‘അണ്ണന് പെണ്ണ് കിട്ടി’; ബാഹുബലി താരം സുബ്ബരാജു വിവാഹിതനായി, ആഗ്രഹം പൂവണിഞ്ഞത് 47-ാം വയസിൽ
വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ തെലുങ്ക് നടൻ സുബ്ബരാജു വിവാഹിതനായി. ‘ബാഹുബലി’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ താരമാണ് സുബ്ബരാജു. ഇപ്പോഴിതാ നടൻ തന്നെയാണ് വിവാഹിതനായ കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. 47-ാം വയസിലാണ് താരത്തിന്റെ വിവാഹം. വിവാഹ വേഷത്തിൽ ഭാര്യയ്ക്കൊപ്പം ബീച്ചിൽ നിൽക്കുന്ന ചിത്രങ്ങൾക്ക് ‘അവസാനം വിവാഹിതനായി’ എന്ന ക്യാപ്ഷനോടെയാണ് സുബ്ബരാജു പോസ്റ്റിട്ടിരിക്കുന്നത്.
സിൽക്ക് കുർത്തയും മുണ്ടുമാണ് സുബ്ബരാജു അണിഞ്ഞിരിക്കുന്നത്. ചുവപ്പ് പട്ടുസാരിയാണ് വധുവിന്റെ വേഷം. വധുവിനെക്കുറിച്ചോ വിവാഹത്തിന്റെ കൂടുതൽ വിവരങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല. ഇതോടെ നവദമ്പതികൾക്ക് ആശംസകളുമായി നിരവധിപേരാണ് എത്തുന്നത്. ജീവിതം കളറാക്കൂ, അണ്ണന് പെണ്ണ് കിട്ടിയല്ലോ തുടങ്ങിയ തരത്തിലാണ് കമന്റുകൾ വരുന്നത്.
ആന്ധ്രാപ്രദേശിലെ ഭീമാവാരം സ്വദേശിയാണ് സുബ്ബരാജു. തെലുങ്ക് കൂടാതെ, തമിഴ്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷാചിത്രങ്ങളിലും സുബ്ബരാജു അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ തസ്‌കരവീരൻ, സൗണ്ട് തോമ എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു. ബാഹുബലിയിലെ ‘കുമാരൻ’ എന്ന വേഷം നടനെ എക്കാലവും ശ്രദ്ധിക്കപ്പെടുന്നതാണ്. ‘ജിതേന്ദ്രർ റെഡ്ഡി’ ആണ് സുബ്ബരാജുവിന്റെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം.
Source link