അവിശ്വാസം പാസായി; ഫ്രഞ്ച് പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയര്‍ പുറത്ത്

പാരീസ്: ഫ്രഞ്ച് പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയര്‍ക്കുനേരേ പ്രതിപക്ഷപാര്‍ട്ടികള്‍ ബുധനാഴ്ച കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇടതുപാര്‍ട്ടികളും തീവ്രവലതുപാര്‍ട്ടികളും ഒന്നിച്ചതോടെയാണ് പ്രമേയം പാസായത്. 331 എം.പി.മാര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തു. ബജറ്റ് ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവങ്ങള്‍ക്കാധാരം. 1962-നുശേഷം അവശ്വാസപ്രമേയത്തിലൂടെ ഫ്രാന്‍സില്‍ അധികാരത്തില്‍നിന്ന് പുറത്താകുന്ന ആദ്യ സര്‍ക്കാരാണ് ബാര്‍ണിയറുടേത്.ഫ്രാന്‍സിന്റെ ധനക്കമ്മി കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ബജറ്റിന്, ഭരണഘടനയിലെ പ്രത്യേക അധികാരം പ്രയോഗിച്ച് പ്രധാനമന്ത്രി അംഗീകാരംനല്‍കുകയായിരുന്നു. പാര്‍ലമെന്റില്‍ വോട്ടെടുപ്പില്ലാതെ നിയമനിര്‍മാണം നടത്താന്‍ അനുവദിക്കുന്ന ഭരണഘടനയിലെ അനുച്ഛേദം 49.3 ആണ് പ്രധാനമന്ത്രി പ്രയോഗിച്ചത്. ബജറ്റിലെ നികുതിവര്‍ധന, ചെലവുചുരുക്കല്‍ തുടങ്ങിയ കാര്യങ്ങളെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തിരുന്നു. കക്ഷിരാഷ്ട്രീയത്തേക്കാള്‍ രാജ്യത്തിന്റെ ഭാവിക്ക് മുന്‍ഗണന നല്‍കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് ബാര്‍ണിയര്‍ തന്റെ തീരുമാനത്തെ ന്യായീകരിച്ചു.
Source link