തിരുവനന്തപുരം – കാസര്‍കോട് വന്ദേഭാരതിന് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്? സെന്‍ട്രലില്‍ നടന്നത് വിശദമായ പരിശോധന

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ബി ക്യാബിനിന് സമീപം കുടുങ്ങിയ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചു. നാളെ (വെള്ളിയാഴ്ച) മുതല്‍ ട്രെയിന്‍ സാധാരണഗതിയില്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. വന്ദേഭാരത് റേക്കിന് കാര്യമായ പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും ഒരു മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം തന്നെ ശക്തമായ പരിശോധനയും നടപടിയും സ്വീകരിച്ചതെന്നും അധികൃതര്‍ പറയുന്നു.
ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വൈകുന്നേരം 5.28ന് എത്തിയ ട്രെയിന്‍ അവിടെ നിന്ന് അടുത്ത സ്റ്റേഷനായ തൃശൂരിലേക്ക് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് വിശദമായ പരിശോധന നടത്തുകയും പാലത്തിന് സമീപത്ത് നിന്ന് തിരികെ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ എത്തിച്ച് വീണ്ടും പരിശോധിക്കുകയുമായിരുന്നു. സാങ്കേതിക തകരാര്‍ കണ്ടെത്തുമ്പോഴും ട്രെയിന്‍ മുന്നോട്ട് പോകുന്നതിന് കാര്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
ഇത്രയും അധികം യാത്രക്കാര്‍ ഉണ്ടായിരുന്നതിനാല്‍ ചെറിയ ഒരു പ്രശ്‌നം കണ്ടെത്തിയപ്പോള്‍ തന്നെ അത് പരിശോധിക്കാന്‍ തീരുമാനിച്ചതാണ്. അതിന് സ്വാഭാവികമായി ഉണ്ടാകുന്ന കാലതാമസം മാത്രമാണ് ബുധനാഴ്ച ഉണ്ടായതെന്നാണ് വിവരം. വന്ദേഭാരതിന്റെ സ്ഥിരം എഞ്ചിന്‍ ഉപയോഗിച്ച് സര്‍വീസ് നടത്താന്‍ കഴിയുമായിരുന്നു, എന്നാല്‍ വൈകിയ വേളയില്‍ പിന്നീട് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായാലുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് മറ്റൊരു ലോക്കോ ഉപയോഗിച്ച് ട്രെയിന്‍ ഓടിച്ചത്.
രാത്രി 10.40ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തേണ്ട ട്രെയിന്‍ മൂന്ന് മണിക്കൂറും 33 മിനിറ്റും വൈകി വ്യാഴാഴ്ച പുലര്‍ച്ചെ 2.13ന് ആണ് തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നത്. വ്യാഴാഴ്ച ദിവസങ്ങളില്‍ തിരുവനന്തപുരം – കാസര്‍കോട് വന്ദേഭാരത് സര്‍വീസ് നടത്താറില്ല. അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് വെച്ച് വിശദമായ പരിശോധന നടത്താന്‍ സാധിച്ചു. എല്ലാ ആഴ്ചകളിലും വ്യാഴാഴ്ച നടത്തുന്ന പതിവ് മെയിന്റെയ്‌നന്‍സിന് പുറമേ വിശദമായ ചെക്കപ്പും നടത്തി. ഇതിന് പിന്നാലെയാണ് നാളെ മുതല്‍ സര്‍വീസ് നടത്തുന്നതിന് തടസ്സമില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
ട്രെയിനിന് വിശദമായ പരിശോധനയാണ് മെക്കാനിക്കല്‍ വിഭാഗം നടത്തിയത്. ഓട്ടോമാറ്റഡ് ഡോറുകള്‍ക്കോ മറ്റ് സുരക്ഷാ യൂണിറ്റുകള്‍ക്കോ യാതൊരു പ്രശ്‌നങ്ങളും നിലവില്‍ റേക്കില്‍ ഇല്ല. അതിനാല്‍ തന്നെ സാധാരണ സര്‍വീസ് തുടരുന്നതിന് തടസ്സമില്ലെന്നും മറ്റൊരു റേക്ക് ഉപയോഗിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും റെയില്‍വേ അധികൃതര്‍ കേരളകൗമുദി ഓണ്‍ലൈനിനോട് പറഞ്ഞു.
Source link