നവീൻ ബാബുവിന്റെ മരണം : അന്വേഷണത്തിലെ ഒത്തുകളി ചൂണ്ടിക്കാട്ടി കുടുംബം 

കണ്ണൂർ : പ്രതിയായ പി.പി. ദിവ്യയെ രക്ഷിക്കാനുള്ള നീക്കങ്ങളാണ് പൊലീസ് നടത്തുന്നതെന്ന സംശയം ബലപ്പെട്ടതോടെയാണ് എ.ഡി.എം. നവീൻ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാൻ കുടുംബം നിർബന്ധിതമായത്.

ദിവ്യയുടെ ഭരണ തലത്തിലെ ബന്ധം കാരണം നവീനെതിരെ വ്യാജ പരാതി കെട്ടിച്ചമച്ചതടക്കമുള്ള ഗൂഢാലോചന അന്വേഷിക്കാൻ പൊലീസ് തയ്യാറായിട്ടില്ല.
നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിച്ച ഗൂഢാലോചനയിൽ ദിവ്യക്കൊപ്പം കളക്ടർക്കും പങ്കുണ്ടെന്ന് കുടുംബം വിശ്വസിക്കുന്നു.

കളക്ടർ അടക്കമുള്ള സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ച് റിപ്പോർട്ടുണ്ടാക്കി നവീൻ ബാബുവിനെ ആരോപണ നിഴലിലാക്കിയാണ് ദിവ്യക്ക് ജാമ്യം സംഘടിപ്പിച്ചതെന്നും അത്തരത്തിലുള്ള ഇടപെടലുകൾ ഇനിയും ഉണ്ടാകുമെന്നും കുടുംബം സംശയിക്കുന്നു.

മരിച്ചശേഷം നവീൻ ബാബുവിനെ സംശയ നിഴലിലാക്കാൻ മുഖ്യമന്ത്രിക്ക് നൽകിയെന്നു പറഞ്ഞ വ്യാജ പരാതിക്ക് പിന്നിൽ ഉന്നത ബന്ധം ഉണ്ടെന്നാണ് കുടുംബം വിശ്വസിക്കുന്നത്.
പരാതിക്കാരനായ പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി. പ്രശാന്തന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത് ഏറെ വൈകി മാത്രം.

ഏറ്റവും ഒടുവിലാണ് മഞ്ജുഷയുടെ മൊഴി രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണാ കേസിൽ ദിവ്യയുടെ പങ്ക് സംബന്ധിച്ചു മാത്രമാണ് പൊലീസ്അന്വേഷണം. നവീൻ ബാബു ആത്മഹത്യ ചെയ്തതാണോ അല്ലയോ എന്ന് തെളിയിക്കേണ്ടത് ഭാര്യ മഞ്ജുഷയുടെ ഉത്തരവാദിത്വമായി മാറി.

 ദൃശ്യങ്ങൾ എവിടെ?

പൊലീസ് പറഞ്ഞത് അനുസരിച്ച് നവീൻബാബു കളക്ടറേറ്റിൽ നിന്ന് പുറപ്പെട്ടശേഷം മൂന്നുതവണയെങ്കിലും ഓട്ടോയിൽ കയറി കാണണം. വൈകുന്നേരം മുനീശ്വരൻ കോവിലിന് സമീപത്തു നിന്ന് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിലേക്ക് പോയി എന്നാണ് പൊലീസ് പറയുന്നത്. ആ യാത്ര ഓട്ടോയിൽ ആയിരിക്കണം. കുറച്ചുകഴിഞ്ഞ് ക്വാർട്ടേഴ്സിൽ നിന്ന് ഓട്ടോയിൽ റെയിൽവെ സ്‌റ്റേഷനിലേക്ക് പോയി എന്നുപറയുന്നു. സ്റ്റേഷനിൽ ചെന്നപ്പോൾ ട്രെയിൻ പോയതിനാൽ, അവിടെ പുലർച്ചെ ഒന്നര വരെ ഇരുന്നു എന്നുപറയുന്നു. വീണ്ടും ഓട്ടോ പിടിച്ച് പള്ളിക്കുന്നിലേക്ക് പോയി. ഈ മൂന്നു ഓട്ടോക്കാരെ കണ്ടെത്തിയോ? ഈ മൂന്നുപേരുടെ വിശദാംശങ്ങൾ കണ്ടെത്തിയോ? മൂന്നുതവണ ഓട്ടോയിൽ കയറുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ എന്തുകൊണ്ട് പൊലീസിന് കിട്ടിയില്ല.

സമ്മർദ്ദം ചെലുത്തിയത് ആരെല്ലാം

 പൊലീസിന്റെ എതിർപ്പു മറികടന്നാണു പമ്പിന് നവീൻ ബാബു അനുമതി നൽകിയത്. ഈ അനുമതിക്കായി എ.ഡി.എമ്മിനുമേൽ സമ്മർദം ചെലുത്തിയ ജനപ്രതിനിധികളും ഉന്നതരും ആരൊക്കെ? ഇവർ അന്വേഷണ പരിധിയിൽ വരാത്തത് എന്തുകൊണ്ട്?.

 പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻബാബു ജീവനൊടുക്കിയിട്ട് ഒരുമാസം കഴിഞ്ഞിട്ടും ഈ ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരമില്ല.


Source link
Exit mobile version