രാഹുലിന്റെയും പ്രിയങ്കയുടെയും സംഭാൽ യാത്ര തടഞ്ഞ് പൊലീസ്
ന്യൂഡൽഹി: ഷാഹി മസ്ജിദ് സർവേ സംഘർഷത്തിൽ അഞ്ച് യുവാക്കൾ കൊല്ലപ്പെട്ട സംഭാൽ സന്ദർശിക്കാൻ എത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വയനാട് എം.പി പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ അടക്കമുള്ളവരെ തടഞ്ഞ് ഉത്തർപ്രദേശ് പൊലീസ്. ഡിസംബർ 10വരെ പുറത്തുനിന്നുള്ളവർക്ക് പ്രവേശനം നിരോധിച്ചത് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി.
സന്ദർശനം ഒഴിവാക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ട പൊലീസ് ഡൽഹി അതിർത്തിയിലെ ഗാസിപ്പൂരിൽ സംഘത്തെ തടഞ്ഞു. പൊലീസുമായി നേതാക്കൾ തർക്കിച്ചു. രണ്ട് മണിക്കൂറിന് ശേഷം മടങ്ങി.
വാഹന വ്യൂഹം തടഞ്ഞത് 6 കിലോമീറ്ററോളം ഗതാഗതക്കുരുക്കുണ്ടാക്കി. വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. നിരോധനം നീക്കിയ ശേഷം സന്ദർശനം അനുവദിക്കാമെന്ന് പൊലീസ് പറഞ്ഞതായി കെ.സി. വേണുഗോപാൽ അറിയിച്ചു. പ്രതിപക്ഷ നേതാവായ രാഹുലിന് ഭരണഘടനാപരമായ അവകാശങ്ങളുണ്ടെന്നും അദ്ദേഹത്തെ തടയാനാവില്ലെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
അവകാശം ലംഘിച്ചു: രാഹുൽ ഗാന്ധി
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ, പോകേണ്ടത് എന്റെ അവകാശമാണ്. ഒറ്റയ‌്‌ക്ക് പൊലീസിനൊപ്പം പോകാനും തയ്യാറായിരുന്നു. അതും അംഗീകരിച്ചില്ല. കുറച്ചു ദിവസത്തിനു ശേഷം അനുവദിക്കാമെന്നാണ് പറയുന്നത്. ഇത് പ്രതിപക്ഷ നേതാവിന്റെ അവകാശങ്ങൾക്കും ഭരണഘടനയ്ക്കും എതിരാണ്. സംഭാലിൽ എന്താണ് സംഭവിച്ചതെന്ന് കാണണം. അംബേദ്കറുടെ ഭരണഘടന ഇല്ലാതാക്കാനുള്ള നീക്കമാണിത്.
2 ജയിൽ ഉദ്യോഗസ്ഥരെ
സസ്പെൻഡ് ചെയ്തു
സംഭൽ ആക്രമണവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്നവരെ കാണാൻ സമാജ് വാദി പാർട്ടി നേതാക്കൾക്ക് അനുമതി നൽകിയ രണ്ട് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
മുസ്ലിം വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താൻ രാഹുൽ നടത്തിയ നാടകമാണിത്. സംഭാലിൽ നിരോധനാജ്ഞ ഉള്ളതിനാലാണ് തടഞ്ഞത്.
കേശവ് പ്രസാദ് മൗര്യ,
ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി
Source link