KERALAMLATEST NEWS

‘സീരിയലുകൾക്ക് സെൻസറിംഗ് വേണം, എൻഡോസൾഫാൻ  പോലെ  മാരകം’; പ്രേംകുമാർ

കൊച്ചി: സീരിയലുകൾക്ക് സെൻസറിംഗ് ആവശ്യമാണെന്ന് നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരിസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കെെകാര്യം ചെയ്യുന്നത്. അത് പാളിപ്പോയാൽ ഒരു ജനതയെ തന്നെ അപചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല സൃഷ്ടിക്കുന്നവർക്ക് ഉണ്ടാകണമെന്നും പ്രേംകുമാർ പറഞ്ഞു. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില മലയാള സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും നടൻ കൂട്ടിച്ചേർത്തു.

‘എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ല. കലാകാരന് ആതിരുകളില്ലാത്ത ആവിഷ്കാരസ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. സിനിമയിൽ സെൻസറിംഗ് ഉണ്ട്. എന്നാൽ ടെലിവിഷൻ സീരിയലുകൾക്കില്ല. അതിൽ പ്രായോഗിക പ്രശ്നങ്ങളുണ്ട്. അന്നന്ന് ഷൂട്ട് ചെയ്യുന്നത് അതേദിവസം തന്നെ കാണിക്കുകയാണെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്.

അതിനിടെ സെൻസറിംഗിന് സമയമില്ല. എന്നാൽ ടെലിവിഷൻ സീരിയലുകൾ കുടുംബ സദസുകളിലേക്കാണ് എത്തുന്നത്. ഈ ദൃശ്യങ്ങളുടെ ശീലത്തിൽ വളരുന്ന കുട്ടികൾ ഇതാണ് ജീവിതം,​ ഇങ്ങനെയാണ് മനുഷ്യബന്ധങ്ങൾ എന്നൊക്കെയാകും കരുതുക. അങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടാകുന്ന തലമുറയെ കുറിച്ചുള്ള ആശങ്കയാണ് ഞാൻ പങ്കുവയ്ക്കുന്നത്. കല കെെകാര്യം ചെയ്യുന്നവർക്ക് ആ ഉത്തരവാദിത്തം വേണം’,- പ്രേംകുമാർ വ്യക്തമാക്കി.

29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രജിസ്‌ട്രേഷനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ രജിസ്‌ട്രേഷൻ അയ്യായിരം കവിഞ്ഞുവെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ പറഞ്ഞു.


Source link

Related Articles

Back to top button