KERALAMLATEST NEWS

കാസര്‍കോട് – തിരുവനന്തപുരം വന്ദേഭാരതിന് തകരാര്‍; ഷൊര്‍ണൂര്‍ പാലത്തിന് സമീപം വഴിയിലായി

പാലക്കാട്: കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ വഴിയിലായി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ ഷൊര്‍ണൂര്‍ പാലത്തിന് സമീപം പിടിച്ചിട്ടിരിക്കുകയാണ്. പ്രശ്‌നം ഉടന്‍ പരിഹരിച്ച് യാത്ര തുടരുമെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം. ട്രെയിന്‍ ഷൊര്‍ണൂര്‍ സ്റ്റേഷനിലെത്തി അവിടെ നിന്ന് തൃശൂര്‍ ഭാഗത്തേക്ക് യാത്ര ആരംഭിച്ച് അല്‍പ്പസമയത്തിനുള്ളില്‍ തന്നെ പിടിച്ചിടുകയായിരുന്നു.

സാങ്കേതിക തകരാര്‍ കണ്ടെത്തിയ ഉടനെ പിടിച്ചിടുകയായിരുന്നു. 6.11ന് തൃശൂര്‍ സ്റ്റേഷനിലെത്തേണ്ട ട്രെയിന്‍ ആണ് ഇപ്പോള്‍ ഏറെ നേരമായി പിടിച്ചിട്ടിരിക്കുന്നത്. ട്രെയിനിന്റെ ബാറ്ററിയുമായി ബന്ധപ്പെട്ട തകരാറാണ് പ്രശ്‌നം. ഇത് പരിഹരിക്കാന്‍ വന്ദേഭാരതിന് ഉള്ളില്‍ തന്നെ സാങ്കേതിക വിദഗ്ദ്ധരുണ്ട്, ഇതിന് പുറമേ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിന്നും ജീവനക്കാര്‍ എത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ല. ട്രെയിന്‍ തിരികെ ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് എത്തിക്കാനാണ് ഇപ്പോള്‍ നീക്കം.

ലോക്ക് ഉപയോഗിച്ച് ട്രെയിന്‍ വലിച്ചുകൊണ്ടുപോകാനാണ് തീരുമാനം. ട്രെയിന്‍ ഷൊര്‍ണൂര്‍ സ്‌റ്റേഷനില്‍ എത്തിച്ച ശേഷം വിശദമായി പരിശോധിച്ച് തകരാര്‍ പരിഹസിക്കാനാണ് നീക്കം. വന്ദേഭാരത് ട്രെയിനിന് ഓട്ടോമാറ്റഡ് ഡോര്‍ സംവിധാനമാണ്. അതുകൊണ്ട് തന്നെ ഡോര്‍ തുറക്കാനോ അകത്തേക്കോ പുറത്തേക്കോ പ്രവേശിക്കാനോ കഴിയില്ല. ഒന്നര മണിക്കൂറോളമായി കുടുങ്ങി കിടക്കുന്നതിനാല്‍ തന്നെ ബാറ്ററി ഉപയോഗിച്ചുള്ള പവര്‍ സപ്ലൈ എത്ര നേരം കൂടി ഉണ്ടാകുമെന്ന് ഉറപ്പ് പറയാന്‍ കഴിയില്ല.

ട്രെയിനിന് ഉള്ളില്‍ തന്നെ ഭക്ഷണവും വെള്ളവും മറ്റും എപ്പോഴും വന്ദേഭാരതില്‍ ലഭ്യമാകുമെങ്കിലും പ്രായമായവരും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കമ്പാര്‍ട്‌മെന്റുകള്‍ക്കുള്ളില്‍ ഉണ്ട്. ട്രെയിന്‍ ഷൊര്‍ണൂരിലെത്തിച്ച ശേഷം മാത്രമേ യാത്രക്കാരുടെ കാര്യത്തില്‍ എന്ത് ചെയ്യുമെന്ന് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ തീരുമാനമുണ്ടാകുകയുള്ളൂ. ഈ ട്രെയിനില്‍ തന്നെ പ്രശ്‌നം പരിഹരിച്ച് യാത്ര തുടരുമോ അതോ മറ്റൊരു ട്രെയിനിലേക്ക് മാറ്റുമോ എന്നതാണ് അറിയാനുള്ളത്.


Source link

Related Articles

Back to top button