സൂപ്പർസ്റ്റാറിനൊപ്പം ചായയും സെൽഫിലും ആയാലോ, തൃശൂരിലേക്ക് വിട്ടോളൂ; വെറും 10 രൂപ മുടക്കിയാൽ ആഗ്രഹം സാധിക്കും
സൂപ്പർസ്റ്റാറിനൊപ്പം ഒരു ചായകുടി, പിന്നൊരു സെൽഫി… അത്രയെളുപ്പം നടക്കാത്തതാണ് ഈ മോഹമെന്ന് വിചാരിച്ച് നിരാശപ്പെടേണ്ട. തൃശൂരിലേക്ക് വിട്ടാൽ മതി. കേന്ദ്രമന്ത്രിയും സിനിമാതാരവുമായ സുരേഷ് ഗോപിയോടൊപ്പമാണ് സെൽഫിയെടുപ്പും ചായകുടിയും എന്ന് തെറ്റിദ്ധരിക്കരുതേ. ഒറിജിനലിനെ തോൽപ്പിക്കുന്ന തരത്തിൽ, അനശ്വര നടൻ ജയന്റെ ഫിഗറിൽ തൃശൂർ നഗരത്തിൽ ചായവിൽക്കുന്ന ‘ജയൻ അഷറഫി’നോടൊപ്പം സെൽഫിയെടുക്കാനാണ് അവസരം ലഭിക്കുന്നത്. ജയൻ അഷ്റഫ് തൃശൂരുമാത്രമല്ല കേരളം തന്നെ ഇങ്ങെടുത്തിരിക്കുകയാണ് ഇപ്പോൾ. ഉപജീവനത്തിന് തുടങ്ങിയതാണെങ്കിലും കക്ഷി ഇപ്പോൾ ഒരു സെലിബ്രിറ്റിയാണ്. വിവാഹങ്ങൾക്കും ഉദ്ഘാടനത്തിനുമെല്ലാം ജയൻ ഇല്ലാതെ പറ്റാത്ത സ്ഥിതിയായി ഇപ്പോൾ. ജയന്റെ വേഷമണിയേണ്ടിവന്നതിന് പിന്നിൽ കണ്ണീരുപ്പുകലർന്ന കഥയുണ്ടെങ്കിലും ജയന്റെയും ദൈവത്തിന്റെയും അനുഗ്രഹം മൂലം ഇപ്പോൾ പതിയെ ചിരിയുടെ പൂക്കാലത്തിലേക്ക് ജീവിതം എത്തിക്കൊണ്ടിരിക്കുകയാണ്.
വീണ്ടും അണിഞ്ഞത് ഒരിക്കൽ അഴിച്ചുവച്ച വേഷം
കോമഡി ഷോകളിലും മിമിക്രി വേദികളിലും ഫിഗർ ഷോ കലാകാരനായും മിമിക്രി താരവുമായിരുന്ന അഷറഫ് ജീവിത ബുദ്ധിമുട്ടുകൾ കടുത്തതോടെ വേദിയോട് വിടപറഞ്ഞ് പ്രവാസിയായി. പതിനഞ്ചുവർഷത്തോളം അറബിനാട്ടിൽ വിയർപ്പൊഴുക്കിയ അദ്ദേഹം മൂന്നുസഹോദരിമാരെ വിവാഹം കഴിപ്പിച്ചുവിട്ടു. ആദ്യം ഷാർജയിലെ കുബ്ബൂസ് കടയിലായിരുന്നു ജോലി. സഹോദരിമാരുടെ വിവാഹം കഴിഞ്ഞതോടെ നാട്ടിലേക്കുവന്നു. ഒരു വീടെന്ന സ്വപ്നം പൂവണിയിക്കാൻ കുറച്ചുനാളുകൾക്കുശേഷം വീണ്ടും ഗൾഫിലേക്ക് പോയി. ഇത്തവണ ഒമാനിലായിരുന്നു ജോലി. ഒമാനിൽ നിന്ന് അവധിക്ക് നാട്ടിലേക്കുവന്ന അഷറഫിനുമുന്നിൽ വില്ലനായി കൊവിഡ് എത്തി. ആറുമാസം കഴിഞ്ഞിട്ടും തിരിച്ചുപോകാനാവാതെ വന്നതോടെ വിസ ക്യാൻസലായി. വീട്ടുചെലവ്, വാടക അങ്ങനെ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ട ബാദ്ധ്യത അഷറഫിന്റേത് മാത്രമായി.
ചായയും കടിയും വിറ്റ് അന്നത്തെ അന്നത്തിനുള്ള വക കണ്ടെത്താം എന്ന് പരീക്ഷിച്ചുനോക്കാൻ തീരുമാനിച്ച അഷറഫ് ബൈക്കിൽ കെറ്റിൽ നിറയെ ചായയും കവർ നിറയെ പലഹാരങ്ങളുമായി ഇറങ്ങിത്തിരിച്ചു. പ്രതീക്ഷകൾ അസ്ഥാനത്തായില്ല. കൊവിഡ് സമയമല്ലേ, പൊലീസുകാർ പ്രശ്നമുണ്ടാക്കാത്തിരിക്കാൻ പൂങ്കുന്നത്ത് ക്യാമ്പ് ചെയ്തിരുന്ന പൊലീസുകാർക്ക് ചായയും കടിയും സൗജന്യമായി നൽകി. അയ്യന്തോൾ ക്ഷേത്രത്തിന് സമീപത്ത് പച്ചക്കറി കച്ചവടം നടത്തുന്ന ബിന്ദുചേച്ചിയാണ് ഈ ഐഡിയ പറഞ്ഞുകൊടുത്തത്. പൊലീസുകാർക്ക് ഫ്രീയായി നൽകുന്ന ചായയുടെയും കടിയുടെയും കാശും അവർ തന്നെ നൽകി.
ആദ്യപരീക്ഷണം ഭാര്യയ്ക്കുമുന്നിൽ
കൊവിഡ് മാറിയതോടെ കാര്യങ്ങൾ വീണ്ടും കൈവിടാൻ തുടങ്ങി. അഷറഫ് ചായവിറ്റിരുന്ന സ്ഥലങ്ങിൽ കൊവിഡിനുമുന്നേ ചായവിറ്റിരുന്നവർ തിരിച്ചെത്തി. ചിലർ ഭീഷണിമുഴക്കി. പഴയ ആൾക്കാർ തിരിച്ചുവന്നതോടെ സ്ഥിരം കസ്റ്റമേഴ്സായിരുന്നവർ പോലും അഷറഫിനെ ഉപേക്ഷിച്ചു.ആരും വാങ്ങാതായതോടെ ചായ റോഡിൽ ഒഴുക്കിക്കളഞ്ഞിട്ടുണ്ട്. പക്ഷേ, ഒന്നും വീട്ടിൽ അറിയിച്ചില്ല. ഇനിയെന്തുചെയ്യും എന്ന ചോദ്യം വീണ്ടും തലപൊക്കി. അപ്പോഴാണ് പണ്ട് അഴിച്ചുവച്ച ജയന്റെ വേഷം പരീക്ഷിക്കാൻ തീരുമാനിച്ചത്. ആരോടും ഒന്നും പറഞ്ഞില്ല. ഒരുദിവസം ഭാര്യ അടുക്കളയിൽ ചായ ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ കിടപ്പുമുറിയിൽ ജയന്റെ വേഷം അണിയുകയായിരുന്നു അഷറഫ്. നേരെ അടുക്കളയിലെത്തി ഭാര്യയെ തൊട്ടുവിളിച്ചു. അവർ വേഷം കണ്ട് അന്തംവിട്ടു. അതൊരു പ്രചോദനമായി. കളിയാക്കലും കുറ്റപ്പെടുത്തലും പ്രതീക്ഷിച്ചുതന്നെ ചായയുമായി തെരുവിലിറങ്ങി. കുറച്ചുദൂരം പോയപ്പോൾ ജയാ ഒരു ചായ തരൂ എന്ന വിളിയെത്തി. ഇനി ഇങ്ങനെതന്നെ മുന്നോട്ടുപോകുമെന്ന് അതോടെ ഉറപ്പിച്ചു.
മുന്നിൽ വിഐപികൾ
ജയനായി അഷറഫ് എത്തിയതോടെ ഭീഷിമുഴക്കിയവരൊക്കെ മാളത്തിൽ ഒളിച്ചു. ചായ കുടിക്കാത്തവർ പോലും ചായയും കടിയും വാങ്ങിത്തുടങ്ങി. അന്നത്തെ തൃശൂർ ജില്ലാകളക്ടർ കൃഷ്ണതേജ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുൻ മന്ത്രിയും സിപിഐ നേതാവുമായ സുനിൽകുമാർ തുടങ്ങിയ നിരവധി വിഐപികൾക്ക് ചായ കൊടുക്കാനുള്ള ഭാഗ്യം അഷറഫിനുണ്ടായി. അതാേടെ ചെറിയൊരു സെലിബ്രിട്ടിയായി.
അതോടെ മറ്റൊരു പ്രശ്നവും എത്തി. ചായക്കാരൻ ജയനെ കാണുന്നവരെല്ലാം വണ്ടി നിറുത്തി അടുത്തെത്തും. കൗതുകത്തോടെ നോക്കിയശേഷം സെൽഫിയെടുത്ത് മടങ്ങും. കച്ചവടം കുറഞ്ഞുതുടങ്ങി. ഇത്തരക്കാരുടെ എണ്ണം കൂടിയതോടെ അഷറഫ് ഒരു നിബന്ധന വച്ചു. സെൽഫിയെടുക്കാം, പക്ഷേ അതിനുമുമ്പ് പത്തുരൂപ നൽകി ഒരു ചായവാങ്ങിക്കുടിക്കണം. ഇതുവരെ ആരും അതിന് എതിരുപറഞ്ഞിട്ടില്ലെന്നാണ് അഷറഫ് പറയുന്നത്. ഇതിനിടെ ചില യുട്യൂബ് ചാനലിൽ വീഡിയോകൾ പ്രത്യക്ഷപ്പെട്ടതോടെ അഷറഫ് വലിയ സെലിബ്രിട്ടിയായിത്തുടങ്ങി. കല്യാണ വീടുകളിലും ഉദ്ഘാടന സ്ഥലങ്ങളിലും ജയൻ വിശിഷ്ടാതിഥിയായി. എത്ര ഉദ്ഘാടനം നടത്തിയെന്ന് അഷറഫിനുപോലും ഇപ്പോൾ ഓർമയില്ല. ഇതിനിടെ ചില ചാനലുകളിൽ പരിപാടികൾ അവതരിപ്പിക്കാനുള്ള ഭാഗ്യവും ലഭിച്ചു.
ബുള്ളറ്റ് മാറി കുതിരയായി
നേരത്തേ ബുളളറ്റിലാണ് ഉദ്ഘാടനത്തിന് പോയിരുന്നതെങ്കിൽ ഇപ്പോൾ അത് കുതിരപ്പുറത്തായി. സ്ഥാപന ഉടമകളാണ് ഇത് സംഘടിപ്പിച്ചുതരുന്നത്. ഉദ്ഘാടനം നടത്തിയ സ്ഥാപനങ്ങൾക്ക് വച്ചടിവച്ചടി കയറ്റമായതോടെ ഉദ്ഘാടനത്തിന് വിളിക്കുന്നവർ നിരവധിയാണ്. കെട്ടകാലത്തും നല്ലകാലത്തും താങ്ങായി ഭാര്യ നിഷയുണ്ട്. ഇരട്ടകൾ ഉൾപ്പെടെ മൂന്നുമക്കളാണ് ഇവർക്ക്. സ്വന്തം അദ്ധ്വാനത്തിലൂടെ കെട്ടുറപ്പുള്ള ഒരു ചെറിയ വീടുപണിയണം എന്നാണ് അഷറഫിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം. ചായ വാങ്ങി എല്ലാവരും സഹായിച്ചാൽ ആഗ്രഹം ഒട്ടും അപ്രാപ്യമല്ലെന്നാണ് അഷറഫിന്റെ ഉറച്ച വിശ്വാസം.
Source link