ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ കേന്ദ്ര സർക്കാരിന്റെ നിർണായക തീരുമാനം. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ച് വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി കേന്ദ്രം അറിയിച്ചു. എന്നാൽ കേരളം ആവശ്യപ്പെട്ടതുപോലെ ലെവൽ 3 വിഭാഗത്തിലാണോ ഉൾപ്പെടുത്തിയത് എന്ന് വ്യക്തമല്ല. 2219 കോടി രൂപയുടെ പാക്കേജ് മന്ത്രാലയ സമിതി പരിശോധിക്കുകയാണ്. മാർഗനിർദേശങ്ങൾക്കനുസരിച്ച് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളും.
സംസ്ഥാന ദുരന്തനിവാരണ നിധിയിൽ കേരളത്തിന്റെ 783 കോടി രൂപയുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. 153 കോടി രൂപ കേരളത്തിന് നവംബർ 16ന് അനുവദിച്ചിരുന്നുവെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
വയനാട് പാക്കേജുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി കേന്ദ്രമന്ത്രി അമിത് ഷായെ കണ്ടിരുന്നു. യുഡിഎഫ്, എൽഡിഎഫ് എംപിമാർ പ്രിയങ്ക ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. 2221 കോടി രൂപയുടെ സഹായമാണ് പ്രിയങ്ക ഗാന്ധിയടങ്ങുന്ന സംഘം ആവശ്യപ്പെട്ടത്. വയനാട് പാക്കേജിൽ നാളെ വിശദാംശങ്ങൾ നൽകാമെന്നാണ് അമിത് ഷാ അറിയിച്ചിരിക്കുന്നത്.
വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. നിലവിലെ മാനദണ്ഡങ്ങൾ ഇത് അനുവദിക്കുന്നില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് വ്യക്തമാക്കിയത്. ഡൽഹിയിൽ കേരളത്തിന്റെ സ്‌പെഷ്യൽ ഓഫീസറായി പ്രവർത്തിക്കുന്ന മുൻ കേന്ദ്രമന്ത്രി പ്രൊഫസർ. കെ വി തോമസിന് നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കെ വി തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകിയിരുന്നു.
Source link