KERALAMLATEST NEWS

ഫെയ്ഞ്ചൽ ചുഴലിക്കാറ്റിൽ കേരളത്തിൽ ​ ഇങ്ങനെയൊരു കാര്യവും സംഭവിച്ചു,​ ഗുണം ലഭിച്ചത് ഇവർക്ക്

ആലപ്പുഴ : തുടർച്ചയായ മഴയിൽ കേരളതീരത്ത് മത്തിലഭ്യത വർദ്ധിച്ചു. ഇടവപ്പാതിയുടെയും തുലാമഴയുടെയും തണുപ്പകന്ന് ചൂടുകൂടുമ്പോൾ ഉൾവലിയേണ്ട മത്തി ഡിസംബറായിട്ടും ഇത്തവണ തീരംവിട്ടിട്ടില്ല. തുലാമഴയ്ക്ക് ശേഷവും ഫെയ്ഞ്ചൽപ്രതിഭാസത്തിന്റെതുൾപ്പെടെ തുടർച്ചയായ മഴയിൽ കടലിലും തീരത്തും തണുപ്പ് തുടരുന്നതാണ് കാരണമെന്നാണ് വിദഗ്ദരുടെ വെളിപ്പെടുത്തൽ.

അതേസമയം കേരളമുടനീളം മത്തി ലഭ്യത കൂടുകയും വില ഇടിയുകയും ചെയ്തത് ബോട്ടുകാരെയും മത്സ്യത്തൊഴിലാളികളെയും പ്രതിസന്ധിയിലാക്കി. ഇടനിലക്കാരുടെ ചൂഷണത്തിൽ എണ്ണക്കാശും കൂലിയും തികയാതെ വന്നതോടെ നഷ്ടം കുറയ്ക്കാനായി മത്തിയും വലയുമായി തൊഴിലാളികൾ നാട്ടിൻപുറങ്ങളിലേക്ക് കടന്ന് വലകുടഞ്ഞാണ് ഇപ്പോൾ വിൽപ്പന. രണ്ട് കിലോ മത്തി നൂറ് രൂപയ്ക്കാണ് വിൽക്കുന്നത്. ആറുമാസം പ്രായമുള്ള മത്തിയാണ് ഇപ്പോൾ സുലഭമായുള്ളത്. മത്തിയുടെ ലഭ്യത കൂടിയെങ്കിലും വൃശ്ചികം സീസണിൽ മുമ്പത്തേപ്പോലെ വലിപ്പവും നെയ്യുമുള്ള മത്തി കണികാണാനില്ല. കടൽജലത്തിൽ ഈ സീസണിൽ സുലഭമാകേണ്ട ഫ്രാജിലേറിയയെന്ന (Fragilaria) അതിസൂക്ഷ്മ ജലസസ്യമാണ് മത്തിയുടെ ഇഷ്ടാഹാരം. കൂട്ടത്തോടെ കാണപ്പെടുന്ന ജലസസ്യമാണ് മത്തിക്കുഞ്ഞിനെ നെയ്യുള്ള നല്ല മുഴുത്ത മത്തിയാക്കുന്നത്. കടൽവെള്ളത്തിലെ ചൂട് അസഹ്യമാകുമ്പോൾ ഉൾക്കടലിലേക്ക് വലിയുന്ന മത്തി പിന്നീട് കാലവർഷത്തിൽ കടലും തീരവും തണുത്തശേഷമേ തീരദേശത്തേക്കെത്താറുള്ളൂ. മൂന്നുവർഷമാണ് മത്തിയുടെ ആയുസ്.

അയലയും നത്തോലിയും സുലഭം

 മത്തിയ്ക്ക് പുറമേ അയലയും നത്തോലിയുമാണ് കേരളതീരത്ത് ഇപ്പോൾ സുലഭമായുള്ള മറ്റ് മത്സ്യ ഇനങ്ങൾ

 ഇവമൂന്നും ഒരേ ആവാസ വ്യവസ്ഥയിലാണ് കഴിയുന്നത്. അയലയും കടൽവെള്ളം ചൂടാകുന്നതനുസരിച്ച് ഉൾവലിയും

 മത്തിയെയും അയലയെയും അപേക്ഷിച്ച് ചൂടുതാങ്ങാൻ ശേഷിയുള്ളതിനാൽ ഡിസംബർ അവസാനമാകുമ്പോഴേ നത്തോലി തീരം വിടൂ

 ക്രിസ്മസ് സീസണിൽ ചൂര, നെയ്മീൻ, കേരച്ചൂര തുടങ്ങിയ വലിയ മീനുകളുടെ കുറവ് ഇവയുടെ വിലകൂടാനും കാരണമായി

 മത്തിയ്ക്ക് വിലയിടിഞ്ഞെങ്കിലും ഹോട്ടലുകളിൽ മത്തിവിഭവങ്ങളുടെ വിലയിൽ കുറവൊന്നുമില്ലെന്ന് ഉപഭോക്താക്കൾ

രണ്ട് കിലോ മത്തിയ്ക്ക് വില

₹100

പോഷകസമൃദ്ധം

മെച്ചപ്പെട്ട ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒമേഗ ത്രി ഫാ​റ്റി ആസിഡിനാൽ സമ്പുഷ്ടമാണ് മത്തി. പതിവായി ഒമേഗ ത്രി ഫാ​റ്റി ആസിഡ് ഭക്ഷണം കഴിക്കുന്നത് അൽഷിമേഴ്‌സ് രോഗം വരാതിരിക്കാൻ സഹായിക്കുമെന്ന് സമീപകാല പഠനങ്ങൾ പറയുന്നു. കൂടാതെ ജീവകം ഡി, കാൽസ്യം, ബി 12, മാംസ്യം എന്നിവയും മത്തിയിൽ അടങ്ങിയിട്ടുണ്ട്.

തുടർ‌ച്ചയായ മഴയാണ് കേരളത്തിൽ മാസങ്ങളായി മത്തി സുലഭമാകാൻ കാരണം. ഫ്രാജിലേറിയയെന്ന (Fragilaria) അതിസൂക്ഷ്മ ജലസസ്യത്തെ ഇഷ്ടപ്പെടുന്ന മത്തിയുടെ വളർച്ചയും ജലസസ്യത്തിന്റെ ലഭ്യതയെ ആശ്രയിച്ചിരിക്കും

– ഡോ.വി.എൻ സഞ്ജീവൻ , മുൻ ഡയറക്ടർ സി.എം.എൽ.ആർ.ഇ

ട്രോളിംഗ് നിരോധനത്തിനുശേഷം കഴിഞ്ഞ നാലു മാസങ്ങളായി മത്തി സുലഭമാണ്.വരവ് കൂടിയതോടെ വില ഇടഞ്ഞു. കമ്മിഷൻ ഏജന്റുമാരും കച്ചവടക്കാരും തറവിലയ്ക്ക് ലേലത്തിൽ വാങ്ങിയശേഷം കിലോയ്ക്ക് 50 രൂപ റേറ്റിലാണ് ഇപ്പോൾ വിൽക്കുന്നത്

.- സാഗർ, മത്സ്യതൊഴിലാളി


Source link

Related Articles

Back to top button