന്നിധാനം,പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ രണ്ട് സെന്റീമീറ്റർ മഴയ്ക്കും 40 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാദ്ധ്യതയുള്ളതിനാൽ മഞ്ഞ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 2011 ൽ മലവെള്ളപ്പാച്ചിൽ ഉണ്ടായ ചരൽമേട്ടിൽ സംയുക്തസേന പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കൽ,പത്തനംതിട്ട,കോട്ടയം,എരുമേലി തുടങ്ങിയ പ്രധാന ഇടത്താവളങ്ങളിൽ വാഹനങ്ങൾ തടഞ്ഞിടുന്നുണ്ട്. മുൻവർഷങ്ങളിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടായ പമ്പയിലെ ചില ഭാഗങ്ങളിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷം പാർക്കിംഗിന് നിയന്ത്രണം ഏർപ്പെടുത്തി. പമ്പാ നദിയിൽ ജല നിരപ്പ് ഉയർന്നാൽ ഈ ഭാഗത്തെ വാഹനങ്ങൾ നിലയ്ക്കൽ ബേസ് ക്യാമ്പിലേക്ക് മാറ്റും. ഡ്രൈവർമാർ വാഹനത്തിൽത്തന്നെ കാണണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. പമ്പാസ്നാനത്തിനും നിയന്ത്രണമുണ്ട്. പുല്ലുമേട് വഴിയുള്ള യാത്രയ്ക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പാതയിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാദ്ധ്യതയുള്ളതിനാൽ മലകയറുന്നതിനും ഇറങ്ങുന്നതിനും നിയന്ത്രണമുണ്ട്. വിവിധ കേന്ദ്രങ്ങളിൽ കൺട്രോൾ റൂമുകളും സജ്ജമാണ്. ഇന്നലെ മഴയും മൂടൽമഞ്ഞും മൂലം തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായി.

നേരത്തെ ബുക്കുചെയ്ത തീർത്ഥാടകർ കാലാവസ്ഥ അനുകൂലമാകുമ്പോൾ കൂട്ടത്തോടെ എത്തിയാൽ,ദർശനം ഒരുക്കുന്നതിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് പൊലീസുമായി ആലോചിച്ച് തീരുമാനമെടുക്കും.

– പി.എസ്. പ്രശാന്ത്,

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്

ഫെ​യ്ഞ്ച​ൽ​ ​ചു​ഴ​ലി​ക്കാ​റ്റ്

ഇ​ന്ന് ​അ​തി​തീ​വ്ര​ ​മഴ

തിരുവനന്തപുരം: പുതുച്ചേരിയിൽ തീരം തൊട്ട ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കേരളത്തിൽ തുലാവർഷം ശക്തമാകും. ഇന്നും നാളെയും അതിതീവ്രമഴയ്ക്ക് സാദ്ധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ

ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4മില്ലീ മീറ്ററിൽ കൂടുതൽ മഴ ലഭിക്കും.കേരള തീരത്ത് ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യബന്ധനം പാടില്ല. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ശ്രദ്ധിക്കാൻ

അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ല കൺട്രോൾ റൂമുകൾ തുറന്നു. അപകട സാദ്ധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം. കെ.എസ്.ഇ.ബി കൺട്രോൾ റൂം – 1912.


Source link
Exit mobile version