തിരുവനന്തപുരം: ഇരുപത് മിനിറ്റ് ഇടവിട്ട് തിരുവനന്തപുരം-കാസർകോട് റൂട്ടിൽ 200കിലോമീറ്റർ വേഗതയുള്ള ട്രെയിനുകൾ ഓടിക്കാനുള്ള കേരളത്തിന്റെ സിൽവർലൈൻ പദ്ധതിയെ നിലവിലെ പാതയുടെ രണ്ട് സമാന്തരലൈനുകളാക്കി റെയിൽവേ പൊളിച്ചടുക്കുന്നത് കേന്ദ്രനയത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് കെ-റെയിൽ.
നിലവിലെ ഇരട്ടപ്പാതയ്ക്കരികിലൂടെ 160കി.മീ വേഗതയുള്ള രണ്ട് ലൈനുകൾ അനുവദിക്കാമെന്നും അങ്ങനെ ഡി.പി.ആർ മാറ്റാനുമാണ് ദക്ഷിണ റെയിൽവേയുടെ നിർദ്ദേശം.
വേഗത 160കിലോമീറ്ററാക്കി ചുരുക്കിയത് ഏത് നയത്തിലാണെന്ന് ഇന്നലെ കൊച്ചയിൽ റെയിൽവേ ചീഫ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറുമായി നടത്തിയ ചർച്ചയിൽ കെ-റെയിൽ അധികൃതർ ചോദിച്ചു. രാജ്യത്താകെ അതിവേഗ പാതകൾ അനുവദിക്കുമ്പോൾ കേരളത്തിൽ മാത്രം അതിവേഗയാത്ര വേണ്ടെന്നാണോ റെയിൽവേ നയമെന്നും ആരാഞ്ഞു.
ഒരു കത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഡി.പി.ആർ മാറ്റാനാവില്ല. കേന്ദ്രനയത്തിന്റെ രേഖകൾ തന്നാൽ സർക്കാരുമായി ചർച്ചചെയ്യാം. കേരളത്തിൽ പുതിയ രണ്ട് പാതകൾക്കുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നതായി റെയിൽവേ വ്യക്തമാക്കി. എറണാകുളം-ഷൊർണൂർ റൂട്ടിൽ രണ്ട് ലൈനുകൾക്ക് അനുമതിയായിട്ടുണ്ട്. ഷൊർണൂർ-മംഗളുരു, എറണാകുളം-തിരുവനന്തപുരം റൂട്ടിൽ പുതിയരണ്ട് ലൈനുകൾക്ക് സർവേയ്ക്കും അനുമതിയായി. സിൽവർലൈനിന്റെ പദ്ധതിരേഖ ഇതിനനുസരിച്ച് മാറ്റുന്നതിൽ എന്ത് പ്രസക്തിയാണുള്ളതെന്ന് കെ-റെയിൽ അധികൃതർ ചോദിച്ചു.
ഇന്ന് തിരുവനന്തപുരത്ത് നിർമ്മാണവിഭാഗം ചീഫ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ഷാജി സഖറിയയുമായും ചീഫ്എൻജിനിയർമാരുമായും കെ-റെയിൽ ഡയറക്ടർ വി.അജിത്കുമാർ ചർച്ചനടത്തും. കെ-റെയിൽ ആവശ്യപ്പെട്ട രേഖകൾ കൈമാറിയേക്കും.
രാജ്യത്തെ അതിവേഗ പാതകൾ
ഡൽഹി-മീററ്റ്. പകുതിദൂരത്തിൽ 180കിലോമീറ്റർ വേഗത. 350കി.മി വേഗതയുള്ള മുംബയ്-അഹമ്മദാബാദ് ലൈൻ 2026ൽ പൂർത്തിയാവും. ഡൽഹി-ആൾവാർ (രാജസ്ഥാൻ) 180കി.മി വേഗപ്പാതയ്ക്ക് അനുമതി നൽകി. 15അതിവേഗ, സെമിഹൈസ്പീഡ് പദ്ധതികളുടെ ഡി.പി.ആർ തയ്യാറാവുന്നു.
റെയിൽവേയുടെ നിർദ്ദേശം പ്രായോഗികമല്ല: കെ-റെയിൽ
1)റെയിൽവേ- ബ്രോഡ്‌ഗേജിൽ 160കി.മി വേഗതയുള്ള പാതമതി.ഗുഡ്‌സ്, വന്ദേഭാരത് ട്രെയിനുകൾ ഓടിക്കണം. 50കി.മി ഇടവിട്ട് നിലവിലെ പാതയിൽ കണക്‌ഷൻ വേണം.
കെ-റെയിൽ- ബ്രോഡ്ഗേജിൽ രാജ്യത്തെ പരമാവധിവേഗം 160കി.മി. ഗുഡ്‌സ് ഓടിച്ചാൽ സിൽവർലൈൻ 200കി.മീറ്ററിൽ ഓടിക്കാനാവില്ല. ലോകമെങ്ങും 350കി.മി വരെ വേഗതയുള്ള ഹൈസ്പീഡ് പാത സ്റ്റാൻഡേർഡ് ഗേജിലാണ്.
2)റെയിൽവേ- നിലവിലെ പാതയ്ക്ക് സമാന്തരമാവണം പുതിയ രണ്ട് ലൈനുകൾ. ദേശീയ നയത്തിനനുസരിച്ച് പദ്ധതി മാറ്റണം. 160കി.മി വേഗതയുള്ള ട്രാക്കിന് കിലോമീറ്ററിന് 70കോടി നിർമ്മാണചെലവ്.
കെ-റെയിൽ- ഭാവിയിൽ 250കി.മി വേഗത കിട്ടും വിധം സിൽവർലൈൻ ട്രാക്കുണ്ടാക്കണം. തുടക്കത്തിൽ 200കി.മീറ്റർ ആണ് വേഗത. കിലോമീറ്ററിന് ചെലവ് 120കോടി.
”റെയിൽവേ നിർദ്ദേശിക്കും പോലെ പാതയുണ്ടാക്കിയാൽ അതിവേഗ യാത്ര സാദ്ധ്യമാവില്ല. ഗുഡ്‌സ് മുന്നിലോടിയാൽ ഹൈസ്പീഡ് ട്രെയിനും ഇഴയും. കേരളത്തിന് ഗുണകരമല്ലിത്.”
-വി.അജിത്കുമാർ, കെ-റെയിൽ ഡയറക്ടർ
Source link