മാസങ്ങൾ നീണ്ട പ്രണയം, അസമീസ് വ്ലോഗറെ കൊലപ്പെടുത്തിയ മലയാളി കാമുകനെ കണ്ടെത്താനാകാതെ പൊലീസ്
ബംഗളൂരു: വ്ലോഗറായ അസം സ്വദേശിനി മായാ ഗൊഗോയിയെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ കണ്ണൂർ സ്വദേശിയായ കാമുകൻ ആരവ് ഹനോയിയെ കണ്ടെത്താനാകാതെ പൊലീസ്. ബംഗളൂരു നഗരം കേന്ദ്രീകരിച്ചും ആരവ് പോകാൻ സാദ്ധ്യതയുള്ള ഇടങ്ങൾ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടക്കുന്നത്. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസിന്റെ അന്വേഷണം.
കഴിഞ്ഞ ആറ് മാസമായി ഇരുവരും പ്രണയത്തിലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. മായ ഇത് തന്റെ സഹോദരിയോട് പറഞ്ഞിരുന്നു. ആരവുമായി മായ മണിക്കൂറുകളോളം ഫോണിൽ സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്‌തിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ചില സമയത്ത് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളിൽ വ്യക്തമാണ്. പരസ്‌പരമുള്ള അഭിപ്രായ ഭിന്നതയാകാം മായയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. നടപടിക്രമങ്ങൾ പൂർത്തിയാക്കി മായയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
ആരവിനെ അവസാനമായി കണ്ട ബംഗളൂരു മജസ്റ്റിക് റെയിൽവേ സ്റ്റേഷൻ പരിസരത്തെ പരമാവധി സിസിടിവികൾ പരിശോധിച്ച് വരികയാണ്. ഇവിടെ വച്ചാണ് ആരവ് ഫോൺ സ്വിച്ച് ഓഫ് ചെയ്‌തത്. ഇന്നലെ കണ്ണൂരിലെ തോട്ടടയിലുള്ള ആരവിന്റെ വീട്ടിലെത്തിയ കർണാടക പൊലീസിന് അന്വേഷണത്തിന് സഹായകമാകുന്ന വിവരങ്ങളൊന്നും കിട്ടിയില്ലെന്നാണ് സൂചന. ക്യാൻസർ രോഗിയായ മുത്തച്ഛൻ മാത്രമാണ് ആരവിന്റെ വീട്ടിലുള്ളത്.
TAGS: CASE DIARY, ASSAMESE VLOGGER DEATH, MAYA GOGOI, AARAV HANOY, MURDER CASE, INVESTIGATION
Source link