‘എനിക്ക് അപകടം സംഭവിച്ച സമയത്തും അമ്മ ഷൂട്ടിന് പോയി, ആളുകൾ പലതും പറഞ്ഞുണ്ടാക്കി’;കെപിഎസി ലളിതയെക്കുറിച്ച് മകൻ പറഞ്ഞത്

പ്രതീക്ഷിക്കാതെയാണ് സിനിമയിൽ എത്തിയതെന്ന് വെളിപ്പെടുത്തി സംവിധായകനും നടനുമായ സിദ്ധാർത്ഥ് ഭരതൻ. അഭിനയിച്ച സിനിമളൊന്നും വിജയിക്കാതെ പോയതിന് പിന്നിലെ കാരണങ്ങളും അദ്ദേഹം തുറന്നുപറഞ്ഞു. ജീവിതത്തിൽ അമ്മയായ കെപിഎസി ലളിതയെ പോലെ മറ്റാരും തന്നെ മനസിലാക്കിയിട്ടില്ലെന്ന് സിദ്ധാർത്ഥ് കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

‘നമ്മൾ എന്ന ചിത്രത്തിൽ ഞാൻ അഭിനയിക്കുമ്പോൾ 19 വയസായിരുന്നു. അന്ന് സിനിമയെക്കുറിച്ച് കൂടുതൽ അറിയില്ലായിരുന്നു. സിനിമയിൽ അഭിനയിക്കാൻ ഒരു അവസരം കിട്ടിയപ്പോൾ അത് നിരസിക്കാൻ തോന്നിയില്ല. എല്ലാവരും ആഗ്രഹിക്കുന്ന കാര്യം എനിക്ക് എളുപ്പത്തിൽ ലഭിച്ചു. എന്റെ സഹോദരിയുടെ വിവാഹത്തിന് സിനിമയുടെ സംവിധായകൻ കമൽ സാറും നിർമാതാവ് ഡേവിഡ് കച്ചപ്പളളിയും വന്നിരുന്നു. അവിടെ വച്ചാണ് അവർ എന്നെ കണ്ടത്. അങ്ങനെ സിനിമയിൽ അഭിനയിച്ചു.

സിനിമയുടെ റിലീസിനുശേഷം കൂടുതലും താമസിച്ചത് തിരുവനന്തപുരത്തായിരുന്നു. വടക്കാഞ്ചേരിയിലും വീടുണ്ടായിരുന്നു. രണ്ട് സ്ഥലത്തേക്കും ട്രെയിനിലാണ് പോകുന്നത്. ഇടയ്ക്ക് ഒരു യാത്രയിൽ ഒരാൾക്ക് എന്നെ മനസിലായി.അപ്പോഴാണ് ഇനിയും സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹമുണ്ടായത്. അങ്ങനെ അഭിനയിച്ചു. അതൊന്നും വിജയിച്ചിച്ചിരുന്നില്ല. ഇതോടെ എനിക്ക് സംശയമായി. എന്റെ വഴി സിനിമയാണോ എന്ന സംശയം ഉണ്ടായി. അങ്ങനെയിരിക്കെയാണ് ഞാൻ രസികൻ സിനിമ ചെയ്തതത്. അവിടെ വച്ചാണ് സംവിധായകൻ രാജീവ് രവിയുമായി സൗഹൃദത്തിലാകുന്നത്. ആ സൗഹൃദമാണ് സംവിധാനത്തിലേക്ക് എത്തിച്ചത്’- അദ്ദേഹം പറഞ്ഞു.

അപകടം സംഭവിച്ച സമയത്തുണ്ടായ അനുഭവങ്ങളെക്കുറിച്ചും സിദ്ധാർത്ഥ് പങ്കുവച്ചു.’എനിക്ക് അപകടം പ​റ്റിയ സമയത്ത് വരെ അമ്മ അഭിനയിക്കാൻ പോയിട്ടുണ്ട്. അമ്മയ്ക്ക് സങ്കടം കുറച്ച് സമയമെങ്കിലും മറക്കാനുളള ഒരു വഴിയായിരുന്നു.കൊവിഡ് ബാധിച്ച സമയത്ത് അമ്മ ഒരുപാട് നിരാശയിലായിരുന്നു. അമ്മയുടെ ആരോഗ്യം മോശമായതുകൊണ്ട് ഞാൻ അധികം പുറത്തുപോകാനൊന്നും സമ്മതിച്ചിട്ടില്ല. ഭീഷ്മപർവം എന്ന സിനിമയിൽ അഭിനയിക്കുമ്പോഴും അമ്മയ്ക്ക് അസുഖമായിരുന്നു. പക്ഷെ അമ്മ സന്തോഷവതിയായിരുന്നു.അമ്മയ്ക്ക് മാത്രമേ എന്നെ കൃത്യമായി അറിയാവൂ. ആളുകൾക്ക് ഇഷ്ടപ്പെട്ട വില്ലനായിരിക്കും ഞാൻ. അല്ലെങ്കിൽ എന്റെ അപകടത്തിനെക്കുറിച്ച് പലതും പറഞ്ഞുണ്ടാക്കുമായിരുന്നില്ല’- സിദ്ധാർത്ഥ് വ്യക്തമാക്കി.


Source link
Exit mobile version