KERALAM

നവജാത ശിശുവിന്റെ വൈകല്യം; അന്വേഷണം പ്രഖ്യാപിച്ചു, കർശന നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: നവജാത ശിശുവിന് ഗുരുതര വൈകല്യമുണ്ടായ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുക. സ്‌കാനിംഗ് സെന്ററിനെതിരെയും അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. ഇന്നലെ ജില്ലാതലത്തിലുള്ള അന്വേഷണം ആരംഭിച്ചിരുന്നുവെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.നവജാത ശിശുവിന്റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ നാല് ഡോക്‌ടർമാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്‌ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേർലി, ഡോ. പുഷ്‌പ, സ്വകാര്യ ലാബിലെ രണ്ട് ഡോക്‌ടർമാർ എന്നിവർക്കെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്.


കുഞ്ഞിന്റെ കണ്ണും ചെവിയും യഥാസ്ഥാനത്തല്ല. ഹാർട്ടിന് ഹോൾ ഉണ്ട്. കൈകാലുകൾ വളഞ്ഞാണിരിക്കുന്നതെന്നും ജനനേന്ദ്രിയം ഇല്ലെന്നുമൊക്കെ മാതാവ് വ്യക്തമാക്കിയിരുന്നു. ഗർഭകാലത്ത് പല തവണ സ്‌കാനിംഗുകൾ നടത്തിയെങ്കിലും ഡോക്‌ടർമാർ വൈകല്യം കണ്ടെത്തിയില്ലെന്നും കുടുംബം നൽകിയ പരാതിയിൽ പറയുന്നു.

ആശുപത്രിയിലെ സൂപ്രണ്ടിനോട് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ഡി എം ഒ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് സൂപ്രണ്ട് ഉടൻ തന്നെ ഡി എം ഒയ്ക്ക് കൈമാറും. ഇതിനുശേഷമായിരിക്കും ഡോക്‌ടർമാർക്കെതിരെ നടപടിയെടുക്കുക.


Source link

Related Articles

Back to top button