‘ജയിലിൽ ആ കാഴ്ച കാണുന്നതുവരെ ഞാൻ അങ്ങനെയായിരുന്നു, ദിലീപ് കേസിനെക്കുറിച്ച് മുഖ്യമന്ത്രിയോട് എല്ലാം പറഞ്ഞു’

മാദ്ധ്യമങ്ങളെ പ്രലോഭിപ്പിച്ച് പലരും തനിക്കെതിരെ കളളവാർത്തകൾ കൊടുത്തിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് മുൻ ഡിജിപി ആർ ശ്രീലേഖ ഐപിഎസ്. ബിജെപിയിൽ ചേർന്നത് ഇഡിയെ ഭയന്നിട്ടാണെന്നുവരെ പലരും പറഞ്ഞുണ്ടാക്കിയെന്നും ശ്രീലേഖ പറഞ്ഞു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് ജയിലിൽ ചില സഹായങ്ങൾ ചെയ്തതിനെക്കുറിച്ചും അവർ വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്രീലേഖ ഇക്കാര്യങ്ങൾ പറഞ്ഞത്.

‘ദിലീപ് ജയിലിൽ കിടന്ന സമയത്ത് ഞാൻ സഹായിച്ചതിൽ ഒരുപാട് വിവാദങ്ങൾ വന്നിരുന്നു. അദ്ദേഹം ഒരു വിഐപി ആയതുകൊണ്ടാണ് ഞാൻ അതൊക്കെ ചെയ്തതെന്ന തരത്തിലായിരുന്നു വിവാദം. ആ സമയത്ത് ഞാനും ദീലീപും തമ്മിൽ സാമ്പത്തികപരമായി ബന്ധമുണ്ടെന്ന തരത്തിലുളള സംസാരം വന്നു. ഞാൻ അദ്ദേഹത്തിന്റെ പക്ഷമാണെന്ന് പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് ഞാൻ എന്റെ യൂട്യൂബ് ചാനലിൽ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം കഴിഞ്ഞതിനുശേഷം പറയാമെന്നാണ് കരുതിയത്. പക്ഷെ അതൊന്നും ഒരിക്കലും അവസാനിക്കില്ലെന്ന് കരുതിയാണ് യൂട്യൂബ് ചാനലിൽ വെളിപ്പെടുത്തലുകൾ നടത്തിയത്. ദിലീപിനെ പിന്തുണച്ച് കൊണ്ടല്ല പറഞ്ഞത്. കേസിന്റെ ശാസ്ത്രീയ തെളിവുകളാണ് അവതരിപ്പിച്ചത്. ഒരു പെൺകുട്ടിയെ പീഡിപ്പിച്ച കേസ് വരുമ്പോൾ ഞാൻ അവരോടൊപ്പമാണ് നിൽക്കേണ്ടത്. ജയിലിൽ വച്ച് അവശനിലയിലുളള ദിലീപിനെ കാണുന്നതുവരെ ഞാൻ അങ്ങനെയായിരുന്നു. അതിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കൂടുതൽ കാര്യങ്ങൾ മനസിലായത്.

ചില കേസുകൾ കഷ്ടപ്പെട്ട് അന്വേഷിച്ച് അത് കോടതിയിലെത്തിക്കുമ്പോൾ വേണ്ടത്ര പ്രതികരണം കിട്ടാതെ വരുമ്പോൾ വലിയ നിരാശ ഉണ്ടാകാറുണ്ട്. ദീലീപിന്റെ കാര്യത്തിലും മുഖ്യമന്ത്രി ഉൾപ്പടെയുളളവരോട് ഞാൻ വിശദീകരിച്ചു. പക്ഷെ അവർക്കൊക്കെ ഞാൻ പറയുന്നത് അറിയാം. അത് അവർ അംഗീകരിച്ചിട്ടില്ല. കേസ് നടക്കുകയാണല്ലോയെന്നായിരുന്നു പ്രതികരണം. ബിജെപിയിൽ അംഗത്വം എടുത്തപ്പോഴും പലതും പറഞ്ഞുണ്ടാക്കി. ഇഡിയെ പേടിച്ചാണ് ഞാൻ ബിജെപിയിൽ ചേർന്നതെന്ന് പറഞ്ഞു. എങ്ങനെയാണ് ഇങ്ങനെ പറയുന്നത്. എനിക്കാരെയും പേടിക്കേണ്ട ആവശ്യമില്ല’- അവർ പങ്കുവച്ചു.

സമൂഹത്തിലെ സ്ത്രീ-പുരുഷ തുല്യതയെക്കുറിച്ചും ശ്രീലേഖ പറഞ്ഞു. ‘സൈന്യത്തിലും പൊലീസിലും പോലും തുല്യത ഇല്ല. ഇനിയും തുല്യത ഉണ്ടായിട്ടില്ല. സർവ്വീസിൽ ഇരുന്ന സമയത്ത് അങ്ങനെ ഉണ്ടായിരുന്നില്ല.കേരളത്തിലെ ആദ്യത്തെ വനിത ഐപിഎസ് ഉദ്യോഗസ്ഥയായാണ് ഞാൻ കോട്ടയത്ത് എഎസ്‌പിയായി ചുമതലയേൽക്കുന്നത്. എന്നെ സ്വീകരിക്കാൻ ഡിപ്പാർട്ട്‌മെന്റിന് ചതുർത്ഥിയായിരുന്നു. പക്ഷെ മാദ്ധ്യമങ്ങളാണ് എന്നെ പിന്തുണച്ചത്. എനിക്ക് പ്രിയപ്പെട്ടവരായിരുന്നു മാദ്ധ്യമങ്ങൾ.

പക്ഷെ,എന്നിൽ അസൂയ ഉളള ചില ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളെ പ്രലോഭിപ്പിച്ച് എനിക്കെതിരെ കളളവാർത്ത ഉണ്ടാക്കാൻ തുടങ്ങി. തെ​റ്റാണെന്ന് പറഞ്ഞിട്ട് പോലും ആരും അംഗീകരിച്ചില്ല. എന്നെ അഴിമതിക്കാരിയാക്കിയും ക്രിമിനലുമായി മോശം ബന്ധമുണ്ടെന്ന് പറഞ്ഞ് വാർത്തകൾ കെട്ടിചമയ്ക്കാൻ തുടങ്ങി. അതോടെ മാദ്ധ്യമങ്ങളിൽ നിന്നും അകലം പാലിക്കാൻ തുടങ്ങി’- ശ്രീലേഖ വ്യക്തമാക്കി.


Source link
Exit mobile version