അര കിലോമീറ്ററോളം ഡീസൽ ഒഴുകി; എലത്തൂരിലുണ്ടായ ഇന്ധന ചോർച്ചയിൽ സംയുക്ത പരിശോധന ഇന്ന്
കോഴിക്കോട്: എലത്തൂർ എച്ച്‌പിസിഎല്ലിലെ ( ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് )ഇന്ധന ചോർച്ചയിൽ ഇന്ന് സംയുക്ത പരിശോധന നടത്തും. മലിനീകരണ നിയന്ത്രണ ബോർഡ്, ദുരന്ത നിവാരണ അതോറിറ്റി , ആരോഗ്യ വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധിക്കുക. സംഭരണ കേന്ദ്രത്തിന്റെ സുരക്ഷ പരിശോധിക്കാനുള്ള വിദഗ്ദ്ധ സംഘവും ഇന്നെത്തുമെന്നാണ് എച്ച്‌പിസിഎൽ വ്യക്തമാക്കിയത്.
ഇന്നലെ വൈകിട്ടാണ് എലത്തൂരിലെ എച്ച്‌പിസിഎൽ സംഭരണ കേന്ദ്രത്തിൽ നിന്ന് ഡീസൽ ഒഴുകിയത്. അരക്കിലോമീറ്റർ ദൂരത്തേക്ക് വരെ ഡീസൽ പരന്നു. സമീപത്തെ ഓവ് ചാലിലേക്കാണ് കവിഞ്ഞൊഴുകിയത്. രാത്രി വൈകിയും ഡീസൽ ഒഴുകിയതോടെ നാട്ടുകാർ പ്രതിഷേധിച്ചു. മുന്നറിയിപ്പ് സംവിധാനം തകരാറിലായതാണ് ഡീസൽ ഒഴുകാൻ കാരണമെന്നാണ് വിശദീകരണം. രാത്രി വൈകി ഡെപ്യൂട്ടി കളക്‌ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധിച്ചു.
ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലത്തേക്ക് ഡീസൽ ഒഴുകി എത്തിയതോടെയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. 12ഓളം ബാരലുകളിലാണ് ഒഴുകി എത്തിയ ഡീസൽ കോരിയെടുത്ത് മാറ്റിയത്. നിലവിൽ അപടക സാദ്ധ്യത ഇല്ലെന്ന് എച്ച്‌പിസിഎൽ മാനേജർ വിശദീകരിച്ചു.
Source link