‘പണം വാങ്ങിയത് കെെയിൽ ചില്ലറയില്ലെന്ന് പറഞ്ഞ്, വാഹനം നൽകിയത് വാടക ഇനത്തിൽ അല്ല’; ആവർത്തിച്ച് കാറുടമ
ആലപ്പുഴ: അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വീണ്ടും പ്രതികരിച്ച് കാറുടമ ഷാമിൽ ഖാൻ. വാഹനം നൽകിയത് വാടകയ്ക്ക് അല്ലെന്ന് ഉടമ ആവർത്തിച്ചു. 1000 രൂപ ക്യാഷ് ആയി നൽകിയത് ആണ് ഗൂഗിൾ പേ വഴി തിരിച്ചുവാങ്ങിയത്. അപകടശേഷം, ലെെസൻസിന്റെ ഫോട്ടോ വാങ്ങിയത് തെളിവിനാണെന്നും വാഹനം കൊണ്ടുപോയപ്പോൾ ലെെസൻസ് കാണിച്ച് തന്നുവെന്നും ഷാമിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘എന്റെ കെെയിൽ നിന്ന് വാഹനം വാങ്ങിയത് മുഹമ്മദ് ജബ്ബാർ ആണ്. പണം വാങ്ങിയത് വാടക ഇനത്തിൽ അല്ല. കെെയിൽ ചില്ലറ ഇല്ലെന്ന് പറഞ്ഞ് 1000 രൂപ വിദ്യാത്ഥികൾ വാങ്ങുകയായിരുന്നു. ഈ പണം വാങ്ങിയത് നേരിട്ട് ആണ്. ശേഷം യുപിഐ വഴി തിരികെ നൽകി. വാഹനം പണ്ട് വാടകയ്ക്ക് നൽകിയിരുന്നുവെങ്കിലും ഇപ്പോൾ കൊടുക്കാറില്ല. ലെെസൻസ് ഉള്ള ആളിനാണ് വാഹനം കൊടുത്തത് എന്ന തെളിവ് സൂക്ഷിക്കാനാണ് ലെെസൻസ് അയച്ചു വാങ്ങിയത്’,- ഷാമിൽ ഖാൻ പറഞ്ഞു.
കാറുടമ ഷാമിൽ ഖാൻ ഗൂഗിൾപേ വഴി വിദ്യാത്ഥികളിൽ നിന്ന് പണം അയച്ചുവാങ്ങിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഉടമയുടെ വെളിപ്പെടുത്തൽ. അനധികൃതമായി വാഹനം റെന്റിന് നൽകുന്നതായി ഉടമയ്‌ക്കെതിരെ പരാതികൾ ഉണ്ടെന്ന് പൊലീസ് പറയുന്നു. തിങ്കളാഴ്‌ച രാത്രി അപകടത്തിൽപ്പെട്ട വാഹനത്തിൽ ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികളായ 11പേരാണ് ഉണ്ടായിരുന്നത്.
അപകടത്തിൽ മരിച്ച അബ്ദുൽ ജബ്ബാറിന്റെ ലൈസൻസാണ് കാറുടമ സഹോദരനിൽ നിന്ന് വാങ്ങിയത്. വിദ്യാർത്ഥികൾക്ക് ലൈസൻസുണ്ടോയെന്ന് പരിശോധിക്കാതെയാണ് ഷാമിൽ ഖാൻ വാഹനം നൽകിയതെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു.
Source link