KERALAMLATEST NEWS

അവിശ്വാസത്തിന് മുമ്പ് പന്തളം നഗരസഭയിൽ രാജി

പത്തനംതിട്ട: പന്തളം നഗരസഭയിലെ ബി.ജെ.പി ഭരണസമിതിക്കെതിരായ അവിശ്വാസ പ്രമേയം ഇന്ന് ചർച്ച ചെയ്യാനിരിക്കെ ചെയർപേഴ്സൺ സുശീല സന്തോഷും വൈസ് ചെയർപേഴ്സൺ യു.രമ്യയും രാജി വച്ചു. എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തിന് യു.ഡി.എഫിന്റെയും പിന്തുണ ഉണ്ടായിരുന്നു. ബി.ജെ.പിയിലെ മൂന്ന് കൗൺസിലർമാരുടെ പിന്തുണ കൂടി ഉണ്ടാകുമെന്ന സൂചന ലഭിച്ചതോടെയാണ് രാജി.

ഇതോടെ അവിശ്വാസം ചർച്ചചെയ്യാൻ വിളിച്ച യോഗം റദ്ദാക്കി. അതേസമയം വ്യക്തിപരമായ അസൗകര്യങ്ങളാലാണ് ഇരുവരും സ്ഥാനമൊഴിഞ്ഞതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ സൂരജ് പറഞ്ഞു.ബി.ജെ.പി 18, എൽ.ഡി.എഫ് 9, യു.ഡി.എഫ് 5, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷി നില.

പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഒരംഗം ഉൾപ്പെടെ ബി.ജെ.പിയിൽ നിന്ന് മൂന്ന് പേർ അവിശ്വാസത്തെ പിന്തുണയ്ക്കുമെന്ന് അഭ്യൂഹം ഉയർന്നിരുന്നു. അവിശ്വാസം വോട്ടിനിട്ടാൽ ബി.ജെ.പിയുടെ അംഗസംഖ്യ 15 ആയി കുറഞ്ഞേക്കുമെന്നും ഭരണം നഷ്ടപ്പെടുമെന്നുമുള്ള ആശങ്കയെ തുടർന്ന് നേതൃത്വം ഇടപെട്ട് രാജി വയ്പ്പിക്കുകയായിരുന്നെന്നും സൂചനയുണ്ട്.

സംസ്ഥാനത്ത് പാലക്കാടിന് പുറമേ ബി.ജെ.പി അധികാരത്തിലുളള നഗരസഭയാണ് പന്തളം. ചെയർപേഴ്സണായി സുശീല സന്തോഷിനെ തിരഞ്ഞെടുത്തതു മുതൽ ബി.ജെ.പിയിൽ പടല പിണക്കങ്ങളായിരുന്നു. 2018ലെ ശബരിമല പ്രക്ഷോഭമാണ് ബി.ജെ.പിയെ പന്തളത്ത് അധികാരത്തിലെത്തിച്ചത്. എൽ,ഡി.എഫിൽ നിന്ന് ഭരണം പിടിച്ചെട‌ുക്കുകയായിരുന്നു.


Source link

Related Articles

Back to top button