അച്ചോയിയോട് പറഞ്ഞു ക്രിസ്മസിന് കാണാം…
കോട്ടയം: ഓണസദ്യകഴിച്ച് ചിരിച്ചുല്ലസിച്ച് ക്രിസ്മസിന് കാണാമെന്ന ഉറപ്പും നൽകിയാണ് അച്ചോയിയോട് ദേവനന്ദൻ യാത്ര പറഞ്ഞിറങ്ങിയത്. എന്നാൽ, ക്രിസ്മസിനും ആഴ്ചകൾക്ക് മുന്നേ അന്ത്യനിദ്രയ്ക്കായി കുടുംബ വീട്ടിലെത്താനായിരുന്നു വിധി നിയോഗം. കൊച്ചുമകന്റെ അപ്രതീക്ഷിത വിയോഗത്തിൽ വിങ്ങുകയാണ് കോട്ടയം മറ്റക്കര അശ്വതിവിലാസത്തിൽ നാരായണപിള്ളയും ഭാര്യ തങ്കമ്മയും. ദേവനന്ദന് നാരായണപിള്ള അച്ചോയിയാണ്. തങ്കമ്മ അമ്മിണിയമ്മയും.
മലപ്പുറം തെന്നല എം.എ.എം യു.പി സ്കൂൾ അദ്ധ്യാപകനായ ബിനുരാജാണ് പിതാവ്. അമ്മ സെയിൽടാക്സ് ഉദ്യോഗസ്ഥയായ രഞ്ജിമോൾ.
മറ്റക്കരയിലെത്തിയാൽ അച്ചോയിക്കൊപ്പമാണ് ദേവനന്ദൻ. കഴിഞ്ഞ ഓണാഘോഷത്തിന്റെ ഓർമ്മകളാണ് നാരായണ പിള്ളയുടെ മനസ് നിറയെ. ഉത്രാടത്തിന് വന്ന് തിരുവോണത്തിന് സദ്യയുമുണ്ടായിരുന്നു മടക്കം. കുടുംബവീടിന് സമീപത്തെ തോട്ടിൽച്ചാടി ഒരുമിച്ച് കുളിച്ചതൊക്കെ വിവരിക്കുമ്പോൾ നാരായണപിള്ളയുടെ കണ്ണുകൾ തുളുമ്പി. ‘പഠിക്കാൻ മിടുക്കനായിരുന്നു. എൻട്രൻസിന് നല്ല റാങ്കുണ്ടായിരുന്നു. ഇവിടെ വന്നാൽ പഠിത്തത്തിൽ ഉഴപ്പുമെന്ന പേടി കാരണം എൻട്രൻസ് പഠനം പാലായിലെ ഹോസ്റ്റലിൽ നിന്നായിരുന്നു. അവസാനം വന്നപ്പോൾ ഡ്രിമ്മർ ഉപയോഗിച്ച് എന്റെ മുടിയും വെട്ടിത്തന്നാണ് പോയത്..’ നാരായണ പിള്ളയ്ക്ക് വാക്കുകൾ മുഴുമുപ്പിക്കാനായില്ല.
കരഞ്ഞു തളർന്നാണ് രഞ്ജിമോൾ ദേവനന്ദന്റെ മൃതദേഹത്തിനൊപ്പം മറ്റക്കരയിലെ കുടുംബവീട്ടിലെത്തിയത്. ബന്ധുക്കളേയേും കൂട്ടുകാരേയും കണ്ടപ്പോഴേയ്ക്കും വാവിട്ട് അലറിക്കരഞ്ഞു. പോണ്ടിച്ചേരിയിൽ മെഡിക്കൽ വിദ്യാർത്ഥിയായ മൂത്തമകൻ ദേവദത്തനെ കെട്ടിപ്പിടിച്ചു. മൃതദേഹത്തിനരികിൽ നിറമിഴികളോടെ അച്ഛൻ ബിനുരാജ്. അപകടത്തിന് മണിക്കൂറുകൾക്ക് മുന്നേ ദേവദത്തൻ അമ്മയുമായി സംസാരിച്ചിരുന്നു. മഴയാണെങ്കിൽ സിനിമയ്ക്ക് പോകേണ്ടെന്ന് പറഞ്ഞു. എന്നാൽ വിധികാത്തുവച്ചത് മറ്റൊന്നായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മറ്റക്കരയിലെ വീട്ടുവളപ്പിലാണ് സംസ്കാരം.
Source link