കൊച്ചി: നവീൻ ബാബുവിന്റെ മരണത്തിൽ പൊലീസിന്റെ സ്വതന്ത്ര അന്വേഷണത്തിന് സി.പി.എം നേതാക്കൾ തടസം സൃഷ്ടിക്കുമെന്ന് ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയതു പോലും ചട്ടപ്രകാരമല്ല. അന്വേഷണം സി.പി.എം നേതാക്കൾ നിശ്ചയിക്കുന്നതു പ്രകാരം നടക്കുമെന്നാണ് ഇതിനർത്ഥം. ഒരു സംസ്ഥാന നേതാവിന്റെ പ്രസ്താവന തന്നെ ഇത് വ്യക്തമാക്കുന്നു. പ്രതി ദിവ്യയും കളക്ടറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും അന്വേഷിക്കണം. നവീൻ ബാബുവിന്റെ ആത്മഹത്യാ കുറിപ്പില്ലെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകമാണെന്ന സംശയത്തിന് ഇതും കാരണമാണ്. അതല്ലെങ്കിൽ പ്രതിയെ സഹായിക്കാനായി ആത്മഹത്യാക്കുറിപ്പ് അന്വേഷണ സംഘം ഒളിപ്പിച്ചെന്നു വേണം കരുതാനെന്നും ഹർജിയിൽ പറയുന്നു.
ദിവ്യയുടെ ഭർത്താവിന്റെ സഹപ്രവർത്തകനാണ് പ്രശാന്തൻ. പെട്രോൾ പമ്പ് നടത്തിപ്പിനുള്ള സാമ്പത്തികശേഷിയോ അനുമതിയോ ഉണ്ടായിരുന്നില്ല. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലവുമുണ്ട്. പമ്പ് ബിനാമി ഇടപാടാണെന്നും അഡ്വ. ജോൺ എസ്. റാൾഫ് മുഖേന നൽകിയ ഹർജിയിൽ മഞ്ജുഷ ആരോപിച്ചു.
സി.പി.എമ്മിന്റേയും ജനാധിപത്യ മഹിളാ അസോസിയേഷന്റേയും നേതാവായി തുടരുന്ന ദിവ്യയെ ഭയന്ന് നവീനിന്റെ സഹപ്രവർത്തകരാരും വസ്തുത പുറത്തുപറയാൻ തയ്യാറാകുന്നില്ല. ക്രോസ് വിസ്താരത്തെ ഭയക്കുന്ന കളക്ടർ അന്വേഷണ സംഘത്തിന് വാക്കാൽ മൊഴി നൽകാതെ എഴുതിനൽകുകയാണ് ചെയ്തത്. ദിവ്യ സഹകരിക്കുന്നില്ലെന്നാണ് ഉന്നതതല അന്വേഷണത്തിന് സർക്കാർ നിയോഗിച്ച ലാൻഡ് റവന്യൂ കമ്മിഷണർ റിപ്പോർട്ടു ചെയ്തത്. ഇത് പ്രതിയുടെ സ്വാധീനത്തിന് തെളിവാണ്. ലാൻഡ് റവന്യൂ കമ്മിഷണർ തന്റെ മൊഴിയെടുത്തിട്ടില്ലെന്നും മഞ്ജുഷ ആരോപിച്ചു.
ഏറെ വൈകി ദിവ്യക്ക് ജാമ്യം കിട്ടിയശേഷം മാത്രമാണ് തന്റെ മൊഴി പൊലീസ് എടുത്തതെന്നും മഞ്ജുഷ ആരോപിക്കുന്നു.
Source link