കെ.പി.സി.സി പുനഃസംഘടനാ നടപടികളിലേക്ക്
ശ്രീകുമാർപള്ളീലേത്ത് | Wednesday 04 December, 2024 | 12:51 AM
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ തിളക്കമാർന്ന വിജയത്തിന് പിന്നാലെ കെ.പി.സി.സി പുനഃസംഘടന നടപടികളിലേക്ക്. ഒരു വർഷം മാത്രം ശേഷിക്കുന്ന
തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി കോൺഗ്രസിന്റെ പേശി ബലം കൂട്ടാൻ പുനഃസംഘടന സഹായകമാവുമെന്നും നേതൃത്വം കരുതുന്നു. കെ.പി.സി.സി അദ്ധ്യക്ഷ പദവിയിലേക്ക് പുതിയ മുഖം എത്താനുള്ള സാദ്ധ്യതയുമുണ്ട്. അങ്ങനെയെങ്കിൽ അടൂർ പ്രകാശ്, ആന്റോ ആന്റണി, അടക്കമുള്ളവരാണ് പരിഗണനയിൽ.
കേരള കോൺഗ്രസിനെ (മാണി) യു.ഡി.എഫ് പാളയത്തിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ഫലം കാണാത്ത സ്ഥിതിയാണ്. ഇപ്പോൾ ഗ്രൂപ്പ് സമവാക്യങ്ങൾക്ക് വലിയ പ്രസക്തിയില്ലെങ്കിലും, പഴയ എ ഗ്രൂപ്പിന്റെ പ്രതിനിധിയാണ് ആന്റോ ആന്റണി. റോബർട്ട് വാദ്രയയുമായി ഉറ്റ ബന്ധവുമുണ്ട്.
എന്നാൽ, കെ. സുധാകരൻ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതോടെ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ ഈഴവ സമുദായത്തിനുള്ള പ്രാതിനിധ്യമാണ് ഇല്ലാതാവുക. അടൂർ പ്രകാശാണ് അദ്ധ്യക്ഷ പദവിയിലെത്തുന്നതെങ്കിൽ ഈ അസന്തുലിതാവസ്ഥ ഒഴിവാകും. നിയമസഭയിൽ പോലും ഒരു ഈഴവാംഗം മാത്രമേയുള്ളു-തൃപ്പൂണിത്തുറ എം.എൽ.എയായ കെ.ബാബു.
എന്നാൽ, നടപടികളിലേക്ക് കടക്കുമ്പോൾ ഉണ്ടായേക്കാവുന്ന ചില മുറുമുറുപ്പുകളും മുന്നിൽ കാണുന്നുണ്ട്. നിലവിൽ ട്രഷററുടെയും രണ്ട് ജനറൽ സെക്രട്ടറിമാരുടെയും ഒരു വർക്കിംഗ് പ്രസിഡന്റിന്റെയും ഒഴിവുണ്ട്. വി. പ്രതാപചന്ദ്രന്റെ മരണശേഷം ട്രഷറർ സ്ഥാനത്തേക്ക് ആരെയും നിയോഗിച്ചില്ല. പി.ടി.തോമസിന്റെ വേർപാടോടെ ഒരു വർക്കിംഗ് പ്രസിഡന്റ് സ്ഥാനവും ഒഴിവാണ്. ഇത് നികത്തണം. രാഷ്ട്രീയകാര്യ സമിതി അംഗസംഖ്യ 21 ൽ നിന്ന് 30 ആയി ഉയർത്തി, പലരെയും ഉൾപ്പെടുത്തിയെങ്കിലും ഇതിനുശേഷം ഒരിക്കൽ പോലും യോഗം ചേർന്നിട്ടില്ല.
മൂന്ന് തരത്തിലുള്ള നടപടികളാണ് പരിഗണനയിൽ. ഇപ്പോഴത്തെ പ്രസിഡന്റിനെ ഒഴിവാക്കി പുതിയ ആളിനെ കൊണ്ടുവരുക., കെ.പി.സി.സിയിൽ നിലവിലെ ഭാരവാഹികളുടെ ഒഴിവുകൾ നികത്തിയുള്ള പുനഃസംഘടന. ക്രിയാത്മകമായി പ്രവർത്തിക്കാത്ത ഡി.സി.സി പ്രസിഡന്റുമാരെ ഒഴിവാക്കിയുള്ള ക്രമീകരണം. തദ്ദേശ തിരഞ്ഞെടുപ്പ് വരെ കെ. സുധാകരൻ കെ.പി.സി.സി അദ്ധ്യക്ഷ പദവിയിൽ തുടരണമെന്ന അഭിപ്രായം ചില നേതാക്കളെങ്കിലും പ്രകടിപ്പിക്കുന്നുണ്ട്. ചില ഡി.സി.സി പ്രസിഡന്റുമാരെ ഒഴിവാക്കുകയും ചിലരെ മാത്രം നിലനിറുത്തുകയും ചെയ്യുന്നത് അസംതൃപ്തിക്ക് വഴിവയ്ക്കുമോയെന്ന ആശങ്കയുമുണ്ട്. കണ്ണൂർ, കോഴിക്കോട്, എറണാകുളം ഡി.സി.സി പ്രസിഡന്റുമാർക്ക് മാറ്റം വരാൻ സാദ്ധ്യതയില്ലെന്നാണ് അറിയുന്നത്.
Source link