മധുവിനെ സി.പി.എം പുറത്താക്കി: പിന്നാലെ ബി.ജെ.പിയിലേക്ക്

തിരുവനന്തപുരം: ഏരിയ സെക്രട്ടറി സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ജില്ലാ സെക്രട്ടറി വി.ജോയിക്കെതിരെ നിശിതവിമർശനം ഉന്നയിക്കുകയും ചെയ്ത സി.പി.എം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരിയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി. നിലവിൽ മംഗലപുരം ഏരിയാസമ്മേളനം തിരഞ്ഞെടുത്ത ഏരിയ കമ്മിറ്റി അംഗമായിരുന്നു.

പുറത്താക്കലിന് പിന്നാലെ, മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, എന്നിവരുടെ നേതൃത്വത്തിൽ മധുവിന്റെ വീട്ടിലെത്തി ബി.ജെ.പിയിലേക്ക് ക്ഷണിച്ചു. ഇന്ന് രാവിലെ 10.30 ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മധുവിന് പാർട്ടി അംഗത്വം നൽകും. കേന്ദ്ര മന്ത്രി സുരേഷ് ഗോപി മധുവിന്റെ വീട്ടിലെത്തി ഷാൾ അണിയിച്ചു. തിങ്കളാഴ്ച രാത്രി ബി.ജെ.പി നേതാക്കൾ മധുവിനെ ബന്ധപ്പെട്ട് ധാരണയിൽ എത്തിയിരുന്നു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായ മകനടക്കമാണ് മധു ബി.ജെ.പിയിൽ ചേരുന്നത്.

വി.ജോയി നിയമ

നടപടിക്ക്

അതേ സമയം, മധു ഉന്നയിച്ച സാമ്പത്തികവും സംഘടനാവിരുദ്ധവുമായ ആരോപണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയി എം.എൽ.എ പറഞ്ഞു. സി.പി.എം ഏരിയ സെക്രട്ടറിയായിരിക്കുമ്പോൾ തന്നെ ബി.ജെ.പിയുമായി മധു മുല്ലശ്ശേരിക്ക് അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു.

പാർട്ടി നേതാക്കന്മാർക്കെതിരെ വ്യക്തിഹത്യ നടത്തുകയാണ് മധു ചെയ്തത്.
പാർട്ടി മൂല്യങ്ങൾക്ക് അനുസരിച്ചുള്ള ജീവിത ശൈലിയല്ല അദ്ദേഹം തുടർന്നുവന്നിരുന്നത്. പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും പൊതുജനമദ്ധ്യത്തിൽ പാർട്ടിയെ അപകീർത്തിപ്പെടുത്തുകയും ചെയ്‌തുവെന്നും ജോയി പറഞ്ഞു.
കമ്മ്യൂണിസ്റ്റ് രീതി

മാറി: മധു
പഴയ കാലത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനമല്ല ഇപ്പോൾ നടക്കുന്നതെന്നും നേതാക്കളെ പൂട്ടിയിടുന്ന നിലയിലേക്ക് എത്തിയെന്നും മധു മുല്ലശേരി പറഞ്ഞു. ബി.ജെ.പിക്ക് വേരോട്ടമുണ്ടായ കാലഘട്ടത്തിലേക്ക് മാറി. സി.പി.എമ്മിൽ നേരിട്ട അവഗണനയാണ് താൻ ബി.ജെ.പിയിലെത്താൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.


Source link
Exit mobile version