ഇതാരണ്ടുപേർ മാത്രം സംസാരിക്കുന്ന ഭാഷ, മാദിഗ സംസാരിക്കാൻ നാരായണനും രാജപുത്രിയും മാത്രം
കെ. സുജിത് | Wednesday 04 December, 2024 | 4:31 AM
കണ്ണൂർ: കെ.പി.നാരായണൻ കുമ്മായത്തിനായി കക്ക നീറ്റുകയാണ്. നീറി നിറി ഭസ്മമാകുന്ന സ്വന്തം ഭാഷ മുറുകെ പിടിച്ചാണ് നില്പ്. വയസ് 87. കൂടെ മിണ്ടാനും പറയാനും സ്വന്തം ഭാഷ അറിയുന്ന ഒരാൾമാത്രം. സഹോദരന്റെ മകൾ 68 കാരി രാജപുത്രി. ”നാമികീ മാത്ര ഹോതിദന്തി”” ഇപ്പോൾ ആരും നമ്മുടെ ഭാഷ പറയുന്നില്ല. വിഷമത്തോടെ നാരായണൻ പറഞ്ഞു. സ്വന്തം മകളെപ്പോലെയാണ് നാരായണന് രാജപുത്രി. മാതാവിനെപ്പോലെയാണ് മാദിഗ ഭഷ. നൂറ്റാണ്ടുകൾക്കു മുമ്പ് കർണാടകയിൽ നിന്ന് ഉത്തര കേരളത്തിലേക്ക് കുടിയേറിയതാണ് ചക്ളിയ സമുദായം. അവർ സംസാരിച്ചിരുന്ന ഭാഷയാണ് മാദിഗ. നാരായണനും രാജപുത്രിയുമല്ലാതെ മറ്റാരുമില്ല ഈ ഭാഷ അറിയാവുന്നവരായി. ഇവരോടൊപ്പം ഈ ഭാഷയും ഇല്ലാതാവും. ഈ സമുദായത്തിൽ അവശേഷിക്കുന്നവരെല്ലാം പൂർണമായി മലയാളികളായി. കണ്ണൂരിലെ കരിവെള്ളൂർ ഗ്രാമപഞ്ചായത്തിലെ കൂക്കാനം വില്ലേജിലെ കെ.പി.നാരായണനും അദ്ദേഹത്തിന്റെ മൂത്ത സഹോദരന്റെ മകൾ രാജപുത്രിയും മാത്രം സ്വന്തം ഭാഷ കൈവിട്ടില്ല. ഉത്തരകേരളത്തിൽ കുമ്പളയും കാഞ്ഞങ്ങാടും കാസർകോടും കരിവെള്ളൂരും ചെറുവത്തൂരും കണ്ണൂരും വരെ മാദിഗ ഭാഷയുടെ വേരുകളുണ്ടായിരുന്നു.
കുമ്മായച്ചൂളയ്ക്കരികിൽ നിന്ന് നാരായണൻ എപ്പോഴും രാജപുത്രിയോട് മാദിഗ ഭാഷയിൽ സംസാരിക്കും. മറുപടി മലയാളത്തിലായാൽ നാരായണന് ദേഷ്യം വരും. കലഹത്തിനൊടുവിൽ അച്ഛനും മകളും വീണ്ടും മാതൃഭാഷയിലൂടെ സ്‌നേഹം കൈമാറും. മണ്ണിന്റെ അമ്ലാംശം അകറ്റുന്നതിനുള്ള കുമ്മായം തലച്ചുമടായി കൊണ്ടുനടന്ന് വിറ്റാണ് നാരായണൻ ജീവിക്കുന്നത്.
മാദിഗയ്ക്കില്ല ലിപിയും
ലിപിയില്ലാത്ത ഭാഷയാണ് കേരളത്തിൽ പിറന്ന മാദിഗ. പലായനം ചെയ്തുവന്ന ഗോത്രജനത മലയാളവുമായി കൂട്ടിക്കെട്ടി സൃഷ്ടിച്ചതാണിത്. തെലുങ്ക്, തുളു, കന്നട, മലയാളം എന്നിവയുടെ മിശ്രിതം. ഈ സങ്കരഭാഷ അറിയില്ലെങ്കിലും കന്നടക്കാർക്കും മലയാളികൾക്കും മനസ്സിലാക്കിയെടുക്കാൻ സാധിക്കും, കന്നടയുടെ പഴയ രൂപമായ ഹവ്യക കന്നടയാണ് മാദിഗയെ പ്രധാനമായും സ്വാധീനിച്ചത്. തിരുവെങ്കീട്ടാരമണയുടെയും മാരിയമ്മയുടെയും ഭക്തരാണ് ഇവർ. ക്ഷേത്രോത്സവത്തിന് മരിച്ചുപോയവരുടെ ആത്മാക്കൾ ഒരാളിൽ ആവേശിച്ച് മാദിഗ ഭാഷയിൽ സംസാരിക്കുന്ന ആചാരമുണ്ടായിരുന്നു.
”പണ്ട് മാദിഗയിലാണ് മിണ്ടിയിരുന്നത്. നമ്മ അയിത്തക്കാരല്ലേ? നമ്മോട് മറ്റുള്ളോരൊന്നും മിണ്ടൂല. ഇപ്പേ നാട്ടുകാരുമായി ഇടപെട്ട് നമ്മ ഭാഷയിലെ വാക്കുകളെല്ലാം മറന്നുപോയി.
-സി.സുശീല, സമുദായംഗം, നാരായണന്റെ അയൽവാസി
”പുതിയ തലമുറ അവരുടെ ഭാഷകൊണ്ട് തിരിച്ചറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല
-മുരളീധരൻ കരിവെള്ളൂർ (സാംസ്‌കാരിക പ്രവർത്തകൻ)
Source link