KERALAM

സിൽവർലൈൻ ഭാവി കേരളത്തിന്റെ ഈടു വയ്പെന്ന് മുഖ്യമന്ത്രി

കൊല്ലം∙ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുള്ള സിൽവർ ലൈൻ അടക്കമുള്ള പദ്ധതികൾ ഭാവി കേരളത്തിന്റെ ഈടുവയ്പ്പുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ചവറ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺ​സ്ട്രക്ഷൻ സംഘടിപ്പിച്ച അന്താരാഷ്ട്ര കോൺ​ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വസ്തുതാ വിരുദ്ധവും അശാസ്ത്രീയവുമായ ആക്ഷേപങ്ങൾ ഉന്നയിച്ച് വികസന പ്രവർത്തനങ്ങൾക്ക് തടയിടാൻ ചിലർ പരിശ്രമിക്കുന്നത് നാടിനും ഭാവി തലമുറയ്ക്കും ഗുണകരമാകില്ല.പ്രകൃതി സൗഹൃദ നിർമാണമെന്നാൽ‌ വികസനത്തെ പുറത്തു നിറുത്തിക്കൊണ്ടുള്ള മുന്നേറ്റമല്ല. വിഴിഞ്ഞം തുറമുഖത്തിനു കൂടി ഗുണകരമാകുന്ന തിരുവനന്തപുരം റിംഗ് റോഡ്, കൊച്ചി- കോയമ്പത്തൂർ വ്യാവസായിക ഇടനാഴി, പാലക്കാട് സ്മാർട്ട് സിറ്റി, ഐ.ടി കോറിഡോർ തുടങ്ങിയവ ഭാവി തലമുറയെ ഉദ്ദേശിച്ചുള്ളതാണ്. കുറഞ്ഞ സ്ഥലത്തെ കൂടുതൽ സൗകര്യപ്രദമായി, സുസ്ഥിരതയാർന്ന നിലയിൽ ഉപയുക്തമാക്കുക എന്നതാകണം നയം. എട്ടര വർഷത്തിനിടയിൽ കിഫ്ബി മുഖേന മാത്രം 90,000 കോടിയോളം രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഏറ്റെടുത്തു. പതിറ്റാണ്ടുകളോളം കാത്തിരുന്നാലും യാഥാർത്ഥ്യമാകില്ലെന്ന് പലരും കരുതിയ പദ്ധതികൾ പോലും യാഥാർത്ഥ്യമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കെ. എൻ. ബാലഗോപാൽ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ജെ. ചിഞ്ചുറാണി വിശിഷ്ടാതിഥിയായി. ഐ.ഐ.ഐ.സി ഡയറക്ടർ പ്രൊഫ. ബി. സുനിൽ കുമാർ കോണ്‍ക്ലേവിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിവരിച്ചു. മുൻമന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, ഷിബു ബേബി ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ, സി.എസ്.ഐ.ആർ ഡയറക്ടർ ഡോ. മനോരഞ്ജൻ പരിദാ, നാഷണൽ കൗൺ​സിൽ ഫോർ സിമന്റ് ആൻഡ് ബിൽഡിംഗ് മെറ്റീരിയൽസ് ഡയറക്ടർ ജനറൽ ഡോ. എൽ.പി. സിംഗ്, അരിസോണ സർവ്വകലാശാലയിലെ പ്രൊഫ. നാരായണൻ നെയ്താലത്ത്, മദ്രാസ് ഐ.ഐ.ടിയിലെ പ്രൊഫ. കോശി വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി.പി. സുധീഷ് കുമാർ, ആസൂത്രണബോർഡ് അംഗം ഡോ. കെ. രവിരാമൻ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, നീണ്ടകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജീവൻ, നീണ്ടകര പഞ്ചായത്ത് അംഗം പി.ആർ. രജിത്ത്, ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി, എം.ഡി എസ്. ഷാജു എന്നിവർ സംസാരിച്ചു.


Source link

Related Articles

Back to top button