കൊച്ചി: ശബരിമലയിലെ അതിഥിമന്ദിരങ്ങളിൽ ആരും അനുവദനീയമായതിലേറെ ദിവസം താമസിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. മറ്റുള്ളവർ സമർപ്പിച്ച മുറികളിൽ (ഡോണർ മുറികൾ) ആരും അനധികൃതമായി തങ്ങുന്നില്ലെന്ന് ഉറപ്പാക്കാനും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു.
പാലക്കാട് സ്വദേശി സുനിൽകുമാർ (സുനിൽ സ്വാമി) മണ്ഡലകാലത്തും മാസ പൂജയ്ക്കും നടതുറക്കുന്ന ദിവസങ്ങളിലെല്ലാം ശബരിമലയിൽ താമസിക്കുകയും ശ്രീകോവിലിന് തൊട്ടുമുന്നിൽ നിന്ന് തൊഴുകയും ചെയ്യുന്നുണ്ടെന്ന സ്‌പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിൽ സ്വമേധയാ എടുത്ത ഹർജിയിലാണ് ഉത്തരവ്. ഗോശാല സംരക്ഷിക്കാനുള്ള ചെലവ് വഹിക്കുന്നു, ക്ഷേത്രത്തിലേക്ക് പൂജാ സാധനങ്ങൾ സംഭാവന ചെയ്യുന്നു എന്നിവയുടെ പേരിലാണ് ഈ ആനുകൂല്യങ്ങൾ എന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
എന്നാൽ ഇതിന്റെ പേരിൽ മറ്റാർക്കുമില്ലാത്ത ആനുകൂല്യം നൽകാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. താൻ സന്യാസ ജീവിതപാതയാണ് പിന്തുടരുന്നതെന്നും പ്രത്യേക ആനുകൂല്യമൊന്നും പറ്റുന്നില്ലെന്നും സുനിൽകുമാർ ബോധിപ്പിച്ചു. എന്നാൽ ഇളവ് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ഡോണർ മുറികൾ ബുക്കുചെയ്യാൻ സൗകര്യമുള്ള വിവരം വെർച്വൽ ക്യൂ പ്ലാറ്റ്ഫോമിലും ദേവസ്വം വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കണമെന്നും നിർദ്ദേശിച്ചു.
ശബരിമലയിൽ പ്രീപെയ്ഡ് ഡോളി സംവിധാനം വരും
ബി. അജീഷ്
ശബരിമല : ശബരിമലയിൽ പ്രീ പെയ്ഡ് ഡോളി സംവിധാനം ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.
പമ്പ, നീലിമല, സന്നിധാനം എന്നിവിടങ്ങളിൽ കൗണ്ടറുകൾ തുടങ്ങാനാണ് തീരുമാനം. കൗണ്ടറിൽ എത്തുന്നവരുടെ ശരീരഭാരം എടുത്തശേഷം ഡോളി സേവനം ഉപയോഗപ്പെടുത്താം. ഉപഭോക്താക്കൾ കൗണ്ടറിൽ അടയ്ക്കുന്ന തുക ദേവസ്വം ജീവനക്കാർ ഡോളി തൊഴിലാളികൾക്ക് കൈമാറും. ഇതിലൂടെ നിരക്കിന്റെ പേരിലുള്ള ചൂഷണവും തർക്കവും ഒഴിവാക്കാനാവും. ഒരുവശത്തേക്ക് 3250 രൂപയാണ് ദേവസ്വം ബോർഡ് നിലവിൽ അംഗീകരിച്ചിരിക്കുന്നത്. കൗണ്ടർ വരുന്നതോടെ ആളുകളുടെ തൂക്കത്തിനനുസരിച്ച് തുകയിൽ മാറ്റംവരും.
ഡോളി സർവീസ് പ്രീപെയ്ഡ് ആക്കാനുള്ള നീക്കത്തിനെതിരെ തൊഴിലാളികൾ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. ശബരിമലയിൽ ആർക്കും സമരം നടത്താനാകില്ലെന്നും ഡോളി സർവീസിന് കൂടുതൽ തുക ഈടാക്കാനാകില്ലെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞിരുന്നു. പ്രീപെയ്ഡ് കൗണ്ടർ തുടങ്ങുന്നതിനുള്ള സാദ്ധ്യത ബോർഡിനോട് ആരായുകയും ചെയ്തു.
ഡോളി തൊഴിലാളികൾ തീർത്ഥാടകരോട് അമിത കൂലി ചോദിച്ചുവാങ്ങുന്നതായും മോശമായി പെരുമാറുന്നതായും പരാതി വ്യാപകമാണ്.
തീർത്ഥാടകരെ ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കില്ല. സുരക്ഷിതവും സുഗമവുമായ തീർത്ഥാടനമാണ് ലക്ഷ്യമിടുന്നത്. ഇത് അട്ടിമറിക്കാൻ അനുവദിക്കില്ല.
പി.എസ്. പ്രശാന്ത് (ദേവസ്വം ബോർഡ് പ്രസിഡന്റ്)
.
Source link