കേരളത്തിൽ നിന്ന് 2000 പേർ കർണാടകയിലേക്ക് കുടിയേറി, ഇനിയും വർദ്ധിക്കുമെന്ന് സൂചന

കൊച്ചി: ജോലി തേടി അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വടക്കൻ ജില്ലക്കാരുടെ ഒഴുക്ക് തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പലരും കുടുംബത്തോടൊപ്പം കേരളത്തിൽ മെച്ചപ്പെട്ട ജീവിതവും നയിക്കുന്നുണ്ട്. ഈ അവസരത്തിലാണ് രണ്ടായിരത്തോളം കർഷകർ നമ്മുടെ സംസ്ഥാനത്ത് നിന്ന് കർണാടകയിലേക്ക് കുടിയേറിയെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. റബ്ബർ ടാപ്പിംഗ് തൊഴിലാളികളാണ് കർണാടകയിലേക്ക് കുടിയേറിയത്.

സ്വതന്ത്ര റബ്ബർ ടാപ്പിങ് സമിതിയുടെ കണക്കനുസരിച്ച് പത്തുവർഷത്തിനിടെ രണ്ടായിരത്തോളം ടാപ്പിങ് തൊഴിലാളികൾ കർണാടകയിലേക്ക് പോയിട്ടുണ്ട്. കർണാടകത്തിലെ പുത്തൂർ, കർക്കള, ബൽത്തങ്ങാടി എന്നിവിടങ്ങളിലേക്കാണ് കൂടുതൽപേരും പോയിട്ടുള്ളത്. എന്നാൽ റബ്ബർ ബോർഡിന്റെ പക്കൽ ഇതുസംബന്ധിച്ച കണക്കൊന്നുമില്ല. കേരളത്തിൽ ഒരുമരത്തിന് വെട്ടുകൂലിയായി 2.50 രൂപ ലഭിക്കുമ്പോൾ കർണാടകത്തിൽ നാലുരൂപവരെ ലഭിക്കുന്നുണ്ട്. ഉത്പാദനം കൂടുതലുള്ളതിനാൽ കർണാടകത്തിൽ തോട്ടം കരാറെടുത്ത് ടാപ്പ് ചെയ്യുന്നത് ലാഭകരമാണെന്ന് ടാപ്പിംഗ് തൊഴിലാളികളും പറയുന്നു. കൂടുതൽ മാസങ്ങൾ അവിടെ ടാപ്പിംഗ് ചെയ്യാനാവുമെന്നതും പ്രയോജനകരമാണ്.

അതേസമയം, കൂലി കൂടുതൽതേടി കേരളത്തിൽനിന്ന് ടാപ്പിങ് തൊഴിലാളികൾ കർണാടകത്തിലേക്ക് കുടിയേറുന്നത് സംസ്ഥാനത്തെ റബ്ബർ കർഷകരെ വലയ്‌ക്കുകയാണ്. തൊഴിലാളികളുടെ കുറവുമൂലം കേരളത്തിലെ പല തോട്ടങ്ങളിലും ടാപ്പിംഗ് കൃത്യമായി നടക്കുന്നില്ല. കർഷകർ സ്വന്തമായി ചെയ്യുന്ന തോട്ടങ്ങളിൽ മാത്രമാണ് കൃത്യമായി ടാപ്പിങ് നടക്കുന്നത്. കാലാവസ്ഥാമാറ്റം മൂലമുള്ള ഉത്പാദനക്കുറവും വന്യമൃഗശല്യവും കേരളത്തിലെ റബ്ബർക്കൃഷിക്ക് വെല്ലുവിളിയാണ്. വരുമാനം, ടാപ്പിങ് തൊഴിലാളിയും ഉടമയും തുല്യമായി വീതിക്കുന്ന പങ്ക് രീതിയിലാണ് പലരും മുന്നോട്ടുകൊണ്ടുപോകുന്നത്.

റബ്ബർ വില കുതിക്കുന്നു

ഉത്പാദനത്തിലെ ഇടിവിനൊപ്പം വാങ്ങൽ താത്പര്യം കൂടിയോടെ റബർ വില കിലോയ്ക്ക് 200 രൂപയിലെത്തുമെന്ന പ്രതീക്ഷയിലാണ് കർഷകർ. മഴ ടാപ്പിംഗ് കുറച്ചതോടെ കഴിഞ്ഞ വാരം റബർ വില 170 രൂപയിൽ നിന്ന് 180 രൂപയായി ഉയർന്നു. എന്നാൽ ഉത്പാദനമില്ലാത്തതിനാൽ കർഷകർക്ക് വില വർദ്ധനയുടെ നേട്ടം ലഭിച്ചില്ല.

റബർ ബോർഡ് വില 185 രൂപയിലും വ്യാപാരി വില 177രൂപയിലുമാണ്. വിപണി ഇടപെടലിലൂടെ വിലയിലെ എട്ടു രൂപ വ്യത്യാസം കുറയ്ക്കാൻ റബർ ബോർഡിന് കഴിയുമോയെന്നാണ് കർഷകർ ഉറ്റുനോക്കുന്നത്, ലാറ്റക്സ്, ഒട്ടുപാൽ വിലയിലും നേരിയ വർദ്ധനയുണ്ട്. ലാറ്റക്സ് വില 150-160 രൂപയിലേക്കും ഒട്ടുപാൽ 120-130 രൂപയിലേക്കും ഉയർന്നു. ഇല കൊഴിച്ചിലും ഉത്പാദനം കുറച്ചു. ഉത്പാദന ചെലവായ 200 രൂപ വില കിട്ടുന്നതുവരെ വിപണിയിൽ നിന്ന് വിട്ടുനിൽക്കാനാണ് കർഷക സംഘടനകൾ നിർദ്ദേശിക്കുന്നത്.

ഇതിനിടെ അന്താരാഷ്ട്ര വില താഴേക്ക് നീങ്ങുകയാണ്. ബാങ്കോക്കിൽ വില 199 രൂപയിൽ നിന്ന് 190 രൂപയിലേക്കും, ചൈന 195ൽ നിന്ന് 192രൂപയിലേക്കും, ടോക്കിയോ വില 199ൽ നിന്ന് 190 രൂപയിലേക്കും താഴ്ന്നു.


Source link
Exit mobile version