തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന; ശബരിമലയ്ക്ക് ഇത് റെക്കോഡ് മണ്ഡലകാലം

പത്തനംതിട്ട: ഭക്തജനത്തിന്റെ ഒഴുക്ക് തുടരുന്ന ശബരിമല ക്ഷേത്രത്തിലെ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ റെക്കോഡ്. നടതുറന്നത് മുതല്‍ ഡിസംബര്‍ അഞ്ചിന് രാവിലെ 11 മണി വരെയുള്ള ഔദ്യോഗിക കണക്ക് അനുസരിച്ച് 15 ലക്ഷത്തോളം ഭക്തരാണ് അയ്യനെ കാണാനെത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലു വരെ എത്തിയത് 10,04,607 തീര്‍ഥാടകരാണ് മല ചവിട്ടിയതെങ്കില്‍ ഈ വര്‍ഷം അത് 14,62,864 ആയി ഉയര്‍ന്നു. 4.58 ലക്ഷമാണ് വര്‍ദ്ധനവ്.
ശബരിമലയില്‍ ഇന്ന് രാവിലെ മൂന്നിനു നട തുറന്നതു മുതല്‍ ഉച്ചയ്ക്ക് 12 വരെയുള്ള കണക്കനുസരിച്ച് 37844 തീര്‍ഥാടകരാണ് ദര്‍ശനം നടത്തിയത്. തത്സമയ ബുക്കിങിലൂടെ 6,531 പേരും ദര്‍ശനം നടത്തി. ഇന്നലെ ആകെ 70,529 പേരാണ് ദര്‍ശനം നടത്തിയത്. തത്സമയ ബുക്കിങിലൂടെ 12,106 പേരും ദര്‍ശനം നടത്തി. പമ്പവഴി 69,948 പേരും പുല്ലുമേടുവഴി 581 പേരും ദര്‍ശനം നടത്തി. അതേസമയം, തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ശബരിമലയിലെ മാലിന്യവും ഉയര്‍ന്നിരിക്കുകയാണ്.
നടതുറന്നത് മുതല്‍ ഇതുവരെ 1640 ലോഡ് മാലിന്യം നീക്കിയിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കണക്കാണിത്. ദിവസവും 35 ലോഡു മാലിന്യമാണ് സന്നിധാനത്ത് നിന്നും ദിവസവും നീക്കം ചെയ്യുന്നത്. അഞ്ച് ട്രാക്ടറുകളില്‍ അപ്പാച്ചിമേട് മുതല്‍ പാണ്ടിത്താവളം വരെയുള്ള പ്രദേശങ്ങളിലെ മാലിന്യം ശേഖരിക്കുന്ന വിശുദ്ധി സേന ദേവസ്വം ബോര്‍ഡിന്റെ പാണ്ടിത്താവളത്തുള്ള മൂന്ന് ഇന്‍സിനിറേറ്ററുകളില്‍ എത്തിച്ചാണ് സംസ്‌കരിക്കുന്നത്. ആയിരം ജീവനക്കാരെയാണ് ശബരിമലയും പരിസരവും വൃത്തിയാക്കാനായി നിയോഗിച്ചിട്ടുള്ളത്. സന്നിധാനത്ത് മാത്രം 300 വിശുദ്ധി സേന വോളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നു.
Source link