KERALAM

പഴകിയ എണ്ണ ഇനി കളയേണ്ട, ആവശ്യക്കാരേറെ; മികച്ച വരുമാനം നേടാം

കൊല്ലം: പാകം ചെയ്ത് പഴകിയ എണ്ണ സംഭരിച്ച് ജൈവഡീസലും (ബയോ ഡീസൽ) സോപ്പും നിർമ്മിക്കാൻ ഭക്ഷ്യ സുരക്ഷവകുപ്പ് നടപ്പാക്കിയ റൂക്കോ (റീപ്പർപ്പസ് കുക്കിംഗ് ഓയിൽ) പദ്ധതിക്ക് വൻ സ്വീകാര്യത. ഫുഡ് സ്റ്റാൻഡേർഡ് സേഫ്ടി അതോറിട്ടി അംഗീകാരമുള്ള മൂന്ന് കമ്പനികൾ ജില്ലയിൽ നിന്ന് പ്രതിമാസം ശരാശരി 50,000 ലിറ്റർ പഴകിയ എണ്ണ ശേഖരിക്കുന്നുണ്ട്.

ലിറ്ററിന് 40 മുതൽ 50 രൂപ വരെ നൽകിയാണ് കമ്പനികൾ എണ്ണ വാങ്ങുന്നത്. സോപ്പ് നിർമ്മാണത്തിന് മറ്റൊരു കമ്പനിക്കും അനുമതിയുണ്ട്. കമ്പനി നൽകുന്ന പ്രത്യേക ക്യാനിലാണ് കടക്കാർ എണ്ണ സൂക്ഷിക്കേണ്ടത്. 10 ദിവസം കൂടുമ്പോൾ അധികൃതരെത്തി ലിറ്റർ അനുസരിച്ച് വില നൽകും. കേരളത്തിന് പുറമേ ചെന്നൈ, കോയമ്പത്തൂർ, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളും ബയോ ഡീസൽ നിർമ്മാണത്തിന്റെ ഭാഗമായി പഴകിയ എണ്ണ ജില്ലയിൽ നിന്ന് ശേഖരിക്കുന്നുണ്ട്. കമ്പനികൾ നേരിട്ട് ശേഖരിക്കുന്നതിന് പുറമേ പൊതുജനങ്ങൾക്കും കമ്പനികൾക്ക് എണ്ണ നൽകാൻ അവസരമുണ്ട്.

പഴകിയ എണ്ണ സംസ്ഥാനത്തെ വിവിധ പ്ലാന്റുകളിലെത്തിച്ച് മെഥനോളുമായി ചേർത്ത് ചൂടാക്കി വിവിധ ഘട്ടങ്ങളിലൂടെ സംസ്‌കരിച്ചാണ് ബയോ ഡീസൽ നിർമ്മിക്കുന്നത്. 85 മുതൽ 90 രൂപയ്ക്ക് വരെയാണ് ലിറ്റർ വിൽക്കുന്നത്. സാദാ ഡീസലിനേക്കാൾ ലിറ്ററിന് 10 രൂപ വരെ കുറവുള്ള ബയോ ഡീസലിന് അന്തരീക്ഷ മലിനീകരണവും കുറവാണ്.

ആവശ്യക്കാരേറെ

കോഴിക്കോട്, കാസർകോട്, തൃശൂർ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലാണ് ബയോഡീസൽ കമ്പനികൾ പ്രവർത്തിക്കുന്നത്. സ്വകാര്യ ബസുകളും ഓട്ടോകളുമാണ് ബയോഡീസലിന്റെ പ്രധാന ഉപഭോക്താക്കൾ. കമ്പനിയിൽ നേരിട്ടെത്തി വാങ്ങുമ്പോൾ ലിറ്ററിന് 90 രൂപ പ്രകാരം ലഭിക്കും. എണ്ണ കമ്പനികൾക്ക് 100 രൂപ നിരക്കിലാണ് നൽകുന്നത്. പെട്രോളിയം മന്ത്രാലയത്തിന്റെ നിർദേശാനുസരണം സാദാ ഡീസലിനൊപ്പം ചെറിയ അളവിൽ ബയോഡീസലും ചേർത്താണ് എണ്ണ കമ്പനികൾ വിൽപ്പന നടത്തുന്നത്. മലപ്പുറത്താണ് സോപ്പ് നിർമ്മാണകമ്പനി പ്രവർത്തിക്കുന്നത്.


തട്ടുകടകളിലും ഹോട്ടലുകളിലും ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാൻ പാടില്ല. ടി.പി.സി (ടോട്ടൽ പോളാർ കോമ്പൗണ്ട്സ്) 25ൽ കൂടുതൽ ഉള്ള എണ്ണ പാകം ചെയ്യാൻ ഉപയോഗിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പരിശോധന ശക്തമാക്കും. തട്ടുകടകളും ഹോട്ടലുകളും റൂക്കോപദ്ധതിയിൽ രജിസ്റ്റർ ചെയ്യണം. പദ്ധതി കൂടുതൽേപേരിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കും



ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ


Source link

Related Articles

Back to top button