കോഴിക്കോട്: ബി.ജെ.പിയുടെ ആശയവും സി.പി.എമ്മിന്റെ ആശയവും ഇപ്പോൾ ഒരേ ദിശയിൽ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേരളകൗമുദിയോടു സംസാരിക്കുന്നു
സി.പി.എം വിടുന്നവരൊക്കെ ബി.ജെ.പിയിലേക്കാണല്ലോ?
അവരുടെ ആശയവും ബി.ജെ.പിയുടെ ആശയവും ഒരു ദിശയിലൂടെയാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ കുറേ വർഷമായി തിരുവനന്തപുരം മംഗലപുരം ഏരിയാ സെക്രട്ടറി മധു ബി.ജെ.പി പാളയത്തിലാണെന്നാണ് അവിടുത്തെ ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും പറഞ്ഞത്. ഇനി എത്രപേർ ഇതുപോലുണ്ട് എന്നുകൂടി പറഞ്ഞാൽ നന്നായിരുന്നു. സി.പി.എമ്മിനോട് അസംതൃപ്തിയുള്ള ഒരുപാടുപേർ കോൺഗ്രസിലേക്ക് വരുന്നുണ്ട്. ആ വരവ് തുടരും.
ജി.സുധാകരനെ കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ടോ?
ജി.സുധാകരൻ ഒരു കമ്യൂണിസ്റ്റ് നേതാവെന്നതിനപ്പുറം കേരളത്തിൽ എല്ലാവർക്കും ആദരണീയനായ നേതാവാണ്. കെ.സി. വേണുഗോപാൽ അദ്ദേഹത്തെ കണ്ടതിൽ രാഷ്ട്രീയമില്ല,തികച്ചും വ്യക്തിപരമാണ്. താനുമായും അടുത്ത സൗഹൃദം പുലർത്തുന്ന ആളാണ് സുധാകരൻ. ഇതുവരെ അദ്ദേഹത്തെ തങ്ങളാരും കോൺഗ്രസിലേക്ക് ക്ഷണിച്ചിട്ടില്ല. നാളത്തെ രാഷ്ട്രീയം നാളെ പറയേണ്ടതാണ്.
നവീൻബാബു കേസിൽ സി.പി.എം സി.ബി.ഐയെ ഭയക്കുന്നത്?
ആർക്കാണ് സംശയം. നവീൻബാബുവിന്റെ വീട്ടിൽ പോയി കുടുംബത്തിന് ഒപ്പമാണെന്ന് പറഞ്ഞ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയല്ലെ ദിവ്യയെ ക്ലീൻചീറ്റ് നൽകി സ്വീകരിച്ചത്. ദുരന്തത്തിനിരയായവരുടെ കുടുംബം ആവശ്യപ്പെട്ടാൽ സി.ബി.ഐ അടക്കം ഏതന്വേഷണത്തിനും സർക്കാർ തയ്യാറാവുന്നതാണ് ഉമ്മൻചാണ്ടിയുടെ കാലത്തടക്കം കേരളം കണ്ടത്. ഇവിടെ പക്ഷേ ദിവ്യ മിണ്ടിയാൽ അത് പലർക്കും നോവും. ഒരു പെട്രോൾ പമ്പാണ് എല്ലാറ്റിനും കാരണമായത്. ആർക്കുവേണ്ടിയാണ് പെട്രോൾ പമ്പ്,പ്രശാന്ത് ആരുടെ ബിനാമിയാണ്?. ദിവ്യ ആർക്കുവേണ്ടിയാണ് ക്ഷണിക്കാത്ത സദസിൽ സംസാരിച്ചത്.? എല്ലാം സി.ബി.ഐ അന്വേഷണ പരിധിയിൽ വരും. കളക്ടർ നൽകിയ മൊഴി കള്ളമാണ്. മരണം നടന്നപ്പോഴൊന്നും മൊഴി നൽകാത്ത കളക്ടർ മുഖ്യമന്ത്രിയെ കണ്ട ശേഷമാണ് മൊഴിമാറ്റിയത്. ചുരുക്കത്തിൽ ദിവ്യപേടിയാണ് സി.പി.എമ്മിനെ സി.ബി.ഐ അന്വേഷണത്തിൽ നിന്ന് പിറകോട്ടടിപ്പിക്കുന്നത്.
മാലപ്പടക്കം പോലെ കേരളത്തിലെ സഹകരണ മേഖല പൊട്ടുമെന്നാണ് താങ്കളുടെ ഭീഷണി?
ഭീഷണിയായി കാണരുത്. കരുവന്നൂരിൽ വൻ നിക്ഷേപക തട്ടിപ്പ് നടന്നപ്പോൾ നിക്ഷേപം പിൻവലിക്കാൻ കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടില്ല. കേരളത്തിലെ സഹകരണ മേഖല ഇവിടുത്തെ സാധാരണക്കാരന്റെ ജീവനാഡിയാണ്. പക്ഷേ,ആ ബോദ്ധ്യവും യാഥാർത്ഥ്യവുമില്ലാതെയാണ് സി.പി.എം കേരളത്തിൽ കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളെ പിടിക്കാനിറങ്ങിയത്. കള്ളവോട്ടും ആൾബലവും കൊണ്ട് അവർക്ക് ബാങ്കുകൾ പിടിക്കാൻ കഴിഞ്ഞേക്കും. എന്നാൽ അവിടെയൊക്കെയുള്ള 75 ശതമാനം നിക്ഷേപവും കോൺഗ്രസുകാരുടേതാണ്. സി.പി.എം സമീപനം തിരുത്തുകയും ചേവായൂർ ബാങ്കിലടക്കം ജനാധിപത്യ രീതിയിൽ തിരഞ്ഞെടുപ്പ് നടത്താൻ അനുവദിച്ചാലും മതി. അല്ലെങ്കിൽ കടന്നകൈക്ക് പാർട്ടിയും മുന്നണിയും പോകും.
Source link