തിരുവനന്തപുരം: ഇന്നലെ എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനും യു.ആർ.പ്രദീപിനും സ്പീക്കർ എ.എൻ. ഷംസീർ ഉപഹാരമായി ട്രോളിബാഗ് നൽകിയത് ചർച്ചകൾക്ക് തിരി കൊളുത്തി. സ്പീക്കർ നൽകിയ ബാഗിന്റെ നിറം നീലയായതാണ് കാരണം. പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ നീല ട്രോളിബാഗ് വിവാദവുമായാണ് ഇതിനെ കൂട്ടിക്കെട്ടിയത്.
സത്യപ്രതിജ്ഞയ്ക്ക് ശേഷം എം.എൽ.എമാർ സ്പീക്കറുടെ ചേംബറിലെത്തിയശേഷം നിയമസഭാ സെക്രട്ടേറിയറ്റിന് വേണ്ടി സെക്രട്ടറിയാണ് ഉപഹാരം നൽകിയത്. പിന്നീട് ബാഗുകൾ എം.എൽ.എ ഹോസ്റ്റലിലേക്ക് എത്തിച്ചു. എന്നാൽ, ഇക്കാര്യത്തിൽ ഒരു വിവാദത്തിനും അടിസ്ഥാനമില്ലെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞാൽ പുതിയ എം.എൽ.എമാർക്ക് ഉപഹാരം നൽകുന്ന പതിവുണ്ട്.
ഭരണഘടന, നിയമസഭാ ചട്ടങ്ങൾ, പേനകൾ ഉൾപ്പെടെയുള്ള സാധനങ്ങളാണ് ബാഗിലുൾപ്പെടുത്തുക.നേരത്തെ ഒന്നിച്ചു വാങ്ങി സൂക്ഷിച്ചിരുന്ന ബാഗുകളിൽ മിച്ചമുണ്ടായിരുന്നതാണ് ഇരുവർക്കും നൽകിയത്. ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്ത ശേഷവും ഇതേ നിറത്തിലെ ബാഗാണ് നൽകിയത്.
ഇരിപ്പിടം കിട്ടാതെ
മന്ത്രി രാജേഷ്
സത്യപ്രതിജ്ഞാ ചടങ്ങിൽ മന്ത്രി എം.ബി.രാജേഷിന് ഇരിപ്പിടം കിട്ടിയില്ല. സദസിനൊപ്പമിരുന്നാണ് അദ്ദേഹം ചടങ്ങ് വീക്ഷിച്ചത്. സ്പീക്കറും മുഖ്യമന്ത്രിയും ഒരുമിച്ചാണ് ഹാളിലേക്ക് എത്തിയത്. തുടർന്ന് ഇരുവരെയും വേദിയിലേക്ക് ആനയിച്ചു. പിന്നീട്
മന്ത്രിമാരും. ചടങ്ങിന് ഏതാനും നിമിഷം മുമ്പ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും എത്തി. അതുകഴിഞ്ഞ് മന്ത്രി രാജേഷ് എത്തിയപ്പോൾ വേദിയിൽ ഇരിപ്പിടം ബാക്കിയുണ്ടായിരുന്നില്ല. നിയമസഭാ സെക്രട്ടറി കൃഷ്ണകുമാറാണ് സത്യപ്രതിജ്ഞയ്ക്കായി ജനപ്രതിനിധികളെ ക്ഷണിച്ചത്.
Source link