KERALAMLATEST NEWS

ഷാഹി മസ്ജിദ്: മുസ്ലിം ലീഗ് സുപ്രീംകോടതിയിലേക്ക്

മലപ്പുറം: ഉത്തർപ്രദേശിലെ സംഭാൽ ഷാഹി മസ്ജിദ് സർവേയിൽ സുപ്രീം കോടതിയെ സമീപിക്കാൻ മുസ്‌ലിം ലീഗിന്റെ തീരുമാനം. മുതിർന്ന അഭിഭാഷകൻ കപിൽ സിബലുമായി ലീഗ് എം.പിമാർ ചർച്ച നടത്തി.

പാർലമെന്റ് പാസാക്കിയ ആരാധനാലയ സംരക്ഷണ നിയമത്തെ ഒരുകൂട്ടർ പിച്ചിച്ചീന്തുകയാണെന്ന് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. നിയമം സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ ബാധ്യത കോടതിക്കുണ്ട്. ഗ്യാൻവാപി മസ്ജിദിൽ സർവേയ്ക്ക് അനുമതി നൽകിയതാണ് ഇതിന്റെയെല്ലാം തുടക്കം. വളരെ സങ്കീർണമായ അവസ്ഥയിലേക്കാണ് നാട് പോകുന്നത്. സംഭാൽ മസ്ജിദിൽ അഞ്ചുപേർ വെടിയേറ്റ് മരിച്ചു. അവിടെ സർവേ പാടില്ലായിരുന്നു. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചാണ് ഉദ്യോഗസ്ഥരെ സർവേയ്ക്ക് ആനയിച്ചത്. പാർലമെന്റിൽ വിഷയം ഉന്നയിക്കുന്നതോടൊപ്പം നിയമപരമായ പോരാട്ടവും തുടരുമെന്ന് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി.അബ്ദുൽ വഹാബ്, ഡോ. എം.പി.അബ്ദുസ്സമദ് സമദാനി, അഡ്വ. വി.കെ.ഹാരിസ് ബീരാൻ എന്നിവർ പറഞ്ഞു.

ജുഡീഷ്യൽ കമ്മിഷൻ വേണം: ഇ.ടി. മുഹമ്മദ് ബഷീർ

ന്യൂഡൽഹി: ‌സംഭാൽ ‌മസ്ജിദിൽ അഞ്ച് യുവാക്കൾ വെടിയേറ്റ് കൊല്ലപ്പെട്ടത് സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി പാർലമെന്റിന്റെ ശൂന്യവേളയിൽ ആവശ്യപ്പെട്ടു.

പാർലമെന്റ് പാസാക്കിയ ആരാധനാലയ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് നടക്കുന്നത്. നിരവധി ബാബ്‌റി മസ്ജിദുകൾ സൃഷ്ടിക്കപ്പെടുകയാണ്. ഷാഹി മസ്‌ജിദിന് ശേഷം അജ്മീർ ദർഗയേയും വർഗീയവാദികൾ നോട്ടമിട്ടിരിക്കുകയാണ്. ക്രൂരവും പൈശാചികവുമായ നടപടികളാണ് മുസ്‌ലീം ആരാധനാലയങ്ങളുടെ കാര്യത്തിൽ സർക്കാർ കൈക്കൊള്ളുന്നത്. സർക്കാരിന്റെ നേതൃത്വത്തിൽ ആരാധനാലയങ്ങൾ കൈയേറുന്നത് ഒഴിവാക്കണം. ജുഡീഷ്യൽ കമ്മിഷന്റെ അന്വേഷണ റിപ്പോർട്ട് പാർലമെന്റിൽ വയ്ക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.


Source link

Related Articles

Back to top button