അലങ്കാര മത്സ്യങ്ങളുടെ കൃത്രിമ പ്രജനനം വിജയം

വിഴിഞ്ഞം:സമുദ്ര അലങ്കാരമത്സ്യങ്ങളുടെ വിത്തുല്പാദനത്തിൽ വിഴിഞ്ഞത്തെ കേന്ദ്ര സമുദ്രമത്സ്യ ​ഗവേഷണ സ്ഥാപനത്തിന് ( സി.എം.എഫ്.ആർ.ഐ) നിർണായക നേട്ടം. ഉയർന്ന വിപണി മൂല്യമുള്ള കടൽ വർണമത്സ്യങ്ങളായ അസ്യൂർ ഡാംസൽ, ഓർണേറ്റ് ഗോബി വിഭാ​ഗങ്ങളിലെ രണ്ട് മീനുകളുടെ കൃത്രിമ വിത്തുൽപാദനം വിജയിച്ചു. അലങ്കാരമത്സ്യ പ്രേമികളുടെ ഇഷ്ട വർണ്ണ മത്സ്യങ്ങളാണിവ.

പവിഴപ്പുറ്റുകളിലാണ് അസ്യൂർ ഡാംസലിന്റെ ആവാസകേന്ദ്രം. കടുംനീല-മഞ്ഞ നിറങ്ങളും ചടുലമായ നീന്തലുമാണ് ആകർഷണീയത. വംശനാശഭീഷണി നേരിടുന്ന മത്സ്യമാണിത്. അലങ്കാര മത്സ്യവിപണിയിൽ 350 രൂപ വരെ വിലയുണ്ട്. വിദേശ വിപണിയിൽ 25 ഡോളർ വരെ ലഭിക്കും.

മറൈൻ അക്വേറിയങ്ങളിലെ ജനപ്രിയ മത്സ്യങ്ങളിലൊന്നാണ് ഓർണേറ്റ് ​ഗോബി. തിളങ്ങുന്ന കണ്ണുകളും നീലയും തവിട്ട് -ചുവപ്പ് – വെള്ള പുള്ളികളും ഭം​ഗി കൂട്ടുന്നു. ഒന്നിന് 250 രൂപ വരെ വിലയുണ്ട്.

അക്വേറിയം സംരംഭകർക്കും അലങ്കാരമത്സ്യ കർഷകർക്കും വിത്തുൽപാദനം സ്വന്തമായി നടത്താം. ഉൽപാദനച്ചെലവ് കുറവാണ്

സാങ്കേതികവിദ്യ കർഷകർക്ക് കൈമാറാനും പരിശീലനം നൽകാനും സി.എം.എഫ്.ആർ.ഐ ഒരുക്കമാണെന്ന് ഡയറക്ടർ ​ഡോ. ​ഗ്രിൻസൺ ജോർജ് പറഞ്ഞു. വർഷം 24,000 മത്സ്യക്കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കുന്ന ഇടത്തരം യൂണിറ്റിൽ നിന്ന് 12 ലക്ഷം രൂപ വാർഷിക വരുമാനമുണ്ടാക്കാമെന്ന് സി.എം.എഫ്.ആർ.ഐ പറയുന്നു.

വിഴിഞ്ഞം കേന്ദ്രത്തിലെ മേധാവി ഡോ.ബി.സന്തോഷ്, പ്രിൻസിപ്പൽ സയന്റിസ്റ്റ്

ഡോ.കൃഷ്ണ സുകുമാരൻ, സയന്റിസ്റ്റ് ഡോ. അംബരീഷ് പി.ഗോപ്, ഗവേഷക വിദ്യാർത്ഥികളായ മുഹമ്മദ് അൻസീർ, കെ.എസ്. അനീഷ്, അർച്ചന സതീഷ്, അക്വേറിയം ജീവനക്കാരായ നിഷ,അഖിൽ എന്നിവരാണ് വിജയത്തിനു പിന്നിൽ.


Source link
Exit mobile version