ജ്യേഷ്ഠനെ കേസിൽ പ്രതിയാക്കി 20 കൊല്ലം മുങ്ങിനടന്നു; ആൾമാറാട്ടം പൊളിഞ്ഞു, ഒടുവിൽ അറസ്റ്റ്
ജ്യേഷ്ഠനെ കേസിൽ പ്രതിയാക്കി 20 കൊല്ലം മുങ്ങിനടന്നു | മനോരമ ഓൺലൈൻ ന്യൂസ്- Identity Swap | Chennai man impersonates brother | Malayala Manorama Online News
ജ്യേഷ്ഠനെ കേസിൽ പ്രതിയാക്കി 20 കൊല്ലം മുങ്ങിനടന്നു; ആൾമാറാട്ടം പൊളിഞ്ഞു, ഒടുവിൽ അറസ്റ്റ്
മനോരമ ലേഖകൻ
Published: December 04 , 2024 09:31 AM IST
1 minute Read
പ്രതീകാത്മക ചിത്രം (rudall30/Shutterstockphoto)
ചെന്നൈ ∙ തനിക്കെതിരെയുള്ള കേസിൽ മൂത്ത സഹോദരന്റെ വിവരങ്ങൾ നൽകി 20 വർഷത്തോളം പൊലീസിനെയും കോടതിയെയും കബളിപ്പിച്ച ആളെ മടിപ്പാക്കത്തു നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ചീപുരം സ്വദേശി പളനിയാണ് വർഷങ്ങളോളം പനീർസെൽവമെന്ന പേരിൽ നീതിന്യായ സംവിധാനത്തെ കബളിപ്പിച്ച് ജയിൽ ശിക്ഷയിൽ നിന്ന് ഒഴിവായി നടന്നത്.
ട്രസ്റ്റ്പുരത്ത്, കൂടെത്താമസിച്ച യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് 2008ലാണ് ഇയാൾക്കെതിരെ കോടമ്പാക്കം പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. പനീർസെൽവം എന്നു പരിചയപ്പെടുത്തിയാണ് ഇയാൾ യുവതിയുമായി സൗഹൃദത്തിലായത്. യുവതി പരാതി നൽകിയതും ‘പനീർസെൽവ’ത്തിന് എതിരെയായിരുന്നു. അറസ്റ്റ് ചെയ്ത കോടമ്പാക്കം പൊലീസിന് പളനി നൽകിയതും മൂത്ത സഹോദരനായ പനീർസെൽവത്തിന്റെ വിവരങ്ങളാണ്. 2018ൽ ഇയാളെ വിചാരണക്കോടതി 5 വർഷം തടവിനു ശിക്ഷിച്ചു.
ഇതിനെതിരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ‘പനീർസെൽവ’മെന്ന പളനി അപ്പീൽ നൽകിയെങ്കിലും ശിക്ഷ 3 വർഷമായി കുറയ്ക്കാൻ മാത്രമേ സാധിച്ചുള്ളൂ. മേൽക്കോടതിയും ശിക്ഷ വിധിച്ചതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. പ്രതിയായ ‘പനീർസെൽവ’ത്തിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് കാഞ്ചീപുരത്തെ വീട്ടിലെത്തിയ പൊലീസ് കണ്ടെത്തിയത് യഥാർഥ പനീർസെൽവത്തെ. ഇതോടെയാണ് പളനിയുടെ ആൾമാറാട്ടക്കഥ പുറത്തു വന്നത്.
English Summary:
Identity swap: Chennai man impersonates brother for 20 years, deceives family and legal system
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 415bpufn9h6abfcouk3mevr3ph mo-news-common-chennainews mo-crime-crime-news
Source link