നായനാരുടെ പ്രിയ ടീച്ചർ നവതിയുടെ നിറവിൽ
കണ്ണൂർ: ‘ഞാനും സഖാവും തമ്മിൽ പതിനാറ് വയസിന്റെ വ്യത്യാസമുണ്ട്. വിവാഹം കഴിയുമ്പോൾ അദ്ദേഹം കോഴിക്കോട് പാർട്ടി ജില്ലാ സെക്രട്ടറിയാണ്. വല്ലപ്പോഴേ വീട്ടിൽ വരൂ. സഖാവിന് പാർട്ടി കഴിഞ്ഞേ കുടുംബമുള്ളൂ”.- ചുവരിൽ ചിരിച്ചുകൊണ്ടുള്ള മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഫോട്ടോയിൽ നോക്കി നവതിയുടെ നിറവിൽ ശാരദ ടീച്ചർ പൊട്ടിച്ചിരിച്ചു.
ടീച്ചറുടെ നവതി കുടുംബം നാളെ വിപുലമായി ആഘോഷിക്കും. തളിപ്പറമ്പ് പാർത്ഥാസ് കൺവെൻഷൻ സെന്ററിലാണ് പരിപാടി. 1958ലായിരുന്നു നായനാരുമായുള്ള ശാരദ ടീച്ചറുടെ വിവാഹം. ‘ഒരു കമ്മ്യൂണിസ്റ്റിനെയാണ് നീ കല്ല്യാണം കഴിച്ചത്”- പരിഭവങ്ങൾക്കുള്ള സഖാവിന്റെ മറുപടി ഇതായിരുന്നു. മരിക്കും വരെ കേരളകൗമുദി പത്രവുമായി അദ്ദേഹത്തിന് പ്രത്യക ആത്മബന്ധമായിരുന്നു. പണ്ട് മറ്റൊരു പേരിൽ അദ്ദേഹം കേരളകൗമുദി ലേഖകനായിരുന്നതും ടീച്ചർ ഓർത്തെടുത്തു.
90 വയസുവരെ അമ്മയെ കിട്ടിയതിന്റെ സന്തോഷത്തിലാണ് മക്കളെല്ലാം. അതിനിടെ കൊച്ചുമകന്റെ മകൻ എട്ട് മാസം പ്രായമുള്ള ഋഗ്വേത് ഉണർന്നു. ടീച്ചർ അവനെ എടുത്ത് മടിയിലിരുത്തി സംസാരം തുടർന്നു.
കുട്ടിക്കാലത്ത് അമ്മയുടെ കൂടെ പിറന്നാൾ ആഘോഷിച്ച ഓർമ്മയേ ടീച്ചർക്കുള്ളൂ. സഖാവിനൊപ്പം കൂടിയശേഷം വലിയ ആഘോഷങ്ങളൊന്നുമുണ്ടായിട്ടില്ല.
‘പിറന്നാളിന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കന്മാരെയെല്ലാം വിളിച്ചിട്ടുണ്ട്. എല്ലാവർക്കും അവരവരുടെ സൗകര്യം നോക്കിയേ എത്താനാകൂ. മക്കളും കൊച്ചു മക്കളുമാണ് ജീവിതത്തിലെ വലിയ സന്തോഷവും ഭാഗ്യവും. അച്ഛന് ചെയ്തു കൊടുക്കാൻ പറ്റാത്തതൊക്കെ എനിക്ക് വേണ്ടി ചെയ്യുകയാണവർ”- ടീച്ചർ മനസ് തുറന്നു. രണ്ട് വർഷം മുൻപ് വീണു പോയതിന്റെ ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. നടക്കാൻ വാക്കിംഗ്സ്റ്റിക്കിന്റെ സഹായം വേണം. മറ്റ് പ്രയാസങ്ങളൊന്നുമില്ല. മനസ് പ്രായത്തെ തോൽപ്പിക്കുമെന്ന ചിന്താഗതിക്കാരിയാണ് ടീച്ചർ.
പുസ്തകം എഴുതാതെ സഖാവ് മടങ്ങി
‘ജീവിതം പാർട്ടിക്കും ജനങ്ങൾക്കും വേണ്ടി മാറ്റി വച്ചതുകൊണ്ടാണ് ഇന്നും എല്ലാവരും അദ്ദേഹത്തെ സ്‌നേഹിക്കുന്നത്. കല്ല്യാശേരിയെ കുറിച്ച് പുസ്തകം എഴുതണമെന്ന് സഖാവിന് വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ സാധിച്ചില്ല. അത്ര ഏറെ ഇഷ്ട്ടമായിരുന്നു ഇവിടം. അതുകൊണ്ടാണ് ഞാനിപ്പോഴും ഇവിടെ നിൽക്കുന്നത്. അച്ഛൻ ജീവിച്ചിരുന്നപ്പോൾ ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടമാണ് മക്കൾക്ക്. സഖാവിന്റെ മരണശേഷം അസ്ഥി അവരുടെ ആഗ്രഹ പ്രകാരം ത്രിവേണിയിൽ ഒഴുക്കി. അതാണ് അവർക്ക് ആകെ അച്ഛനോട് ചെയ്യാൻ കഴിഞ്ഞത്. അത് അനാവശ്യ വിവാദങ്ങളുമുണ്ടാക്കി. ഞങ്ങളെയെല്ലാം ആ സംഭവം ഏറെ വേദനിപ്പിച്ചു. വി.എസിനെ വിളിച്ചപ്പോൾ പാർട്ടി കുടുംബകാര്യങ്ങളിൽ ഇടപെടില്ല എന്നായിരുന്നു മറുപടി. ആ വാക്കുകളാണ് ആശ്വാസമായത്. കോടിയേരി പോയ ശേഷം എം.വി. ജയരാജനെയാണ് എന്തെങ്കിലുമൊക്കെ ആവശ്യത്തിന് വിളിക്കാറുള്ളത്. എം.വി. ഗോവിന്ദനെയും വിളിക്കാറുണ്ട്. അല്ലേലും നേതാക്കന്മാരെ ഒന്നുമല്ല, ഞാനിപ്പോൾ സ്ഥിരമായി വിളിക്കാറുള്ളത് എന്റെ ഡോക്ടർമാരെയാണ്… ടീച്ചർ പൊട്ടിച്ചിരിച്ചു.
Source link