KERALAM

നവീൻ ബാബുവിന്റെ മരണം; കളക്ടർ പ്രതിരോധത്തിൽ

കണ്ണൂർ: എ.ഡി.എം നവീൻബാബുവിന്റെ മരണത്തിൽ ആരോപണനിഴലിൽ തുടരുന്ന കണ്ണൂർ ജില്ലാ കളക്ടർക്കെതിരെ നീക്കം ശക്തമാക്കി പ്രതിപക്ഷം. കളക്ടർ അരുൺ കെ. വിജയനെ തത്‌സ്ഥാനത്തു നിന്ന് മാറ്റണമെന്നും കേസ് സി.ബി.ഐക്കു കൈമാറണമെന്നും ആവശ്യപ്പെട്ടുള്ള കോൺഗ്രസ് പ്രതിഷേധങ്ങൾക്ക് അടുത്തയാഴ്ച തുടക്കമാകും.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം ശക്തമായ ആക്ഷേപങ്ങൾ ഉന്നയിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ നീക്കം. കളക്ടർ എന്തൊക്കെയോ മറച്ചുവയ്ക്കുന്നുവെന്നും, നവീൻ ബാബുവിന്റെ വിഷയം ഉന്നയിച്ച വിരോധത്തിൽ കെ. സുധാകരൻ എം.പിയുടെ പ്രതിനിധി ടി.ജയകൃഷ്ണനെ ജില്ലാ വികസന സമിതിയിൽ നിന്ന് ഒഴിവാക്കാൻ കളക്ടർ നിർദ്ദേശം നല്‍കിയത് അതിന്റെ ഭാഗമായാണെന്നുമാണ് ആക്ഷേപം. ജില്ലാ കളക്ടറെ നിലനിറുത്തിക്കൊണ്ടുള്ള അന്വേഷണം നിഷ്പക്ഷമാകില്ലെന്ന് ഡി.സി.സി അദ്ധ്യക്ഷൻ മാർട്ടിൻ ജോർജ് പറഞ്ഞു.
സി.പി.ഐ അനുകൂല സംഘടന ജോയിന്റ് കൗൺസിലും ഇക്കാര്യം പരസ്യമായി ആവശ്യപ്പെടുന്നുണ്ട്. സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജിയിൽ കണ്ണൂർ കളക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്.
കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും കളക്ടറുടെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യം.

കുടുംബത്തിന്റെ ആരോപണങ്ങൾ

 ജില്ലാ കളക്ടർ അരുൺ കെ. വിജയൻ പി.പി. ദിവ്യയുടെ സ്വാധീനത്തിലാണ്.
 യാത്രഅയപ്പ് ചടങ്ങിലെ ദിവ്യയുടെ സാന്നിദ്ധ്യത്തെപ്പറ്റി പരസ്പരവിരുദ്ധ മൊഴികൾ നല്‍കി കളക്ടർ പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചു.

കളക്ടർക്കെതിരെ തെളിവുകൾ
നവീൻ ബാബുവും കളക്ടറും തമ്മിൽ നല്ല ബന്ധത്തിലല്ലായിരുന്നുവെന്നാണ് ജീവനക്കാരുടെ മൊഴി.

പി.പി.ദിവ്യ ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെ നവീൻബാബു തന്നെ വന്നു കണ്ട് തെറ്റു പറ്റിയെന്ന് പറഞ്ഞതായുള്ള കളക്ടറുടെ വാദം ജീവനക്കാരുടെ മൊഴിയിൽ തള്ളുന്നു.

കളക്ടറുമായി നവീൻ ബാബുവിന് യാതൊരു ആത്മബന്ധവുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ മഞ്ജുഷയുടെ മൊഴി

എ.ഡി.എമ്മിന് വീഴ്ച പറ്റിയില്ലെന്ന് പ്രാഥമിക റിപ്പോർട്ട് നല്‍കിയതിനു ശേഷമാണ് എ.ഡി.എം തെറ്റു പറ്റിയെന്ന് സമ്മതിച്ചതായി പിന്നീട് കോടതിയിൽ കളക്ടർ മൊഴി നല്‍കിയത്. ഈ മൊഴിയാണ് പി.പി. ദിവ്യ ജാമ്യാപേക്ഷയിൽ പ്രധാന വാദമായി ഉയർത്തിയത്.


Source link

Related Articles

Back to top button