‘സിനിമയ്ക്ക് പോകാൻ ഒപ്പമിറങ്ങി, കാറിൽ സ്ഥലമില്ലാത്തതിനാൽ ബൈക്കിൽ പിറകെ പോയി’; സഹപാഠികളെ തിരിച്ചറിഞ്ഞില്ലെന്ന് അശ്വിത്ത്

ആലപ്പുഴ: കളർകോട് അപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ ജീവൻ പൊലിഞ്ഞതിന്റെ നടുക്കത്തിലാണ് മലയാളികൾ ഇപ്പോഴും. പതിനൊന്ന് പേർ സഞ്ചരിച്ച കാർ കെഎസ്‌ആർടിസി ബസുമായി കൂട്ടിയിടിച്ച അപകടത്തിലാണ് അഞ്ച് ജീവിതങ്ങൾ അവസാനിച്ചത്. കാറിൽ സ്ഥലമില്ലാതിരുന്നതുകൊണ്ട് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട രണ്ടുപേരുണ്ട്. അപകടം നടന്ന രാത്രിയിൽ 11 പേർക്കൊപ്പം സിനിമയ്ക്ക് പോകാൻ ഇറങ്ങിയവർ. കാറിൽ സ്ഥലമില്ലാതിരുന്നതിനാൽ ബൈക്കിലായിരുന്നു ഇവരുടെ യാത്ര. യാത്രക്കിടെ അപകടത്തിൽ ചോരയിൽ കുളിച്ച ശരീരങ്ങൾ റോഡിൽ കിടക്കുന്നത് കണ്ടുവെങ്കിലും തിരിച്ചറിയാതെ പോയ സഹപാഠികൾ.
ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിയായ കോഴിക്കോട് സ്വദേശി അശ്വിത്ത് നടുക്കുന്ന ഓർമ്മ പങ്കുവയ്ക്കുന്നതിങ്ങനെ:
അനാട്ടമിയുടെ സ്‌പോട്ടിംഗ് ടെസ്റ്റ് കഴിഞ്ഞതിനാൽ ഹോസ്റ്റലിലെ എല്ലാവരും ചേർന്ന് സിനിമയ്ക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. പുറത്ത് പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്ന എന്നെയും വിളിച്ചു. രാത്രി അവർ കാറിൽ വരുമ്പോൾ ഞാൻ ഫോൺ ചെയ്യുകയായിരുന്നു. വണ്ടി നിറയെ ആളായതിനാൽ ഞാൻ ബൈക്കിൽ പിറകെ വരാമെന്ന് പറഞ്ഞു. കാർ ഏതാണെന്ന് ശ്രദ്ധിച്ചിരുന്നില്ല.
കാറിൽ കയറാൻ ഒരുങ്ങിയ ദേവാനന്ദിനെയും ബൈക്കിൽ ഒപ്പം കൂട്ടി. 8.45നാണ് ഹോസ്റ്റലിൽ നിന്ന് പുറപ്പെട്ടത്. 9.30നായിരുന്നു ഷോ. കളർകോട് എത്തിയപ്പോൾ ഒരു കാർ ബസിലിടിച്ച് കിടക്കുന്നത് കണ്ടു. ഇറങ്ങി നോക്കിയപ്പോൾ രണ്ടുപേരെ കണ്ടു. എന്നാൽ ആരാണെന്ന് തിരിച്ചറിയാനായില്ല. അപ്പോഴേയ്ക്കും ആംബുലൻസ് എത്തി. പിന്നീട് ഞങ്ങൾ നേരെ തിയേറ്ററിലേയ്ക്ക് പോയി.
കൂട്ടുകാർ എത്താതായപ്പോൾ സംശയം തോന്നി. ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ഉടൻ തന്നെ ഞങ്ങൾ അപകട സ്ഥലത്തെത്തി. എല്ലാവരെയും മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയെന്നറിഞ്ഞു. അത്യാഹിത വിഭാഗത്തിൽ എത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത് അവർ തന്നെയാണെന്ന് മനസിലായത്.
മുഹമ്മദ് ഇബ്രാഹിമിന്റെയും ആൽവിൻ ഷാജിയുടെയും മൃതദേഹങ്ങളാണ് അപകട സ്ഥലത്ത് കണ്ടതെന്ന് പിന്നീടാണ് മനസിലായത്. ക്ളാസ് തുടങ്ങിയിട്ട് ഒന്നരമാസമേ ആയുള്ളൂ. പലരെയും പരിചയപ്പെട്ട് വരുന്നതേയുള്ളൂ. 20 ദിവസം മുൻപ് ക്ളാസിലെത്തിയ ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിനെ അടുത്ത് പരിചയമുണ്ടായിരുന്നില്ല. ആൽവിന്റെ മുഖം തിരിച്ചറിയാൻ കഴിയാത്ത നിലയിലാരുന്നു.
Source link