KERALAM

തൃപ്പൂണിത്തുറ ദേവസ്വത്തിന് ഹൈക്കോടതിയുടെ വിമർശനം, സാമാന്യ യുക്തി പോലുമില്ലേ?

കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രോത്സവത്തിന്റെ നാലാം ദിനമായ ഡിസംബർ രണ്ടിന് ദൂരപരിധി പാലിക്കാതെ ആനകളെ എഴുന്നളളിച്ചതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. തൃപ്പൂണിത്തുറ ക്ഷേത്രം അധികൃതർ സാമാന്യയുക്തി പോലും കാണിച്ചില്ലെന്നും നടന്നത് കോടതി ഉത്തരവിന്റെ സമ്പൂർണലംഘനമാണെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ദേവസ്വം ഓഫീസർ രഘുരാമനിൽ നിന്ന് വിശദീകരണം തേടി. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാനാണ് ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ചിന്റെ നിർദ്ദേശം.

നിർദ്ദേശങ്ങൾ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥർ ഗൗരവത്തിലെടുത്തില്ലെങ്കിൽ ‘തലകൾ ഉരുളു”മെന്ന് വാക്കാൽ പറഞ്ഞു.

ദൂരപരിധി പാലിക്കാതെ 15 ആനകളെ എഴുന്നള്ളിച്ചതായി ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് റിപ്പോർട്ട് നൽകിയിരുന്നു. വനംവകുപ്പ് ചൂണ്ടിക്കാട്ടിയെങ്കിലും ദേവസ്വം ഓഫീസർ ചെവിക്കൊണ്ടില്ലെന്നും വ്യക്തമാക്കി. കളക്ടർ ഇന്നലെ ഓൺലൈനിൽ ഹാജരായി അറിയിക്കുകയായിരുന്നു. വനംവകുപ്പ് കേസെടത്തിട്ടുണ്ട്. മഴകാരണം ഒരുമിച്ചു നിറുത്തിയതാണെന്ന് ദേവസ്വം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. വെള്ളിയാഴ്ചവരെയാണ് ഉത്സവം. ആനകളുടെ ദൂരപരിധി, ഭക്ഷണം തുടങ്ങിയ കാര്യങ്ങളിൽ മുൻകൂട്ടി അറിയിക്കാതെ പരിശോധനയുണ്ടാകും.

വിഷയം 11ന് പരിഗണിക്കും.

68 വയസുള്ള ആനയും

68 വയസുള്ള കോട്ടൂർ ഗണേഷ് എന്ന ആനയെ എഴുന്നള്ളിച്ചതായി വാക്കിംഗ് ഐ ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. ആനകളുടെ വിരമിക്കൽ പ്രായം 65 ആണ്. ഇക്കാര്യം പരിശോധിക്കുമെന്ന് കളക്ടർ കോടതിയെ അറിയിച്ചു.

നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ഹർജികളാണ് പരിഗണിച്ചത്. രണ്ട് ഉത്സവങ്ങൾക്കിടയിൽ ആനകൾക്ക് മതിയായ വിശ്രമം ഉറപ്പാക്കാൻ ഏകോപിത സംവിധാനം വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു. യാത്രസമയം ഇതിന്റെ ഭാഗമാകരുതെന്നും പറഞ്ഞു.

കോടതി പറഞ്ഞത്

ഒരു ദിവസമാണ് ലംഘനമുണ്ടായെന്നു പറഞ്ഞാലും അത് ലംഘനം തന്നെയാണ്. വന്യമൃഗ സംരക്ഷണ നിയമപ്രകാരവും ഇത് ജാമ്യമില്ലാ കുറ്റമാണ്. മതത്തിന്റെ പേരിൽ ഇത്തരം കാര്യങ്ങൾ ചെയ്യാനാവില്ല. കോടതിയുടെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണിത്. ലംഘനമുണ്ടായാൽ ക്രിമിനൽ കേസെടുക്കും. ആനകളെയും പിന്നീട് എഴുന്നള്ളിക്കാൻ അനുവദിക്കില്ല. സ്ഥലസൗകര്യമില്ലെങ്കിൽ ആനകളുടെ എണ്ണം കുറയ്ക്കുകയാണ് ചെയ്യേണ്ടത്. ദൈവാനുഗ്രഹത്താലാണ് ഒന്നും സംഭവിക്കാതിരുന്നത്. ആനയെ തുടർച്ചയായി 3 മണിക്കൂറിലേറെ എഴുന്നള്ളിക്കരുതെന്നും രണ്ട് ആനകൾ തമ്മിൽ കുറഞ്ഞത് 3 മീറ്ററെങ്കിലും അകലം ഉണ്ടായിരിക്കണമെന്നും മാർഗനിർദേശത്തിലുണ്ടായിരുന്നു. തൃപ്പൂണിത്തുറയിൽ അന്ന് എഴുന്നള്ളിപ്പ് അഞ്ചര മണിക്കൂറോളം നീണ്ടു. തീവെട്ടിയും ആനയും തമ്മിൽ കുറഞ്ഞത് 5 മീറ്റർ അകലം വേണം. ആനയും ജനങ്ങളും തമ്മിൽ വേർതിരിക്കാൻ ബാരിക്കേ‍‍ഡ് വേണം തുടങ്ങിയ നിർദ്ദേശങ്ങളും നൽകിയിരുന്നു. എന്നാൽ നടപ്പായില്ല.


Source link

Related Articles

Back to top button