‘ആഴമുള്ള  മുറിവിൽ  മുളകുപൊടി  വിതറുന്നതുപോലെ’; 17കാരിയായ മകൾ ഗർഭിണിയാണെന്ന വിവരം മറച്ചുവച്ച അമ്മയ്‌ക്കെതിരായ കേസ് റദ്ദാക്കി

കൊച്ചി:പ്രായപൂർത്തിയാകാത്ത മകൾ ഗ‌ർഭിണിയാണെന്ന വിവരം പൊലീസിനെ അറിയിക്കാതെ മറച്ചുവച്ചെന്ന പേരിൽ അമ്മയ്‌ക്കെതിരെ എടുത്ത കേസ് ഹെെക്കോടതി റദ്ദാക്കി. ആഴമുള്ള മുറിവിൽ മുളകുപൊടി വിതറുന്നതുപോലെയാണ് ഇത്തരം കേസുകളെന്ന് വിലയിരുത്തിയാണ് നടപടി. ജസ്റ്റിസ് എ ബദറുദ്ദീനാണ് കേസ് റദ്ദാക്കിയത്.

17കാരിയായ മകൾ ഗർഭിണിയായ വിവരം പൊലീസിനെ അറിയിച്ചില്ലെന്ന് ആരോപിച്ച് 2021ലാണ് കേസെടുത്തത്. തൃശൂർ അഡിഷണൽ ജില്ലാ കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ തുടർനടപടികളാണ് ഹെെക്കോടതി ഇപ്പോൾ റദ്ദാക്കിയത്. വയറുവേദനയെ തുടർന്ന് പരിശോധനക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരമറിയുന്നത്.

തുടർന്ന് മെഡിക്കൽ കോളേജിൽ ഹാജരാക്കാൻ ഡോക്ടർ നിർദേശിച്ചെങ്കിലും സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചത്. ജൂൺ മൂന്നിന് ഡോക്ടറാണ് പൊലീസിനെ വിവരം അറിയിച്ചത്. പീഡനത്തിന് ഇരയാക്കിയയാളെ ഒന്നാം പ്രതിയും പീഡനത്തിനിരയായ വിവരം അറിയിക്കാത്തതിന് പോക്സോ നിയമപ്രകാരം അമ്മയെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തത്.


Source link
Exit mobile version